ADVERTISEMENT

ന്യൂജഴ്‌സി ∙ സോമർസെറ്റ്‌ സെന്റ് തോമസ്‌ സിറോ മലബാർ കാത്തോലിക് ഫോറോന ദേവാലയ വികാരി  റവ.ഫാ. ടോണി പുല്ലുകാട്ടിന്റെ  പൗരോഹിത്യത്തിനു 25 വർഷം. തന്റെ നിയോഗം തിരിച്ചറിഞ്ഞ അദ്ദേഹം ജീവിതത്തെ അതിനായി പാകപ്പെടുത്തിയപ്പോള്‍ വിശ്വാസികള്‍ക്ക് ലഭിച്ചത് ലാളിത്യവും എളിമയും സേവനതല്‍പരതയും കൊണ്ട്  മനസ്സ് കീഴടക്കിയ ഫാദര്‍ ആന്റണി പുല്ലുകാട്ട് എന്ന പ്രിയപ്പെട്ട ടോണി അച്ചനെയാണ്.

പൗരോഹിത്യ ജീവിതത്തില്‍ കാല്‍നൂറ്റാണ്ട് പിന്നിടുന്ന ടോണി അച്ചന്‍ ന്യൂജഴ്‌സിയിലെ സോമര്‍സെറ്റ് സെന്റ്  തോമസ് സിറോ മലബാര്‍ കാത്തോലിക് ഫോറോന ദേവാലയത്തിലെ ഇടവകാംഗങ്ങള്‍ക്ക് സ്‌നേഹത്തിന്റെയും നേതൃപാടവത്തിന്റേയും മകുടോദാഹരണമാണ്.  ചങ്ങനാശേരി ചീരഞ്ചിറ പുല്ലുകാട്ട് സേവ്യറിന്റെയും, മറിയാമ്മയുടെയും എട്ടു മക്കളില്‍ ആറാമനായി 1970, നവംബര്‍ 7 നാണ് ആന്റണി സേവ്യറിന്റെ ജനനം.

 കുടുംബത്തിൽനിന്നു ലഭിച്ച പൈതൃകവും, മാനവിക മൂല്യങ്ങളും ദൈവിക ചിന്തയിൽ വളരുന്നതിനും തന്‍റെ ദൈവവിളി തിരഞ്ഞെടുക്കുന്നതിനും ടോണിയച്ചനെ ഏറെ സഹായിച്ചു. വേരൂര്‍ സെൻറ്‌ മേരീസ് എല്‍പി സ്‌കൂള്‍ ചങ്ങനാശ്ശേരി എസ്ബി ഹൈസ്‌കൂള്‍, ചങ്ങനാശേരി എസ്ബി കോളജ് എന്നിവിടങ്ങളിലായരുന്നു പഠനം. 1988-ല്‍ കുറിച്ചി സെൻറ്‌ തോമസ് മൈനര്‍ സെമിനാരിയില്‍ വൈദീക പഠനം ആരംഭിച്ചു.  

 

 മാര്‍.ജോസഫ് പൗവ്വത്തില്‍ നിന്നും 1998 ഏപ്രിൽ 14-ന് വൈദിക പട്ടം സ്വീകരിച്ച ടോണി അച്ചന്‍ ചങ്ങനാശ്ശേരി സെൻറ്‌ മേരീസ് ദേവാലയത്തില്‍ ആണ് ആദ്യം സഹവികാരിയായി നിയമിതനാകുന്നത്. തുടര്‍ന്ന് കുറുമ്പനാടം സെൻറ്‌ ആന്റണീസ് പള്ളിയിലും (1999-2000), തോട്ടയ്ക്കാട് സെൻറ്‌ ജോര്‍ജ് പള്ളിയിലും സഹവികാരിയായി പ്രവര്‍ത്തിച്ച ശേഷം, ആലപ്പുഴ ജില്ലയിലെ കണ്ടങ്കരി സെന്റ് ജോസഫ് പള്ളിയിലാണ് ആദ്യമായി വികാരിച്ചനാകുന്നത്. 

2008-ല്‍ അമേരിക്കയിലെ അലബാമയിലുള്ള മൊബൈല്‍ അതിരൂപതയില്‍ സഹവികാരിയായി അജപാലന ശുശ്രൂഷ ആരംഭിച്ചു. ബോസ്റ്റണിലെ സെൻറ്‌ തോമസ് സിറോ മലബാര്‍ കത്തോലിക്കാ ദേവലയത്തില്‍ 2017 ഫെബ്രുവരി 5-ന് വികാരിയായി ചുമതലയേറ്റ ഫാദര്‍ ആൻ്റണി പുല്ലുകാട്ട് പെട്ടന്നാണ് ഇടവക വിശ്വാസികളുടെ പ്രിയപ്പെട്ട ടോണി അച്ചനായി മാറിയത്. തന്റെ മുന്നിലെത്തിയ എല്ലാവരേയും ഒരു പുഞ്ചിരിയോടെ സ്വീകരിച്ച അദ്ദേഹം ഇടവകനിവാസികളുടെ സ്‌നേഹവും ആദരവും നേടിയെടുത്തത് ചുരുങ്ങിയ കാലം കൊണ്ടായിരുന്നു. ഇടവക നിവാസികള്‍ക്കെല്ലാം അദ്ദേഹം ഒരു അനുഗ്രഹീത സാന്നിധ്യമായി നിലകൊണ്ടു. ഇടവക നിവാസികള്‍ അച്ചന്റെ നേതൃപാടവം ഏറ്റവുമധികം മനസ്സിലാക്കിയത് കോവിഡ് മഹാമാരി പടര്‍ന്നുപിടിച്ച കാലത്തായിരുന്നു. 2020 നവംബർ 28-ന് ന്യൂജഴ്സിയിലെ സോമർസെറ്റ് സെൻറ് തോമസ് സിറോ മലബാർ ഫൊറോനാ വികാരിയായി നിയമിതനായി.

ചങ്ങനാശേരി ചീരഞ്ചിറ എന്ന സ്ഥലത്തുനിന്നും ആരംഭിച്ച അച്ചന്റെ ജീവിത യാത്ര സോമര്‍സെറ്റില്‍  എത്തി നില്‍ക്കുമ്പോള്‍ പിന്നിട്ട വഴികളില്‍ ഒപ്പം നിന്ന ദൈവത്തിന്റെയും, മനുഷ്യരുടെയും സ്‌നേഹവും, സാന്ത്വനവും,  കരുതലും  എത്രമാത്രമാണെന്നു ഞങ്ങള്‍ അറിയുന്നു. മാനുഷിക കഴിവുകൾക്കും  പ്രാഗത്ഭ്യങ്ങൾക്കുമപ്പുറം, വിശ്വാസത്തോടെയുള്ള  പ്രാർഥനയ്ക്ക്  ദൈവം നൽകുന്ന  അനുഗ്രഹവും സംരക്ഷണവുമാണ് നാളിതുവരെ ടോണി അച്ചന്റെ അജപാലന പ്രവർത്തനങ്ങളുടെ വിജയരഹസ്യം.

പൗരോഹിത്യ ജീവിതത്തിന്റെ നീണ്ട  25 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ കുശവന്റെ കൈയ്യിലെ കളിമണ്ണുപോലെ അതിശക്തമായ ദൈവത്തിന്റെ കരങ്ങളില്‍ തന്നെ സമര്‍പ്പിച്ചു ‘ഇതാ ഞാന്‍’ എന്ന പ്രത്യുത്തരം നല്‍കാന്‍ വേണ്ടി ഓരോ നിമിഷവും മനസ്സിനെ സജ്ജമാക്കുന്ന ടോണി അച്ചന്  ഇടവക സമൂഹത്തിന്റെ പ്രാര്‍ഥനാശംസകള്‍ നേരുന്നു.

ജൂബിലിയോടനുബന്ധിച്ച് ഇടവക ദേവാലയമായ സോമർസെറ്റ് സെൻറ്  തോമസ് സിറോ മലബാർ കത്തോലിക്ക ഫൊറോനാ ദേവാലയത്തിൽ വച്ച് 2022 ജൂൺ 5 നു ഞായറാഴ്ച രാവിലെ 9.30 ന് അച്ചൻ കൃതജ്ഞതാബലി അര്‍പ്പിക്കും. ദിവ്യബലിയെ തുടര്‍ന്ന്  പൗരോഹിത്യ ജൂബിലി ആഘോഷം അവിസ്മരണീയമാക്കാന്‍ സോമര്‍സെറ്റിലെ വിശ്വാസിസമൂഹം 11.30ന് അനുമോദന സമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്. Web: Stthomassyronj.org

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com