ADVERTISEMENT

ന്യൂയോർക്ക് ∙ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ മുതിർന്ന വൈദികരിൽ പ്രമുഖനായ ഡോ.സി.ഒ. വറുഗ്ഗീസ് അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ 11.30ന് വെർജീനിയയിലുള്ള സഹോദരൻ ബേബികുട്ടിയുടെ വസതിയിൽ വച്ചായിരുന്നു അന്ത്യം. ഏതാനും മാസങ്ങളായി വാർധക്യസഹജമായ അസുഖത്തെ തുടർന്ന് വിശ്രമ ജീവിതം നയിക്കുകയായിരുന്നു.

 

1936 ഏപ്രിൽ 23ന് തുമ്പമണ്ണിൽ ചക്കിട്ടടത്ത് കുടുംബത്തിൽ വറുഗ്ഗീസ് ഉമ്മന്റെയും തങ്കമ്മയുടെയും മകനായാണ് വറുഗ്ഗീസ് ജനിച്ചത്. യോഹന്നാൻ, ഏലിയാമ്മ, മാത്യു, മേരിക്കുട്ടി, തോമസ്, ആനി എന്നിവരാണ് സഹോദരങ്ങൾ.

 

കോട്ടയം കാതോലിക്കേറ്റ് കോളേജ് (ബിഎസ്‍സി), ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി, കോട്ടയം (ജിഎസ്ടി), യൂണിയൻ സെമിനാരി, ന്യൂയോർക്ക് (എസ്ടിഎം), സെന്റ് വ്ലാഡിമിർ സെമിനാരി, ഡ്യൂക്ക് യൂണിവേഴ്സിറ്റി (എംആർഇ), കോർപ്പസ് ക്രിസ്റ്റി സ്റ്റേറ്റ് യൂണിവേഴ്സിറ്റി (എംഎസ്), ടെക്സസ് സതേൺ യൂണിവേഴ്സിറ്റി (Ed.D) എന്നിവിടങ്ങളിൽ നിന്നും പഠനം പൂർത്തിയാക്കി.

 

1957-ൽ ഡാനിയേൽ മാർ ഫീലക്സനോസ് തിരുമേനിയിൽ നിന്ന് ശെമ്മാശ്ശപട്ടവും 1961 ജൂൺ 16-ന് ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ ബാവയിൽ നിന്ന് വൈദീക പട്ടവും സ്വീകരിച്ചു. ആറാട്ടുപുഴ സെന്റ് മേരീസ് ഓർത്തോഡോക്സ് ഇടവക (2 വർഷം), കാരൂർ സെൻറ് പീറ്റേഴ്‌സ് ഓർത്തോഡോക്സ് ഇടവക (2 വർഷം), കുമ്പഴ സെന്റ് മേരീസ് ഓർത്തോഡോക്സ് ഇടവക (2 വർഷം), മദ്രാസ് സെന്റ് തോമസ് കത്തീണ്ട്രൽ (1 വർഷം), തിരുവട്ടിയൂർ സെന്റ് മേരീസ് ഓർത്തോഡോക്സ് ഇടവക, താംബരം സെന്റ് ഗ്രീഗോറിയോസ് ഓർത്തോഡോക്സ് ഇടവക, ആവഡി സെന്റ് ജോർജ് ഓർത്തോഡോക്സ് ഇടവക, കാൺപൂർ സെന്റ് മേരീസ് ഓർത്തോഡോക്സ് ഇടവക, സെന്റ് തോമസ് ഹൂസ്റ്റൺ (14 വർഷം), സെന്റ് സ്റ്റീഫൻസ് ഓർത്തോഡോക്സ് ഇടവക എന്നിവിടങ്ങളിൽ ഇടവക വികാരിയായി സേവനമനുഷ്ഠിച്ചു.

 

കഴിഞ്ഞ 50 വർഷമായി അച്ചൻ മലങ്കര ഓർത്തോഡോക്സ് സഭയുടെ വൈദികനായി സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൽ ഉൾപ്പെടെ വിവിധ ദേവാലയങ്ങളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. ഹൂസ്റ്റണിലെ ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ പയനിയർ കൂടിയാണ് അച്ചൻ. 1970 -കളിൽ ഹൂസ്റ്റണിൽ വിശുദ്ധ കുർബാന അർപ്പിക്കുവാനായി അദ്ദേഹം കോർപ്പസ് ക്രിസ്റ്റിയിൽ നിന്ന് യാത്ര ചെയ്തു. ഹൂസ്റ്റണിലെ ആദ്യത്തെ ഓർത്തഡോക്സ് ഇടവക സമൂഹത്തിന്റെ സ്ഥാപക വികാരിയായിരുന്നു അദ്ദേഹം.

 

തന്റെ അജപാലന ശുശ്രൂഷയിൽ, ഭവനങ്ങൾ സന്ദർശിക്കാൻ അദ്ദേഹം പ്രത്യേകം പരിശ്രമിക്കുകയും ആത്മീയ പരിചരണം ആവശ്യമുള്ള എല്ലാവർക്കും ഒരു വൈദികന്റെ സേവനം വ്യാപിപ്പിക്കുകയും ചെയ്യുവാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. യുവതീ-യുവാക്കളെ അവരുടെ വിശ്വാസത്തിലും പഠനത്തിലും ജോലിയിലും പ്രചോദിപ്പിക്കുവാൻ അച്ചൻ പ്രത്യേകം താൽപര്യം എടുത്തിരുന്നു. അമേരിക്കയിലെ യുവതലമുറയുടെ ഉപയോഗത്തിനായി വിശുദ്ധ കുർബാനയുടെ  പൊതു പ്രാർതനാ പുസ്തകവും പ്രസിദ്ധീകരിക്കാൻ അദ്ദേഹം പ്രത്യേകം പരിശ്രമിച്ചു.

 

സംസ്കാര ശുശ്രൂഷകൾ ഹൂസ്റ്റൺ സെന്റ് സ്റ്റീഫൻസ് ഓർത്തോഡോക്സ് ദേവാലയത്തിൽ പിന്നീട് നടക്കും. സി.ഒ. വറുഗ്ഗീസ് അച്ചന്റെ വേർപാടിൽ മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ്‌ തൃതീയൻ കാതോലിക്കാ ബാവ, സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന സഹായ മെത്രാപോലീത്ത ഡോ. സഖറിയാസ് മാർ അപ്രേം, അഹമ്മദാബാദ് ഭദ്രാസന മെത്രാപോലീത്ത ഡോ. ഗീവറുഗീസ് മാർ യൂലിയോസ്‌, സൗത്ത് വെസ്റ്റ് ഭദ്രാസന സെക്രട്ടറി ഫാ. ഫിലിപ്പ് എബ്രഹാം, വൈദീക സംഘം സെക്രട്ടറി ഫാ. മാത്യൂസ് ജോർജ്ജ്, ഓർത്തോഡോക്സ് ടിവിക്കു വേണ്ടി ഫാ.ജോൺസൻ പുഞ്ചക്കോണം എന്നിവർ അനുശോചനം രേഖപ്പെടുത്തി. കൂടുതൽ വിവരങ്ങൾക്ക്: ഫാ. ജോൺസൺ പുഞ്ചക്കോണം– 770 -310-9050

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com