ADVERTISEMENT

ഗ്രീന്‍വുഡ് (ഇൻഡ്യാന) ∙ ഇൻഡ്യാന ഗ്രീന്‍വുഡ് പാര്‍ക്കില്‍ ഞായറാഴ്ച വൈകിട്ട് നടന്ന വെടിവയ്പ്പുമായി ബന്ധപ്പെട്ടവരെയെല്ലാം  തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. മൂന്നുപേരെ വെടിവച്ചു കൊലപ്പെടുത്തിയ തോക്കുധാരി 20 വയസുള്ള ജോനാഥൻ സ്‌പൈർമാൻ, കൂടുതൽ മരണങ്ങൾ ഒഴിവാക്കുന്നതിനു സന്ദർഭോചിതമായി ഇടപെട്ട് ജോനാഥനെ വെടിവച്ചു കൊലപ്പെടുത്തിയ 22 വസസ്സുകാരൻ എലിസജഷ ഡിക്കൻ, വെടിയേറ്റു മരിച്ച ഇൻഡ്യാന പൊലീസിൽ നിന്നുള്ള ദമ്പതിമാരായ പെഡ്രോ പിനീടാ (56), റോസാ മിറയാം (37), വിക്ടർ ഗോമെസ് (30) എന്നിവരാണ് സംഭവത്തിൽ ബന്ധപ്പെട്ടവരെന്ന് ഗ്രീന്‍വുഡ് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ചീഫ് ജെയിംസ് ഇസോൺ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

തോക്കുധാരിയുടെ കൈവശം ഉണ്ടായിരുന്ന റൈഫിളിൽ നിന്ന് 24 റൗണ്ടും ഗ്ലോക്ക് ഹാൻഡ്‌ഗണ്ണിൽ നിന്നും 10 റൗണ്ടും വെടിയുതിർത്തതായി പൊലീസ് പറയുന്നു. മാളിലെ ഫുഡ് കോർട്ടിലെ ശുചിമുറിയിൽ അഞ്ചു മണിക്ക് പ്രവേശിച്ച പ്രതി, ഒരു മണിക്കൂർ സമയമെടുത്താണ് റൈഫിൾ ശരിയാക്കി വെടിവയ്പ്പിനായി പുറത്തിറങ്ങിയത്. മാളിലെ സിസിടിവി ക്യാമറകളിൽ ഇക്കാര്യങ്ങൾ വ്യക്തമാണെന്നും പൊലീസ് പറഞ്ഞു.

പ്രതിയെ വെടിവച്ച എലിസജഷ ഡിക്കന് നിയമപരമായി തോക്കു കൈവശം വയ്ക്കാന്‍ അനുമതിയുണ്ടായിരുന്നതായി പൊലീസ് ചീഫ്  വ്യക്തമാക്കി. വെടിവയ്പ്പ് നടന്ന് രണ്ടു മിനിറ്റിനുള്ളിൽ അവിടെയുണ്ടായിരുന്ന എലിസജഷ അക്രമിയെ തടഞ്ഞില്ലായിരുന്നുവെങ്കിൽ എത്ര പേർ മരിക്കുമെന്ന് ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ലെന്നു പൊലീസ് പറയുന്നു. പ്രതിയുടെ കൈവശം നൂറിലധികം റൗണ്ട് വെടിവയ്ക്കാനുള്ള വെടിയുണ്ടകളും മറ്റും ഉണ്ടായിരുന്നു. വെടിയേറ്റ 12 വയസ്സുള്ള ഒരു കുട്ടിയുടെ പരുക്ക് ഗുരുതരമല്ലെന്നും അവർ കൂട്ടിച്ചേർത്തു. 

ഇൻഡ്യാന പൊലീസ് മെട്രോപോലിറ്റന്‍ പൊലീസും, മറ്റു ഏജന്‍സികളും സംഭവത്തെ കുറിച്ചു കൂടുതൽ അന്വേഷണം ആരംഭിച്ചു. അമേരിക്കയില്‍ വർധിച്ചുവരുന്ന വെടിവയ്പ്പു സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് യുഎസ് ഹൗസ് ജുഡീഷറി കമ്മിറ്റി മാരകശേഷിയുള്ള തോക്കുകൾ നിയന്ത്രിക്കുന്നതിനുള്ള നിയമനിര്‍മ്മാണത്തിന് തയാറാകുമ്പോഴാണ് ഈ പുതിയ സംഭവം.

തക്ക സമയത്തു ഇടപെട്ടു അക്രമിയെ വെടിവച്ചു കൊലപ്പെടുത്തിയ യുവാവിന്റെ ധീരതയെ ഇൻഡ്യാന ഗവർണ്ണർ എറിക് ജെ ഹോൾകോംബ് അഭിനന്ദിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com