ADVERTISEMENT

ഷിക്കാഗോ ∙ ആകാശത്തിലെ ചന്ദ്രന്‍ എന്നും നമ്മെ വിസ്മയിപ്പിക്കാറുണ്ട്. എന്നാല്‍ ഭൂമിയിലെ, കൃത്യമായി പറഞ്ഞാല്‍ മെക്സിക്കോയിലെ റിസോര്‍ട്ട് ഏരിയയായ കാന്‍കൂണിലുമുണ്ട് ഒരു ചന്ദ്ര സൗധം. പേര് മൂണ്‍ പാലസ് റിസോര്‍ട്ട്. കാന്‍കൂണിന്‍റെ ശാന്തമായ തെക്കന്‍ കടല്‍ത്തീരത്താണ് ലോകത്തെ ഏറ്റവും വലിയ റിസോര്‍ട്ടുകളിലൊന്നായ മൂണ്‍ പാലസിന്‍റെ സ്ഥാനം. കൈയെത്തും ദൂരത്ത് കരീബിയന്‍ കടല്‍, അതിനോടൊപ്പം നിരവധി പൂളുകള്‍, പഞ്ചസാര മണലുള്ള തീരം, നാവില്‍ വെള്ളമൂറുന്ന ഭക്ഷണ വൈവിധ്യം,  ഇന്ത്യന്‍ റസ്റ്ററന്‍റ്, സ്നേഹം തുളുമ്പുന്ന ആതിത്ഥ്യം എന്നിങ്ങനെ ഒട്ടനവധി ആശ്ചര്യങ്ങളുടെ ഇടമാണ്, വിനോദ സഞ്ചാരികളുടെ പറുദീസയായ കാന്‍കൂണിലെ, ആഡംബരത്തിന്‍റെ അവസാന വാക്കായ മൂണ്‍ പാലസ് റിസോര്‍ട്ട്. 

 

ഇവിടെയാണ് അമേരിക്കന്‍ മലയാളി സംഘടനകളുടെ എക്കാലത്തെയും വലിയ കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്‍റെ (ഫോമാ) ഏഴാമത് ഗ്ലോബല്‍ ഫാമിലി കണ്‍വന്‍ഷന്‍ അരങ്ങേറുന്നത്. കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്കായി ഫോമാ പല സര്‍പ്രൈസുകളും ഒരുക്കിയിട്ടുണ്ട്. അവ നേരിട്ടറിഞ്ഞ് ആസ്വദിക്കാനുള്ള ത്രില്ലിലാണ് ഫോമാ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍.

Moon-Palace-3

 

മൂണ്‍ പാലസ് റിസോര്‍ട്ടിലെ സൗകര്യങ്ങള്‍ വിലയിരുത്താന്‍ പ്രസിഡന്‍റ് അനിയന്‍ ജോര്‍ജിന്‍റെ നേതൃത്വത്തിലുള്ള ഫോമാ നേതൃ സംഘം, റിസോര്‍ട്ട് സന്ദര്‍ശിച്ചു. ഭക്ഷണത്തിന്‍റെ നിലവാരവും താമസ സൗകര്യങ്ങളും മറ്റും പരിശോധിച്ച സംഘം ഏറെ തൃപ്തിയോടെയും സന്തോഷത്തോടെയുമാണ് മടങ്ങിയത്. ജനറല്‍ സെക്രട്ടറി ടി ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി. ഉമ്മന്‍,ڔമെട്രോ ആര്‍.വി.പി ബിനോയ് തോമസ്ڔതുടങ്ങിയവരാണ്ڔസംഘത്തില്‍ ഉണ്ടായിരുന്നത്. 

Moon-Palace-2

 

ഫോമായുടെ ലോഗോ ആലേഖനം ചെയ്ത പ്ലാക്കാര്‍ഡുമായാണ് റിസോര്‍ട്ട് ജനറല്‍ മാനേജര്‍ ആല്‍ഫെഡോ ബെറേറയും സംഘവും ഫോമാ നേതാക്കളെ ഊഷ്മളമായി സ്വീകരിച്ചത്. ഫോമാ കണ്‍വന്‍ഷന്‍റെ ആതിഥേയരാവാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്കേറെ സന്തോഷമുണ്ട്. മൂണ്‍ പാലസിന്‍റെ ആതിഥ്യ മര്യാദയും സര്‍വീസും ഭക്ഷണവും റിക്രിയേഷന്‍ പ്രോഗ്രാമുകളും എല്ലാം നിങ്ങള്‍ക്ക് തീര്‍ച്ചയായും ഇഷ്ടപ്പെടും.. ആല്‍ഫെഡോ ബെറേറ പറഞ്ഞു.

 

കരയും കടലും സംഗമിക്കുന്ന സ്വപ്നതുല്യമായ കാഴ്ചയൊരുക്കുന്ന മൂണ്‍ പാലസിലെ കണ്‍വന്‍ഷന്‍ മഹത്തായ വിജയമായിരിക്കുമെന്ന് ഫോമാ പ്രസിഡന്‍റ് അനിയന്‍ ജോര്‍ജ് പറഞ്ഞു. "കണ്‍വന്‍ഷന് എത്തുന്നവരെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടില്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ കൈകാര്യം ചെയ്യുന്ന ഒരു പ്രഫഷണല്‍ കമ്പനിയുടെ സ്റ്റാഫുകളുണ്ടാവും. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും പ്രായമായവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ പറ്റുന്ന കണ്‍വന്‍ഷനായിരിക്കുമിത്. നിങ്ങള്‍ ഇവിടെയെത്തുമ്പോള്‍ കാണാനും ആസ്വദിക്കാനും നിരവധി കാര്യങ്ങള്‍ ഉണ്ട്..." അനിയന്‍ ജോര്‍ജ് വ്യക്തമാക്കി.

 

മൂണ്‍ പാലസ് റിസോര്‍ട്ടിലെ സൗകര്യങ്ങള്‍ കണ്ടപ്പോള്‍ ഏറെ സന്തോഷം തോന്നിയെന്ന് ഫോമാ ജനറല്‍ സെക്രട്ടറി ടി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. "ഏറെ ആസ്വദിക്കാന്‍ പറ്റുന്ന സൗകര്യങ്ങളാണ് ഇവിടെയുള്ളത്. റൂമുകളും റസ്റ്റോറന്‍റുകളും ഉന്നത നിലവാരം പുലര്‍ത്തുന്നവയാണ്. മനോഹരമാണ് പൂളുകള്‍. കരയും കടലും തമ്മിലുള്ള വേര്‍തിരിക്കല്‍ എവിടെയാണെന്നറിയില്ല. കണ്‍വന്‍ഷന്‍ നടക്കുന്ന മൂന്ന് ദിവസം പോരാ, ഏറ്റവും കുറഞ്ഞത് ഒരാഴ്ചയെങ്കിലും വേണം മൂണ്‍ പാലസിന്‍റെ സൗന്ദര്യം ആസ്വദിക്കാന്‍..." ടി ഉണ്ണികൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

 

നിറയെ തെങ്ങുകളുള്ള കേരളത്തനിമയുള്ള മൂണ്‍ പാലസിലെ കണ്‍വന്‍ഷനിലേയ്ക്ക് ഏവരെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നുവെന്ന് ഫോമാ ട്രഷറര്‍ തോമസ് ടി ഉമ്മന്‍ പറഞ്ഞു. "കഴിഞ്ഞ കാലങ്ങളില്‍ മലയാളി പ്രസ്ഥാനങ്ങള്‍ നോര്‍ത്ത് അമേരിക്കയില്‍ വച്ചാണ് തങ്ങളുടെ കണ്‍വന്‍ഷനുകള്‍ നടത്തിയിട്ടുള്ളത്. എന്നാല്‍ ഇതാദ്യമായാണ് യു.എസ്.എയ്ക്കും കാനഡയ്ക്കും പുറത്ത് ഒരു മലയാളി കൂട്ടായാമയുടെ കണ്‍വന്‍ഷന്‍ നടക്കുന്നത്. കൊട്ടാര സൃശമായ മൂണ്‍ പാലസിലേക്കുള്ള യാത്ര സെപ്റ്റംബര്‍ രണ്ടാം തീയതി തുടങ്ങി അഞ്ചാം തീയതി അവസാനിക്കുകയാണ്. ഈ യാത്രയിലേയ്ക്ക് എല്ലാ മലയാളി സുഹൃത്തുക്കള്‍ക്കും ഹൃദ്യമായ സ്വാഗതം..." തോമസ് ടി ഉമ്മന്‍ പറഞ്ഞു.

 

വളരെ മനോഹരമാണ് ഇവിടുത്തെ ബീച്ച് എന്ന് മെട്രോ ആര്‍.വി.പി ബിനോയ് തോമസ്ڔചൂണ്ടിക്കാട്ടുന്നു. "കടലിലൂടെയുള്ള ബോട്ടിങ്ങിന് പോകാം. വോളീബോള്‍ കളിക്കാം. വലിയ ഗോള്‍ഫ് കോഴ്സുമുണ്ട്. വൈകുന്നേരത്തെ കലാപരിപാടികള്‍ ആസ്വാദ്യകരമാണ്. ഇവിടെയെത്തുന്നവര്‍ക്ക് തിരിച്ചു പോവാന്‍ മനസുവരില്ലെന്നതാണ് യാഥാര്‍ത്ഥ്യം..." ബിനോയ് തോമസ്ڔപറഞ്ഞു. 

 

മറ്റൊരു സസ്പെന്‍സുണ്ട് മൂണ്‍ പാലസില്‍. താജ് മഹല്‍ എവിടെയാണെന്ന് ചോദിച്ചാല്‍ ആഗ്രയിലെന്ന് ഉത്തരം. മൂണ്‍ പാലസിലുണ്ട് ഒരു ആഗ്ര. ഇത് ഇന്ത്യന്‍ റസ്റ്ററന്‍റാണ്. മസാല ദോശയും ഒണിയന്‍ ഊത്തപ്പവും ബിരിയാണിയും പിന്നെ കേരള സ്റ്റൈല്‍ മീന്‍ മോളിയും ഒക്കെ ഇവിടെ കിട്ടുമെന്ന് അനിയന്‍ ജോര്‍ജ് പറഞ്ഞു. ഫോമാ ടീമിന് ആഗ്ര റസ്റ്റോറന്‍റിലെ ഭക്ഷണം നന്നേ ഇഷ്ടമായി.

 

ഈ റസ്റ്റോറന്‍റില്‍ 125 സീറ്റുകളേയുള്ളൂ. അതിനാല്‍ റൂമില്‍ നിന്ന് സീറോ ഡയല്‍ ചെയ്തോ റിസപ്ഷനില്‍ എത്തിയോ സീറ്റ് റിസര്‍വ് ചെയ്യണം. അല്ലാത്തവര്‍ക്ക് പ്രവേശനമില്ല. അതേസമയം വിവിധ ലോകരാജ്യങ്ങളിലെ കൊതിയൂറും ഭക്ഷണ വിഭവങ്ങളുടെ കലവറയാണ് അതിഥികളെ കാത്തിരിക്കുന്നത്.

 

സെപ്റ്റംബര്‍ 2 മുതല്‍ 5 വരെയുള്ള ദിനരാത്രങ്ങളില്‍ അരങ്ങേറുന്ന ഫോമാ ഫാമിലി കണ്‍വന്‍ഷന്‍ സാമൂഹിക, സാംസ്കാരിക, ചലചിത്ര, മാധ്യമ പ്രതിനിധികളുടെ പ്രൗഢ സാന്നിധ്യം കൊണ്ട് സമ്പന്നമാകും. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സെലിബ്രിറ്റികളും കണ്‍വന്‍ഷനില്‍ സാന്നിധ്യമറിയിക്കും. വിനോദവും വിജ്ഞാനവും കോര്‍ത്തിണക്കുന്ന പരിപാടികളാണ് സ്റ്റേജുകളില്‍ അരങ്ങേറുക.

 

കണ്‍വന്‍ഷനുവേണ്ടിയുള്ള എല്ലാ ക്രമീകരണങ്ങളും നടത്തിക്കഴിഞ്ഞുവെന്ന് പ്രസിഡന്‍റ് അനിയന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി ടി ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്‍റ് പ്രദീപ് നായര്‍, ജോയിന്‍റ് സെക്രട്ടറി ജോസ് മണക്കാട്, ജോയിന്‍റ് ട്രഷറര്‍ ബിജു തോണിക്കടവില്‍, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ പോള്‍ ജോണ്‍ (റോഷന്‍) എന്നിവരടങ്ങിയ എക്സിക്യൂട്ടീവ് ടീം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com