ADVERTISEMENT

ന്യൂയോർക്ക് ∙‘രണ്ടായിരത്തി അമ്പത്തിരണ്ട്- അന്നാണ് മലങ്കര സഭ ഇന്ത്യയിൽ സ്ഥാപിതമായതിന്റെ 2000 വർഷം സമാഗതമാവുന്നത്. ഒരു മുപ്പതു വർഷത്തെ പദ്ധതി: നമ്മുടെ  മനസ്സിലും നമ്മെപ്പോലെ ചിന്തിക്കുന്നവരുടെ മനസ്സിലും ഈ വീക്ഷണം ഉണ്ടാവണം. ഒരു താൽപര്യവും ഉണ്ടാവണം. നമുക്കൊക്കെ അറിയാവുന്നപോലെ നമ്മുടെ ചുറ്റുപാട് പ്രശ്നങ്ങളാൽ കലുഷിതമാണ്. പക്ഷേ, അതൊന്നുമായിരിക്കരുത് നമ്മെ മുന്നോട്ടുനയിക്കേണ്ടത്’– നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ സ്വീകരണ വേദിയിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പറഞ്ഞു.

catholicos-reception-newyork-5

സഭയുടെ ദൗത്യവും ദർശനവും മനസിലാക്കി അടുത്ത മൂന്നു പതിറ്റാണ്ടിലേക്കുള്ള പദ്ധതികൾ ആവിഷ്കരിക്കുവാൻ പ്രതിജ്ഞാബദ്ധമാണ്. സ്നേഹത്തിൽ അധിഷ്ഠിതമായ സഹവർത്തിത്വമാണ് എല്ലാമതങ്ങളും പഠിപ്പിക്കുന്നത്. ഒരു ആഗോള ദർശനമാണ് നമുക്ക് വേണ്ടത്. വിശ്വജനീനമായ സാഹോദര്യം. കരുതലും പങ്കുവെക്കലും അവിടെ കാണാൻ കഴിയണം. നമ്മുടെ അത്യാർത്തിമൂലം അതൊക്കെ നഷ്ടപ്പെട്ടോ എന്ന് സംശയമുണ്ട്. എല്ലാം വിട്ടെറിഞ് പീഡിതാവസ്ഥയിലുള്ളവരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും സമൂഹത്തിന്റെ താഴേക്കിടയിലുള്ളവരെയും സംരക്ഷിക്കുവാൻ നാം തയാറാവണം. എല്ലാ മതങ്ങളും പഠിപ്പിക്കുന്നത് സ്നേഹമാണ്. വേദനിക്കുന്നവരുടെ കണ്ണീരൊപ്പുവാൻ മതങ്ങൾ ഒരുമിച്ചു വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യ മാണെന്നും പരിശുദ്ധ പിതാവ് കൂട്ടിച്ചേർത്തു.

catholicos-reception-newyork-6

സ്വാഗതമാശംസിച്ച ഫാ. വിജയ് തോമസ് അതിഥികളെ ഓരോരുത്തരെയും ഒറ്റവാക്കിൽ പരിചയപ്പെടുത്തിയപ്പോൾ പരിശുദ്ധ കാതോലിക്കാ ബാവയെ ‘ചാരിറ്റി’ എന്ന ഒറ്റവാക്കിൽ പരിചയപ്പെടുത്തിയത് സമുചിതമായി. സെപ്തംബർ 25നു ന്യൂയോർക്കിലെ ലെവി ടൗണിലുള്ള സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിലായിരുന്നു സ്വീകരണ ചടങ്ങുകൾ.

കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായും ആയി അടുത്തിടെ ആരൂഢനായശേഷം ഭദ്രാസനത്തിലേക്കുള്ള പരിശുദ്ധ പിതാവിന്റെ ആദ്യത്തെ അപ്പോസ്‌തോലിക സന്ദർശനമാണിത്. ആതിഥേയ ഇടവക വികാരി ഫാ. എബി ജോർജ്ജ് കത്തിച്ച മെഴുകുതിരിയോടെ പള്ളി അങ്കണത്തിൽ പരിശുദ്ധ പിതാവിനെ സ്വീകരിച്ചു. സഖറിയ മാർ നിക്കളാവോസ് മെത്രാപ്പോലീത്ത, ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പോലീത്ത, ഫാ. ജോൺസി ഇട്ടി, ന്യൂയോർക്ക് സെനറ്റർ കെവിൻ തോമസ്, കോർ-എപ്പിസ്കോപ്പാമാർ, വൈദികർ, ശെമ്മാശ്ശന്മാർ, സഭാമാനേജിങ് കമ്മിറ്റി അംഗങ്ങൾ, ഭദ്രാസന കൗൺസിൽ അംഗങ്ങൾ, നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ നിരവധി ഇടവകകളിൽ നിന്നുള്ള വിശ്വാസികൾ എന്നിവരുടെ അകമ്പടിയോടെയാണ് പരിശുദ്ധ കാതോലിക്കാ ബാവ പള്ളിയിൽ പ്രവേശിച്ചത്.

catholicos-reception-newyork-2

തുടർന്ന് പ്രാർഥനയ്ക്കും വാഴ്‍വിനും നേതൃത്വം നൽകി. പിന്നീട് നടന്ന പൊതുസമ്മേളനത്തിൽ അഭിവന്ദ്യ സഖറിയ മാർ നിക്കളാവോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ‘Genuine’ (കലർപ്പില്ലാത്ത) എന്ന ഒറ്റവാക്കുകൊണ്ടു വിജയ് അച്ചൻ വിശേഷിപ്പിച്ച മാർ നിക്കൊളാവോസ് പരിശുദ്ധ പിതാവിനെ സ്വീകരിക്കുന്നത് ഏറ്റവും സമുചിതമായ രീതിയിലാണെന്നു സൂചിപ്പിച്ചു. സഭയിലെ ഏറ്റവും മികച്ച ഭദ്രാസനമാണ് അഥവാ മികച്ചതാവാൻ പരിശ്രമിക്കുന്ന ഭദ്രാസനമാണ്‌ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനം എന്ന് മെത്രാപ്പോലീത്ത കൂട്ടിച്ചേർത്തു. ആടുകൾക്ക് ഇടയനെ മനസ്സിലാവുന്നപോലെ പരിശുദ്ധ ബാവ തിരുമേനിയെ അടുത്തറിയുന്നവരും തിരുമേനി അറിയുന്നവരും അനേകർ ഈ ഭദ്രാസനത്തിൽ ഉണ്ടെന്നത് സ്നേഹബന്ധത്തിന്റെ ആഴം സൂചിപ്പിക്കുന്നു. 

catholicos-reception-newyork-3

എപ്പിസ്‌കോപ്പൽ ചർച്ച് ഓഫ് അമേരിക്കയുടെ ബിഷപ്പ് ഫാ. ജോൺസി ഇട്ടി, ന്യൂയോർക്ക് സെനറ്റർ കെവിൻ തോമസ്, ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ഡെപ്യൂട്ടി കോൺസൽ ജനറൽ ഡോ. വരുൺ ജെഫ്, സഭാമാനേജിംഗ് കമ്മിറ്റി അംഗം ഷാജി വർഗീസ്, ഭദ്രാസനത്തിലെ വൈദികരെയും ആദ്ധ്യാത്മിക സംഘടനകളെയും പ്രതിനിധീകരിച്ചു ഫാ. എം.കെ.കുര്യാക്കോസ് തുടങ്ങിയവർ പരിശുദ്ധ പിതാവിന് ആശംസകൾ അർപ്പിച്ചു.

സഭയുടെ വികസന പ്രവർത്തനങ്ങൾക്കും മിഷൻ പ്രവർത്തനങ്ങൾക്കുമായി സമാഹരിക്കുന്ന കാതോലിക്കാ ദിനപ്പിരിവിന്റെ വിശദാംശങ്ങൾ ഭദ്രാസന സെക്രട്ടറി ഫാ. ഡോ.വർഗീസ് എം.ഡാനിയേൽ അവതരിപ്പിച്ചു. സമാഹരിച്ച തുക ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയാ മാർ നിക്കളാവോസ് പരിശുദ്ധ കാതോലിക്കാ ബാവയെ ഏൽപ്പിച്ചു.

catholicos-reception-newyork-4

കൗൺസിൽ ഓഫ് ഇന്ത്യൻ ഓർത്തഡോക്‌സ് ചർച്ചസ് ഓഫ് ബ്രൂക്ലിൻ, ക്വീൻസ്, ലോംഗ്ഐലണ്ടിന്റെ നേതൃത്വത്തിലുള്ള ഗായകസംഘവും ആതിഥേയ ഇടവകയിൽ നിന്നുള്ള വാദ്യമേളവും കാതുകൾക്ക് ഹൃദ്യമായ സംഗീതം പകർന്നു. ജോബി ജോൺ (ഭദ്രാസന കൗൺസിൽ അംഗം) പ്രോഗ്രാം അവതാരകൻ ആയിരുന്നു. ഉമ്മൻ കാപ്പിൽ (ഭദ്രാസന കൗൺസിൽ അംഗം) കൃതജ്ഞത അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഭദ്രാസന സെക്രട്ടറി ഫാ. ഡോ. വർഗീസ് എം.ഡാനിയേലുമായി ബന്ധപ്പെടുക. E-mail: dsfrvmd@gmail.com

English Summary : His Hoiness Baselios Marthoma Mathews III speech in north east american diocese reception

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com