ADVERTISEMENT

ലൊസാഞ്ചലസ് ∙ യുഎസിലെ കലിഫോർണിയയിൽ സിഖ് കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസുമായി ബന്ധപ്പെട്ടു കസ്റ്റഡിയിലുള്ള ജീസസ് മാനുവൽ സൽഗാഡോ (48) കൊല്ലപ്പെട്ട ഇന്ത്യന്‍ കുടുംബത്തിന്റെ കമ്പനിയിലെ മുൻ ജീവനക്കാരനാണെന്നു പൊലീസ് അറിയിച്ചു. ഇയാൾക്ക് ഈ കുടുംബവുമായി വളരെ നാളായി ചില തർക്കങ്ങൾ ഉണ്ടെന്നും അതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നും കരുതുന്നതായി മെഴ്‌സിഡ് കൗണ്ടി ഷരീഫ് വ്യാഴാഴ്ച വ്യക്തമാക്കി. 

പഞ്ചാബിലെ ഹോഷിയാർപുർ സ്വദേശികളായ ജസ്ദീപ് സിങ് (36), ഭാര്യ ജസ്‌ലീൻ കൗർ (27), ഇവരുടെ മകൾ അരൂഹി ധേരി (8 മാസം), ബന്ധു അമൻദീപ് സിങ് (39) എന്നിവരുടെ മൃതദേഹം ഇന്ത്യാന റോഡിനു സമീപമുള്ള കൃഷിത്തോട്ടത്തിലാണ് കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് കസ്റ്റ‍ഡിയിലെടുത്ത ജീസസ് മാനുവൽ സൽഗാഡോ കുറ്റം സമ്മതിച്ചിരുന്നു. ജീവനൊടുക്കാൻ ശ്രമിച്ച ഇയാൾ പൊലീസ് കസ്റ്റഡിയിൽ ചികിത്സയിലാണ്.

കുടുംബത്തെ ഭീഷണിപ്പെടുത്തി ഏതാണ്ട് ഒരു വർഷം മുൻപ് സൽഗാഡോ സന്ദേശം അയച്ചിരുന്നുവെന്നും ഇവരുടെ ട്രക്കിങ് ബിസിനസിൽ മുൻപ് ജോലി ചെയ്ത വ്യക്തിയാണ് ഇയാളെന്നും സിഖ് കുടുംബത്തിലുള്ളവരുടെ ബന്ധുക്കൾ പറഞ്ഞു. തിങ്കളാഴ്ച തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയാണ് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയത്. ഇവരെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം തോട്ടത്തിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നു അധികൃതർ അറിയിച്ചു. ബുധനാഴ്ച തോട്ടം തൊഴിലാളിയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

ജസ്ദീപ് സിങ് മെഴ്‌സിഡ് കൗണ്ടിയിൽ ഒരാഴ്ച മുൻപ് ആരംഭിച്ച ട്രക്കിങ് കമ്പനിയിൽ തിങ്കളാഴ്ച പ്രതി എത്തുന്നതിന്റെയും കുടുംബത്തെ തട്ടിക്കൊണ്ടു പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ജസ്ദീപ് സിങ്ങിന്റെയും അമൻദീപ് സിങ്ങിന്റെയും കൈകൾ പിന്നിൽ കെട്ടി ട്രക്കിൽ കയറ്റുന്നതും തിരിച്ചെത്തി കുഞ്ഞുമായി ജസ്‌ലീൻ കൗറിനെ കയറ്റി വണ്ടി ഓടിച്ചുപോകുന്നതും ദൃശ്യങ്ങളിൽ കാണാം. 2005 ൽ മോഷണക്കേസിൽ പ്രതിയായിരുന്ന ജീസസ് മാനുവൽ സൽഗാഡോ 2015 വരെ തടവുശിക്ഷ അനുഭവിച്ചിരുന്നു. ലഹരിവസ്തു കൈവശം വച്ചതിനും ഇയാൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ ഒരാളുടെ എടിഎം കാർഡ് ഉപയോഗിക്കാൻ പ്രതി ശ്രമിച്ചതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.

English Summary: Indian family kidnapping: suspect had long dispute

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com