ADVERTISEMENT

കോട്ടയം ∙ പ്രതിസന്ധിഘട്ടങ്ങളിലും മലയാളികളുടെ മുന്നോട്ടുള്ള മികച്ച ജീവിതത്തിനും കൈത്താങ്ങായി ഫോമ (ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ്) എന്നും കേരളത്തിനൊപ്പം ഉണ്ടാകുമെന്ന് ഭാരവാഹികൾ. പുതിയ നേതൃത്വവും സജീവമായ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവുകയാണെന്ന് പ്രസിഡന്റ് അനിയൻ ജോർജും മറ്റു ഭാരവാഹികളും കോട്ടയത്ത് നടന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംഘടനയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾ വിശദീകരിക്കുകയായിരുന്നു സംഘം.

ദേശീയ നിർവ്വാഹക സമിതി അംഗങ്ങളായ അനിയൻ ജോർജ് (പ്രസിഡന്റ്), ടി. ഉണ്ണികൃഷ്‌ണൻ (ജനറൽ സെക്രട്ടറി), തോമസ് ടി ഉമ്മൻ (ട്രഷറർ), പ്രദീപ് നായർ (വൈസ് പ്രസിഡന്റ്), ജോസ് മണക്കാട്ട് (ജോയിന്റ് സെക്രട്ടറി), ബിജു തോണിക്കടവിൽ (ജോയിന്റ് ട്രഷറർ) എന്നിവരാണ് ഫോമയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്. ശനിയാഴ്ച കേരളത്തിലുണ്ടായ മഴക്കെടുതിയിൽ സഹായമെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞുവെന്നും ഭാരവാഹികൾ പറഞ്ഞു.

14 ദിവസം 22 പദ്ധതികൾ

ഫോമ ഇതുവരെ നടത്തിയ പദ്ധതികൾ ജനങ്ങൾ നേരിട്ട് അനുഭവിച്ചതാണ്. ദുരിതം അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങൾക്കൊപ്പം എപ്പോഴും ഫോമയുണ്ടാകും. അതിന്റെ അടുത്ത ഘട്ടമായുള്ള പരിപാടിയാണ് 14 ദിവസത്തിനുള്ളിൽ ഫോമ നടപ്പിലാക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സഹായം ആവശ്യമുള്ളവർക്ക് അത് നേരിട്ട് എത്തിക്കുകയാണ്. ഈ മാസം 19 മുതൽ നവംബർ ഒന്നുവരെയുള്ള സമയത്തിനുള്ളിൽ 22 പരിപാടികളാണ് ഫോമയുടെ നേതൃത്വത്തിൽ കേരളത്തിൽ സംഘടിപ്പിക്കുന്നത്.

fomaa-condolence-meeting

ഈ മാസം 19ന് രാവിലെ കോട്ടയം സെന്റ് അലോഷ്യസ് എൽപി സ്കൂളിൽ വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിന് വേണ്ട സഹായത്തിനായി രണ്ടു ലക്ഷം രൂപയുടെ സാധനങ്ങൾ നൽകിക്കൊണ്ടാണ് പദ്ധതികൾ തുടങ്ങിയത്. മന്ത്രി വി.എൻ. വാസവൻ മുഖ്യാതിഥിയായിരുന്നു. അന്നു തന്നെ ഉച്ചയ്ക്ക് രണ്ടു മണിക്ക് കോട്ടയം മെഡിക്കൽ കോളജിന് വെന്റിലേറ്റർ നൽകും. എട്ടു ലക്ഷം രൂപവരുന്ന വെന്റിലേറ്റർ ഡിട്രോയിഡിലെ കേരള ക്ലബാണ് സമ്മാനിക്കുന്നത്. ഏതാണ്ട് പതിമൂന്നോളം വെന്റിലേറ്ററുകളാണ് ഇതുവരെ ഫോമ കേരളത്തിൽ വിതരണം ചെയ്തിട്ടുള്ളത്. എട്ട് വെന്റിലേറ്ററുകൾ കൂടെ കേരളത്തിന് നൽകാനാണ് സംഘടന ഉദ്ദേശിക്കുന്നത്. ഇതിൽ ആറെണ്ണം ഉടൻ തന്നെ നൽകും. തിരുവല്ല താലൂക്ക് ആശുപത്രി (ജോ കുര്യൻ, ഫ്ലോറിഡ), എറണാകുളം ജില്ലാ ആശുപത്രി (കല, ഫിലഡൽഫിയ), ഇടുക്കി മെഡിക്കൽ കോളജ് (സർഗം, കലിഫോർണിയ), കാസർകോട് താലൂക്ക് ആശുപത്രി (അരിസോണ മലയാളി അസോസിയേഷൻ), അലപ്പുഴ മെഡിക്കൽ കോളജ് (കേരള അസോസിയേഷൻ ഓഫ് വാഷിങ്ടൻ) എന്നിവിടങ്ങളിലാണ് അടിയന്തരമായി വെന്റിലേറ്ററുകൾ നൽകുന്നത്.

മല്ലപ്പള്ളിയിലെ ഷാലോം കാരുണ്യ ഭവന് സംഭാവന, കടപ്രയിലെ ഫോമ വില്ലേജ് സന്ദർശനം, പുതിയ വീട് വച്ചുനൽകാൻ സഹായം, ചികിൽസാ സഹായം തേടിയ തിരുവല്ലയിലെ പെൺകുട്ടിയെ സന്ദർശിക്കുക, ഏതാണ്ട് 60 ലക്ഷം രൂപയാണ് ഇവരുടെ ചികിൽസയ്ക്ക് ഫോമ നൽകിയത് എന്നിവ അടുത്ത ദിവസങ്ങളിൽ നടക്കും. അന്തരിച്ച റിയാലിറ്റി ഷോ താരം സോമദാസിന്റെ മക്കളുടെ വിദ്യാഭ്യാസത്തിനുള്ള ഫണ്ട് കൈമാറൽ, വിവിധ വിദ്യാലയങ്ങൾക്കും സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ധനസഹായം, പത്തനാപുരത്തെ ഫോമ വില്ലേജുമായി ബന്ധപ്പെട്ട തറക്കല്ലിടൽ ചടങ്ങ് തുടങ്ങി നിരവധി പരിപാടികളാണ് 14 ദിവസം കൊണ്ട് നടപ്പിലാക്കുന്നത്. 26ന് മാജിക് പ്ലാനറ്റ് സന്ദർശിക്കും. ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയാകും. അന്നു തന്നെ വൈകിട്ട് വിദ്യാകിരൺ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ചയും നടത്തും. മന്ത്രിമാർ എംഎൽഎമാർ കലക്ടർമാർ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവർ പരിപാടികളിൽ സംബന്ധിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഫോമ എന്നും ജനങ്ങൾക്കൊപ്പം

2008ൽ രൂപീകൃതമായ പ്രവാസി മലയാളി സംഘടനയാണ് ഫോമ. ഏതാനും വ്യക്തികളിൽ മാത്രം ഒതുങ്ങാതെ എല്ലാവർക്കും അവസരം നൽകുന്നുവെന്നതാണ് മറ്റു സംഘടനകളിൽ നിന്നും ഫോമയെ വ്യത്യസ്തമാക്കുന്നത്. ‍കലിഫോർണിയ മുതൽ കാനഡവരെ ഏതാണ്ട് എൺപതോളം ഓർഗനൈസേഷനുണ്ട്. 

ഫോമയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറെ പ്രശസ്തമാണ്. തിരുവനന്തപുരം ക്യാൻസർ സെന്ററിൽ കുട്ടികൾക്കായി ഒരു വാർഡ് തന്നെ ഫോമ പണിതു നൽകിയിരുന്നു. 2018ൽ കേരളം പ്രളയത്തിൽ മുങ്ങിയപ്പോൾ ആദ്യാവസാനം സഹായ ഹസ്തവുമായി ഫോമയുണ്ടായിരുന്നു. കടപ്രായിലും നിലമ്പൂരും പറവൂരുമെല്ലാം നിരവധി പേർക്ക് വീടുകൾ വച്ചു നൽകി. ഫോമ വില്ലേജ് എന്ന പേരിൽ കടപ്രയിൽ 36 വീടുകൾ നിർമിച്ചത് സംസ്ഥാന സർക്കാരിനുപോലും മാതൃകയായ പദ്ധതിയായിരുന്നു. ഇനിയൊരു പ്രളയം വന്നാലും വെള്ളം കയറാത്ത നിലയിലാണ് ഈ വീടുകൾ പണികഴിപ്പിച്ചത്. 

fomaa-programs

കോവിഡ് കാലത്തും ഫോമയുടെ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. നൂറുകണക്കിന് അമേരിക്കൻ മലയാളികൾക്കാണ് ഫോമ അന്ന് വലിയ സഹായമായത്. ഗുരുതരാവസ്ഥയിലുള്ള പലർക്കും ഫോമ സഹായം എത്തിച്ചു. അമേരിക്കയുടെ സമസ്ത മേഖലകളിലും സഹായവുമായി ഫോമ എത്തുമ്പോഴും ഒരിക്കൽ പോലും കേരളത്തെ വിട്ടുപോകുന്നില്ല എന്നതാണ് പ്രധാനപ്പെട്ട കാര്യമെന്നും ഭാരവാഹികൾ ഓർമിപ്പിച്ചു.

ഏറ്റവും ഒടുവിൽ കോവിഡ് കേരളത്തിലും വലിയ ആശങ്ക വിതച്ചപ്പോൾ സഹായവുമായി ഫോമ സജീവമായി രംഗത്തുണ്ടായിരുന്നു. വെന്റിലേറ്ററുകളായിരുന്നു അന്ന് പ്രധാനമായും വേണ്ടിയിരുന്നത്. 13 വെന്റിലേറ്ററുകൾ ഉടൻ തന്നെ ഫോമയുടെ നേതൃത്വത്തിൽ കേരളത്തിൽ എത്തിച്ചു. കൂടാതെ ഒരു കണ്ടൈനർ നിറയെ സാനിറ്റൈസർ, ഗ്ലൗസ്, മറ്റു മെഡിക്കൽ ഉപകരണങ്ങൾ എന്നിവയും കേരളത്തിൽ എത്തിച്ച് ഫോമ മാതൃകയായി. 

ഇതിനുശേഷമാണ് വിദ്യാർഥികൾക്ക് ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട് പല സഹായങ്ങളും വേണമെന്ന ആവശ്യം ഉയർന്നത്. ടിവി, ഫോൺ തുടങ്ങി നിരവധി സഹായം എത്തിച്ചു. അരൂർ നിയമസഭാ മണ്ഡലത്തിൽ മാത്രം നൂറോളം ഫോൺ വിതരണം ചെയ്തു. ഇനിയും ഇത്തരം പ്രവർത്തനങ്ങൾ തുടരും. ഫോമയുടെ സ്വപ്ന പദ്ധതിയായ പത്തനാപുരത്തെ ഫോമ വില്ലേജിന്റെ തറക്കല്ലിടലും ഉടൻ നടക്കും. ഒക്ടോബർ 31നാണ് പരിപാടി. 16 വീടുകളാണ് ഇവിടെ ഫോമ നിർമിച്ച് നൽകുക. മന്ത്രി ബാലഗോപാലാണ് തറക്കല്ലിടുന്നത്. ജനങ്ങൾക്ക് ഗുണം ചെയ്യുന്ന സഹായം എത്തിക്കുന്ന പദ്ധതികളുമായി ഫോമ മുന്നോട്ടു തന്നെ പോകുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com