ADVERTISEMENT

വാഷിങ്ടൻ ∙ ഇടക്കാല തിരഞ്ഞെടുപ്പുകൾക്ക് ആഴ്ചകൾ മാത്രം ശേഷിക്കെ ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ പാർട്ടികൾ ടെലിവിഷൻ ചാനലുകളിലെ പരസ്യങ്ങളിലേയ്ക്കു ഏതാണ്ട് മുഴുവൻ ശ്രദ്ധയും പ്രചരണ ഫണ്ടുകളും തിരിച്ചിരിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. ഇതിനു കാരണമുണ്ട്. പല സംസ്ഥാനങ്ങളിലും ഭവനങ്ങളുടെ യാർഡുകളിൽ പ്ലക്കാർഡുകൾ സ്ഥാപിക്കുന്നതും പ്രചരണം നടത്തുന്നതും കോടതികൾ നിരോധിച്ചിരിക്കുകയാണ്. ടെലിവിഷൻ പരസ്യങ്ങൾക്ക് വലിയ തുക– 124 മില്യൻ ഡോളർ മാറ്റിവച്ച് മേൽക്കൈ നേടിയിരിക്കുകയാണ് ഡെമോക്രാറ്റിക് പാർട്ടി. 

 

പരസ്യങ്ങളിൽ ഭൂരിഭാഗവും ഗർഭഛിദ്ര അവകാശത്തെ ഉയർത്തിക്കാട്ടിയാണ്. രണ്ടാമത്തെ പ്രധാന വിഷയം സ്വഭാവ ഗുണത്തിന് തീരെ പരാമർശം ലഭിക്കുന്നില്ലെന്നു പാർട്ടി അനുഭാവികൾക്ക് പോലും പരാതിയുണ്ട്. 124 മില്യൻ ഡോളർ അബോർഷനുവേണ്ടിയുള്ള വാദത്തിന് ചെലവഴിക്കുമ്പോൾ ക്യാരക്ടറിന്റെ പരസ്യങ്ങൾക്ക് ഇതിന്റെ പകുതി തുകപോലും വകയിരുത്തിയിട്ടില്ല എന്നാണ് പരാതി. 2018ലെ ഇടക്കാല തിരഞ്ഞെടുപ്പിൽ ഗർഭഛിദ്ര വിഷയത്തിൽ പാർട്ടി ചെലവഴിച്ചതിന്റെ ഏതാണ്ട് 20 ഇരട്ടിയാണ് ഇത്തവണ ചെലവഴിക്കുന്നത് എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

 

ഒരു സ്വകാര്യ വാർത്ത ഏജൻസിക്കുവേണ്ടി ആഡ് ഇംപാക്ട് എന്ന സ്ഥാപനം ശേഖരിച്ച വിവരങ്ങളുടെ വിശകലന അടിസ്ഥാനത്തിലാണ് കണക്കുകൾ തയാറാക്കിയിരിക്കുന്നത്. രാജ്യം തെറ്റായ ദിശയിലേക്കാണ് നീങ്ങുന്നതെന്നും സാമ്പത്തിക സ്ഥിതി മോശമാണെന്നും ഡെമോക്രാറ്റുകൾ അഭിപ്രായപ്പെട്ട സർവേയിൽ പക്ഷേ, കോൺഗ്രസിൽ ഭൂരിപക്ഷം പാർട്ടി നിലനിർത്തുമെന്ന അഭിപ്രായത്തിനായിരുന്നു മുൻ തൂക്കം.

 

റിപ്പബ്ലിക്കനുകൾ ഗർഭഛിദ്ര വിഷയത്തിൽ നിന്ന് അകലം പാലിക്കുവാനാണ് താൽപര്യപ്പെടുന്നതെന്ന് സർവേ വ്യക്തമാക്കി. ഇവർ അബോർഷനെ അനുകൂലിച്ചോ പ്രതികൂലിച്ചോ പണം ചെലവഴിച്ച് പരസ്യം നൽകുന്നില്ല. ഓരോ തവണ ഇലക്ഷൻ പ്രചരണ പരസ്യം ടിവിയിൽ പ്രത്യക്ഷപ്പെടുമ്പോഴും ആഡ് ഇംപാക്ട് ആ പ്രക്ഷേപണത്തിന്റെ ചെലവുകൾ കണക്കാക്കി കൂട്ടുന്നു. ഇങ്ങനെയാണ് അന്തിമ തുകയിലെത്തുന്നത്.

 

ജൂണിൽ ഗർഭഛിദ്രത്തിനുള്ള അവകാശം ഭരണഘടന നൽകുന്നില്ലെന്ന് യുഎസ് സുപ്രീം കോടതി വിധിച്ചതിനു ശേഷം ടെലിവിഷൻ പരസ്യങ്ങൾക്കുവേണ്ടി ഡെമോക്രാറ്റിക് പാർട്ടി ചെലവഴിക്കുന്ന ഓരോ മൂന്ന് ഡോളറിലും ഒരു ഡോളർ വീതം അബോർഷനെ പിന്തുണയ്ക്കുന്ന പരസ്യങ്ങൾക്കുവേണ്ടിയാണ്. ഈ പരസ്യങ്ങൾ ഭൂരിപക്ഷവും റിപ്പബ്ലിക്കൻ പാർട്ടിയെ ആക്രമിക്കുന്നവയാണ്. കാരണം റിപ്പബ്ലിക്കനുകൾ അബോർഷൻ അവകാശങ്ങൾക്കെതിരെ വാദിച്ചിട്ടുള്ളവരും അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അബോർഷൻ നടത്തുന്നവർക്കെതിരെ നടപടിയെടുക്കും എന്ന് പറയുന്നവരുമാണ്.

 

ഇടക്കാല തിരഞ്ഞെടുപ്പുകൾ അടുത്തതോടെ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കനുകളും ഗർഭഛിദ്ര വിഷയത്തിൽ ചെലവഴിക്കുന്ന മില്യണുകളുടെ അന്തരം വല്ലാതെ വർധിച്ചു. ഡെമോക്രാറ്റുകളും അവരുടെ അനുയായികളും 68,000 ടിവി പരസ്യങ്ങൾ ഇതിനോടകം നൽകി. ഇത് റിപ്പബ്ലിക്കനുകൾ നൽകിയ പരസ്യങ്ങളുടെ 15 ഇരട്ടിയാണ്. ഡെമോക്രാറ്റുകൾ ഈ പരസ്യങ്ങൾക്ക് ഇതുവരെ 31 മില്യൻ ഡോളർ നൽകിയതായും റിപ്പബ്ലിക്കനുകൾ ഈ വകയിൽ ഇതുവരെ 2.8 മില്യൻ ഡോളർ ചെലവഴിച്ചതായും കരുതുന്നു.

English Summary : Parties are spending a record amount on ads ahead of the midterm elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com