ADVERTISEMENT

ന്യൂയോർക്ക് ∙ അമേരിക്കയിലും കേരളത്തിലുമുള്ളവർക്ക് മുഖവുര ആവശ്യമില്ലാത്ത സംഘടനയാണ് ഫോമ (ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ്). പ്രതിസന്ധിഘട്ടങ്ങളിലും മലയാളികളുടെ മുന്നോട്ടുള്ള മികച്ച ജീവിതത്തിനും എന്നും കൈത്താങ്ങായി ഫോമയുണ്ടായിരുന്നു. വർഷങ്ങളായി നടത്തിവരുന്ന പ്രവർത്തനങ്ങളിലൂടെ ഫോമ മലയാളികളുടെ ഇടയിൽ ഏറെ ശ്രദ്ധനേടിക്കഴിഞ്ഞു. പുതിയ നേതൃത്വത്തിന്റെ കീഴിലും ഫോമ അവരുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ്. ഏറ്റവും ഒടുവിൽ ശനിയാഴ്ച കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ കനത്ത മഴയിലും ഉരുൾപ്പൊട്ടലിലും ദുരിതം അനുഭവിക്കുന്നവർക്ക് സഹായം എത്തിക്കുകയാണ് ഫോമ. ഇതുമായി ബന്ധപ്പെട്ട ഫണ്ട് റൈസിങ് ആരംഭിച്ചു കഴിഞ്ഞു.

fomaa-1

പ്രസിഡന്റ് അനിയൻ ജോർജിന്റെ നേതൃത്വത്തിൽ മികച്ച പ്രവർത്തനങ്ങളാണ് ഫോമ നടത്തുന്നത്. ഏറ്റവും ഒടുവിൽ ഈ മാസം 19 മുതൽ 14 ദിവസത്തിനുള്ളിൽ കേരളത്തിൽ ഇരുപത്തിരണ്ടോളം പദ്ധതികളാണ് ഫോമ നടത്താൻ പോകുന്നത്. അതിനായി പ്രസിഡന്റ് അനിയൻ ജോർജ് നേരിട്ട് കേരളത്തിലെത്തിയിരിക്കുകയാണ്. ഒപ്പം ഫോമ ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ, നാഷനൽ കമ്മിറ്റി അംഗം ജോസ് മലയിൽ, ജുഡീഷ്യൽ കൗൺസിൽ വൈസ് ചെയർമാൻ യോഹന്നാൻ ശങ്കരത്തിൽ, ഫോമ വില്ലേജ് കമ്മിറ്റി കോ ഓർഡിനേറ്റർ ജോസഫ് ഔസോ, ഫോമ വില്ലേജ് കമ്മറ്റി ചെയർമാൻ ജോസ് പുന്നൂസ്, കേരള കൺവെൻഷൻ ചെയർമാൻ ഡോ. ജേക്കബ് തോമസ് എന്നിവരുമുണ്ട്. ഫോമയുടെ തുടർ പദ്ധതികളെ കുറിച്ചും ഇതുവരെയുള്ള പ്രവർത്തനങ്ങളെ കുറിച്ചും പ്രസിഡന്റ് അനിയൻ ജോർജ് മനോരമ ഓൺലൈനോട് മനസ്സു തുറക്കുകയാണ്.

fomaa-help-1

14 ദിവസം 22 പദ്ധതികൾ
ഫോമ ഇതുവരെ നടത്തിയ പദ്ധതികൾ ജനങ്ങൾ നേരിട്ട് അനുഭവിച്ചതാണ്. കഷ്ടപ്പെടുന്ന ദുരിതം അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങൾക്കൊപ്പം എപ്പോഴും ഫോമയുണ്ടാകും. അതിന്റെ അടുത്ത ഘട്ടമായുള്ള പരിപാടിയാണ് 14 ദിവസത്തിനുള്ളിൽ ഫോമ നടപ്പിലാക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സഹായം ആവശ്യമുള്ളവർക്ക് അത് നേരിട്ട് എത്തിക്കുകയാണ്. 14 ദിവസത്തിനുള്ളിൽ 22 പരിപാടികളാണ് ഫോമയുടെ നേതൃത്വത്തിൽ കേരളത്തിൽ സംഘടിപ്പിക്കുന്നത്. കേരളപിറവി ആഘോഷത്തോടെ ഇത് സമാപിക്കും. എല്ലാം സാധാരണ ജനങ്ങൾക്ക് വലിയ സഹായം നൽകുന്നവയാണ്.

ഈ മാസം 19ന് രാവിലെ കോട്ടയം സെന്റ് അലോഷ്യസ് എൽപി സ്കൂളിൽ വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിന് വേണ്ട സഹായത്തിനായി രണ്ടു ലക്ഷം രൂപയുടെ സാധനങ്ങൾ നൽകിക്കൊണ്ടാണ് പദ്ധതികൾ തുടങ്ങുന്നത്. മന്ത്രി വി.എൻ. വാസവൻ മുഖ്യാതിഥിയായിരിക്കും. അന്നു തന്നെ ഉച്ചയ്ക്ക് രണ്ടു മണിക്ക് കോട്ടയം മെഡിക്കൽ കോളജിന് വെന്റിലേറ്റർ നൽകും. എട്ടു ലക്ഷം രൂപവരുന്ന വെന്റിലേറ്റർ ഡിട്രോയിഡിലെ കേരള ക്ലബാണ് സമ്മാനിക്കുന്നത്. ഏതാണ്ട് പതിമൂന്നോളം വെന്റിലേറ്ററുകളാണ് ഇതുവരെ ഫോമ കേരളത്തിൽ വിതരണം ചെയ്തിട്ടുള്ളത്. ആറ് വെന്റിലേറ്ററുകൾ ഉടൻ നൽകാനും പദ്ധതിയുണ്ട്.

മല്ലപ്പള്ളിയിലെ ഷാലോം കാരുണ്യ ഭവന് സംഭാവന, തിരുവല്ല താലൂക്ക് ആശുപത്രിക്ക് വെന്റിലേറ്റർ നൽകുക, കടപ്രയിലെ ഫോമ വില്ലേജ് സന്ദർശനം, പുതിയ വീട് വച്ചുനൽകാൻ സഹായം, ഇടുക്കിയിലെ ആശുപത്രിയിൽ വെന്റിലേറ്റർ നൽകൽ, ചികിൽസാ സഹായം തേടിയ തിരുവല്ലയിലെ പെൺകുട്ടിയെ സന്ദർശിക്കുക, ഏതാണ്ട് 60 ലക്ഷം രൂപയാണ് ഇവരുടെ ചികിൽസയ്ക്ക് ഫോമ നൽകിയത് എന്നിവ അടുത്ത ദിവസങ്ങളിൽ നടക്കും.

aniyan-george1

അന്തരിച്ച റിയാലിറ്റി ഷോ താരം സോമദാസിന്റെ മക്കളുടെ വിദ്യാഭ്യാസത്തിനുള്ള ഫണ്ട് കൈമാറൽ, വിവിധ വിദ്യാലയങ്ങൾക്കും സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ധനസഹായം, പത്തനാപുരത്തെ ഫോമ വില്ലേജുമായി ബന്ധപ്പെട്ട തറക്കല്ലിടൽ ചടങ്ങ് തുടങ്ങി നിരവധി പരിപാടികളാണ് 14 ദിവസം കൊണ്ട് നടപ്പിലാക്കുന്നത്. മന്ത്രിമാർ എംഎൽഎമാർ കലക്ടർമാർ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവർ പരിപാടികളിൽ സംബന്ധിക്കും.

ഫോമ എന്നും വ്യത്യസ്തം
2008ൽ രൂപീകൃതമായ പ്രവാസി മലയാളി സംഘടനയാണ് ഫോമ. അന്ന് ജനറൽ സെക്രട്ടറിയായിരുന്ന ഞാൻ 12 വർഷത്തിനു ശേഷമാണ് പ്രസിഡന്റാകുന്നത്. ഇതിൽ നിന്നും തന്നെ ഒരു കാര്യം വ്യക്തമാണ് ഏതാനും വ്യക്തികളിൽ മാത്രം ഒതുങ്ങാതെ എല്ലാവർക്കും അവസരം നൽകുന്നുവെന്നതാണ്. ഈ കാര്യം തന്നെയാണ് മറ്റു സംഘടനകളിൽ നിന്നും ഫോമയെ വ്യത്യസ്തമാക്കുന്നത്. ‍വിമൻസ് ഫോറം, യൂത്ത് ഫോറം, സീനിയർ ഫോറം, അഡ്‍വൈസറി കൗൺസിൽ, ജുഡീഷ്യൽ കൗൺസിൽ, കംപ്ലയിന്റ്സ് കൗണിൽ തുടങ്ങി നിരവധി കമ്മിറ്റികൾ ഉള്ള വളരെ ബൃഹത്തായ സംഘടനയാണ് ഫോമ. കലിഫോർണിയ മുതൽ കാനഡവരെ ഏതാണ്ട് എൺപതോളം ഓർഗനൈസേഷനുണ്ട്.

fomaa-help-2

ജനങ്ങളുടെ ഇടയിൽ പ്രവർത്തിച്ച് ജനങ്ങളിലേക്ക് ഇറങ്ങിചെല്ലാൻ ഫോമയ്ക്ക് സാധിച്ചു. ഹെൽപ്പിങ് ഹാൻഡ്സ് എന്ന േപരിൽ ആരംഭിച്ച പദ്ധതി വളരെ മികച്ച അഭിപ്രായം നേടി മുന്നേറുന്നു. ക്രൗഡ് ഫണ്ടിങ്ങിലൂടെ ആളുകൾക്ക് സഹായം എത്തിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഹെൽപിങ് ഹാന്റിന്റെ ആരംഭ കാലം മുതൽ നിരാലംബരും, നിരാശ്രയരുമായവരെ ചേർത്ത് നിർത്തിയും, കാരുണ്യത്തിന്റെ സാന്ത്വന സ്പർശം നൽകിയും ഫോമാ ഹെൽപ്പിങ് ഹാൻഡ് വേറിട്ട് നിൽക്കുന്നു. ഒരു മാസം നാലു കേസുകളാണ് ചെയ്യുന്നത്. കേരളത്തിൽ നിന്നും നിരവധി അപേക്ഷകളാണ് ലഭിക്കുന്നത്. മെഡിക്കൽ സഹായം, വിദ്യാഭ്യാസ സഹായം മറ്റു അത്യാഹിതങ്ങൾ എന്നിവയ്ക്കാണ് ഈ ഫണ്ട് ഉപയോഗിക്കുന്നത്.

fomaa-4

സമൂഹത്തിന് സഹായവുമായി ഫോമ
ഫോമയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറെ പ്രശസ്തമാണ്. തിരുവനന്തപുരം ക്യാൻസർ സെന്ററിൽ കുട്ടികൾക്കായി ഒരു വാർഡ് തന്നെ ഫോമ പണിതു നൽകിയിരുന്നു. 2018ൽ കേരളം പ്രളയത്തിൽ മുങ്ങിയപ്പോൾ ആദ്യാവസാനം സഹായ ഹസ്തവുമായി ഫോമയുണ്ടായിരുന്നു. കടപ്രായിലും നിലമ്പൂരും പറവൂരുമെല്ലാം നിരവധി പേർക്ക് വീടുകൾ വച്ചു നൽകി. ഫോമ വില്ലേജ് എന്ന പേരിൽ കടപ്രയിൽ 36 വീടുകൾ നിർമിച്ചത് സംസ്ഥാന സർക്കാരിനുപോലും മാതൃകയായ പദ്ധതിയായിരുന്നു. ഇനിയൊരു പ്രളയം വന്നാലും വെള്ളം കയറാത്ത നിലയിലാണ് ഈ വീടുകൾ പണികഴിപ്പിച്ചത്. കേവലം വീടുകൾ നിർമ്മിച്ചു നൽകി അവരെ ഉപേക്ഷിക്കാതെ കാര്യങ്ങളിൽ ഇടപെടുകയും പിന്നീടു വേണ്ട സഹായങ്ങൾ എത്തിക്കാനും ഫോമ മറന്നില്ല.

fomaa-region

കോവിഡ് കാലത്തും ഫോമയുടെ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. കോവിഡിന്റെ ആദ്യതരംഗത്തിൽ അമേരിക്കയിൽ സന്ദർശക വീസയിൽ എത്തിയവർക്കും വിദ്യാർഥികൾക്കും മറ്റും ഫോമ വലിയ സഹായമാണ് എത്തിച്ചിരുന്നത്. ഇവർക്ക് നാട്ടിലേക്ക് മടങ്ങാൻ വിവിധ കോൺസുലേറ്റുകളുമായും വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടു. നൂറുകണക്കിന് മലയാളികൾക്കാണ് ഫോമ അന്ന് വലിയ സഹായമായത്. ഗുരുതരാവസ്ഥയിലുള്ള പലർക്കും ഫോമ സഹായം എത്തിച്ചു.

helping-hands-fomaa

കുട്ടികൾക്ക് വേണ്ട നിരവധി സഹായവും ഫോമ ചെയ്യുകയുണ്ടായി. കോവിഡ് സമയത്ത് സംഘർഷം കുറയ്ക്കാൻ യോഗ ക്ലാസുകൾ, സാന്ത്വന സംഗീതം എന്ന പേരിൽ എല്ലാ ഞായറാഴ്ചകളിലും സംഗീത പരിപാടി സംഘടിപ്പിക്കുന്നു. ഏതാണ്ട് 76 ആഴ്ചയായി ഇത് മുടങ്ങാതെ ഫോമയുടെ നേതൃത്വത്തിൽ നടക്കുന്നു. അമേരിക്കയിലെ കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇതിൽ പങ്കാളികളാകുന്നു. വലിയ വിജയമാണ് ഈ പരിപാടി. ക്വിസ് മൽസരം, ഉപന്യാസ മൽസരം തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

വുമൺസ് ഫോറത്തിന്റെ നേതൃത്വത്തിൽ രണ്ട് പരിപാടികളാണ് പ്രധാനമായും ഇപ്പോൾ നടക്കുന്നത്. കേരളത്തിലെ വിധവകളായ സ്ത്രീകളുടെ പഠിക്കുന്ന മക്കൾക്ക് വിദ്യാഭ്യാസത്തിനായി 1000 ഡോളർ വീതം 100 പേർക്ക് നൽകുന്ന പദ്ധതി പ്രധാനമാണ്. കൂടാതെ മയൂഖം എന്ന പേരിൽ ഒരു ബ്യൂട്ടി പേജും നടത്തുന്നു. യുവാക്കളുമായി ബന്ധപ്പെട്ട് വിവിധ സെമിനാറുകളും കോളജുകളുമായി ബന്ധപ്പെട്ടും വിവിധ പരിപാടികൾ ഫോമയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു.

fomaa-village-2

കേരളത്തെ ചേർത്തു പിടിച്ച് മുന്നോട്ട്
അമേരിക്കയുടെ സമസ്ത മേഖലകളിലും സഹായവുമായി ഫോമ എത്തുമ്പോഴും ഒരിക്കൽ പോലും കേരളത്തെ വിട്ടുപോകുന്നില്ല എന്നതാണ് പ്രധാനപ്പെട്ട കാര്യം. കേരളത്തെ നെഞ്ചോട് ചേർത്തുപിടിച്ചാണ് ഫോമയുടെ ഓരോ പ്രവർത്തനങ്ങളും. ഏറ്റവും ഒടുവിൽ കോവിഡ് കേരളത്തിലും വലിയ ആശങ്ക വിതച്ചപ്പോൾ സഹായവുമായി ഫോമ സജീവമായി രംഗത്തുണ്ടായിരുന്നു. കേരളത്തിന് ആ സമയത്ത് ഏറ്റവും ആവശ്യമുണ്ടെന്ന് തോന്നിയ കാര്യങ്ങൾ ഫോമ എത്തിക്കുകയും ചെയ്തു.

fomaa-condolence-meeting

വിവിധ ഡോക്ടർമാർ, നോർക്ക ഉദ്യോഗസ്ഥർ എന്നിവരുമായി ബന്ധപ്പെട്ട് അത്യാവശ്യമുള്ള കാര്യങ്ങൾ മനസിലാക്കി. വെന്റിലേറ്ററുകളായിരുന്നു അന്ന് പ്രധാനമായും വേണ്ടിയിരുന്നത്. 13 വെന്റിലേറ്ററുകൾ ഉടൻ തന്നെ ഫോമയുടെ നേതൃത്വത്തിൽ കേരളത്തിൽ എത്തിച്ചു. കൂടാതെ ഒരു കണ്ടൈനർ നിറയെ സാനിറ്റൈസർ, ഗ്ലൗസ്, മറ്റു മെഡിക്കൽ ഉപകരണങ്ങൾ എന്നിവയും കേരളത്തിൽ എത്തിച്ച് ഫോമ മാതൃകയായി.

fomaa-2

ഇതിനുശേഷമാണ് വിദ്യാർഥികൾക്ക് ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട് പല സഹായങ്ങളും വേണമെന്ന ആവശ്യം ഉയർന്നത്. ടിവി, ഫോൺ തുടങ്ങി നിരവധി സഹായം എത്തിച്ചു. അരൂർ നിയമസഭാ മണ്ഡലത്തിൽ മാത്രം നൂറോളം ഫോൺ വിതരണം ചെയ്തു. ഇനിയും ഇത്തരം പ്രവർത്തനങ്ങൾ തുടരും.

fomaa-covid-help-to-kerala

മറ്റൊരു പ്രധാന കാര്യം ഓണസമയത്ത് ആഘോഷമില്ലാത്തതിനെ തുടർന്ന് ബാലരാമപുരത്ത് നെയ്ത്തു തൊഴിലാളികളുടെ കസവുമുണ്ടുകളും സാരികളും കെട്ടികിടന്നപ്പോൾ ആയിരത്തി ഇരുന്നൂറോളം സാരിയും മുണ്ടും വാങ്ങി പത്തനാപുരത്തെ ഗാന്ധിഭവനിലുള്ളവർക്ക് സമ്മാനമായി നൽകി. അവർക്ക് ഓണ സദ്യ നൽകുകയും ചെയ്തു.

മുന്നിൽ നിരവധി പദ്ധതികൾ
മികച്ചൊരു ടീമുമായാണ് ഞങ്ങൾ മുന്നോട്ട് പോകുന്നത്. എനിക്കു പുറമേ ഫോമാ ദേശീയ നിർവ്വാഹക സമിതി അംഗങ്ങളായ ടി. ഉണ്ണികൃഷ്‌ണൻ (ജനറൽ സെക്രട്ടറി), തോമസ് ടി ഉമ്മൻ (ട്രഷറർ), പ്രദീപ് നായർ (വൈസ് പ്രസിഡന്റ്), ജോസ് മണക്കാട്ട് (ജോയിന്റ് സെക്രട്ടറി), ബിജു തോണിക്കടവിൽ (ജോയിന്റ് ട്രഷറർ) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ പദ്ധതികളാണ് ഫോമ നടപ്പിലാക്കുന്നത്. ഇനിയും നിരവധി കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്.

fomaa-3

എട്ട് വെന്റിലേറ്ററുകൾ കൂടെ കേരളത്തിന് നൽകാനാണ് ഉദ്ദേശിക്കുന്നത്. നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ ഫോമയുടെ ഈ സഹായം കൊണ്ടു സാധിച്ചുവെന്നത് വലിയ അനുഗ്രഹമായി കാണുന്നു. എട്ട് വെന്റിലേറ്ററുകളിൽ ആറെണ്ണം ഉടൻ തന്നെ നൽകും. തിരുവല്ല താലൂക്ക് ആശുപത്രി (ജോ കുര്യൻ, ഫ്ലോറിഡ, കോട്ടയം മെഡിക്കൽ കോളജ് (കേരള ക്ലബ് ഡിട്രോയിറ്റ്), എറണാകുളം ജില്ലാ ആശുപത്രി (കല, ഫിലഡൽഫിയ), ഇടുക്കി മെഡിക്കൽ കോളജ് (സർഗം, കലിഫോർണിയ), കാസർകോട് താലൂക്ക് ആശുപത്രി (അരിസോണ മലയാളി അസോസിയേഷൻ), അലപ്പുഴ മെഡിക്കൽ കോളജ് (കേരള അസോസിയേഷൻ ഓഫ് വാഷിങ്ടൻ) എന്നിവിടങ്ങളിലാണ് അടിയന്തരമായി വെന്റിലേറ്ററുകൾ നൽകുന്നത്.

വിവിധ രീതിയിലുള്ള ധനസഹായങ്ങളും നടക്കുന്നു. ഫോമയുടെ സ്വപ്ന പദ്ധതിയായ പത്തനാപുരത്തെ ഫോമ വില്ലേജിന്റെ തറക്കല്ലിടലും ഇത്തവണ നടക്കും. 31നാണ് ഈ പരിപാടി. 16 വീടുകളാണ് ഇവിടെ ഫോമ നിർമിച്ച് നൽകുക. മന്ത്രി ബാലഗോപാലാണ് തറക്കല്ലിടുന്നത്. മറ്റൊരു പ്രധാന പരിപാടി ഫോമയുടെ ഏഴാമത് ഇന്റർനാഷനൽ കൺവെൻഷനാണ്. മെക്സിക്കോയിലെ ക്യാൻപൂർ എന്ന സ്ഥലത്താണ് പരിപാടി. 2022 സെപ്റ്റംബർ 2 മുതൽ അഞ്ചുവരെയാണ് ഇത് നടക്കുക. മേയ് മാസത്തിൽ ഫോമ നിർമിക്കുന്ന വീടുകളുടെ താക്കോൽ ദാനവും 100 കുട്ടികൾക്ക് 1000 ഡോളർ വച്ചുള്ള പദ്ധതിയും ഫോമയുടെ ബിസിനസ് മീറ്റും കേരള കൺവെൻഷൻ എന്നിവയും നടക്കും.

fomaa-committee

മുഖ്യമന്ത്രി ഉൾപ്പെടെയുടെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഫോമയ്ക്ക് ഒപ്പമുണ്ട്. ഫോമ അവർക്കൊപ്പവും. സമൂഹത്തിന്റെ ഉയർച്ചയ്ക്കും പുരോഗതിക്കും ജനങ്ങളുടെ ഉന്നമനവും ലക്ഷ്യമിട്ട് ഫോമയുടെ യാത്ര മുന്നോട്ട് പോവുകയാണ്. ഫോമയുടെ കീഴിൽ ഏതാണ്ട് ആറു ലക്ഷത്തോളം ആളുകളാണ് ഉള്ളത്. എന്തു സഹായത്തിനും വലിയൊരു സംഘം ഉണ്ട്. കേരളത്തിൽ വേദനിക്കുന്നവരുടെ കഷ്ടപ്പെടുന്നവരുടെ ഒപ്പം എപ്പോഴും ഫോമയുണ്ടാകുമെന്ന് ഉറപ്പിച്ചു പറയട്ടേ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com