ADVERTISEMENT

ന്യൂയോർക്ക് ∙ യുഎസിൽ ഏഷ്യൻ വംശജർ നേരിടുന്ന വിവേചനങ്ങൾക്കെതിരെയുള്ള ഇന്ത്യൻ നഴ്സസ് അസോസിയേഷന്റെ (ഐനാനി) പരിശ്രമങ്ങൾ തുടരുന്നു. ഈ വിഷയത്തെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക, പ്രതികരണ ശേഷി വർധിപ്പിക്കുക, പൗരബോധത്തോടെ പ്രതികരിക്കുക, സുരക്ഷിതത്വം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ‘ഐനാനി’യുടെ പ്രവർത്തനങ്ങൾ.

കൊയാലിഷൻ ഫോർ ഏഷ്യൻ അമേരിക്കൻ ചിൽഡ്രൻ ആൻഡ് ഫാമിലീസ് എന്ന സംഘടനയുമായി ചേർന്ന് ന്യൂയോർക്ക് സ്റ്റേറ്റ് ഗ്രാന്റോടുകൂടിയാണ് ‘ഐനാനി’യുടെ പരിശ്രമങ്ങൾ. കൂട്ടായ്മയുടെയും സംഘടനകളുടെയും സമ്മേളനങ്ങളും മറ്റു സാമൂഹിക വേദികളും തങ്ങളുടെ ദൗത്യം നിറവേറ്റാനുള്ള വേദിയായി ഐനാനി ഉപയോഗപ്പെടുത്തുകയാണ്. 

indian-nurses-association-usa2

പ്രവാസി ചാനൽ റീജിനൽ ഡയറക്റ്റർ ലാജി തോമസ് ടീമിന്റെ ഔപചാരിക പ്രഖ്യാപനം ശനിയാഴ്ച ന്യൂയോർക്ക് ഫ്ലോറൽ പാർക്കിലെ ടൈസൺ സെന്ററിൽ നടന്നപ്പോൾ ആ കൂട്ടായ്മയിലും സംഘടന ഈ വിഷയം ഉയർത്തിക്കാട്ടി. ‘ആന്റി ഏഷ്യൻ ടേബിൾ’ എന്ന പേരിൽ പ്രത്യേകം മേശയൊരുക്കിയാണ് ഈ വലിയ സാമൂഹിക പ്രശ്നത്തിന്റെ പ്രാധാന്യം അറിയിച്ചത്.

സാമൂഹിക നേതാക്കളും തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാക്കളും ഉൾപ്പെട്ട ഈ വേദി ഐനാനിയുടെ മുൻകൈ നടപടികൾക്കുള്ള പ്രോത്സാഹനവേദി കൂടിയായി. ന്യൂയോർക്ക് സിറ്റിയിലെ ആദ്യത്തെ കൊറിയൻ വംശക്കാരി കൗൺസിൽ മെമ്പർ ലിൻഡ ലീ ‘ഐനാനി’യുടെ പ്രവർത്തനങ്ങളെ ശ്ലാഘിച്ചു. ശ്രമങ്ങൾ മറ്റു കമ്മ്യൂണിറ്റികളിലേക്കും വർധിപ്പിക്കുന്നത് കൂടുതൽ പ്രയോജനകരമാകുമെന്നു ഐനാനിയുടെ അഭിപ്രായത്തെ ലിൻഡ ലീ പിന്തുണയ്ക്കുകയും മറ്റു ഏഷ്യൻ കമ്മ്യൂണിറ്റികളുമായി ബന്ധിപ്പിക്കുന്നതിന് ഏകോപനശ്രമം ചെയ്യാമെന്ന് ഉറപ്പു നൽകുകയും ചെയ്തു.

അമേരിക്കയിലെ 23 ദശലക്ഷം വരുന്ന ഏഷ്യൻ സമൂഹം കോവിഡ് പകർച്ചവ്യാധിയുടെ ആരംഭത്തോടെ വിദ്വേഷപരമായ പെരുമാറ്റങ്ങൾക്ക് വിധേയമാകുകയായിരുന്നു. 2020 മാർച്ചു മുതൽ 2022 മാർച്ച് വരെ 11500ലേറെ ഏഷ്യൻ വിരുദ്ധ അക്രമ സംഭവങ്ങൾ നടന്നതായി ഫെഡറൽ ബ്യുറോ ഓഫ് ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട് ചെയ്തു. തെളിവിൽ അധിഷ്ഠിതമായ തന്ത്രങ്ങൾ വഴി വിദ്വേഷ സംഭവങ്ങളെ തടയുകയോ, ഒഴിവാക്കുകയോ, ലഘൂകരിക്കുകയോ ചെയ്യുവാനാണ് ഐനാനി ശ്രമിക്കുന്നത്. 

indian-nurses-association-usa1

ലിൻഡ ലീയെ കൂടാതെ സെനറ്റർ കെവിൻ തോമസ്, റോക്‌ലാൻഡ് കൗണ്ടി ലെജിസ്ലേച്ചറിന്റെ വൈസ് ചെയറും ഐനാനി ഉപദേശകസമിതി അംഗവും ആയ ഡോ. ആനി പോൾ, നോർത്ത് ഹെമ്പ്സ്റ്റഡ് ടൗൺ സൂപ്പർവൈസർ ജെന്നിഫർ ഡിസേന എന്നിവരും ഐനാനിയുടെ ‘ആന്റി ഏഷ്യൻ ടേബിൾ’ സന്ദർശിച്ചു വിവരങ്ങൾ ശേഖരിക്കുകയും പ്രോത്സാഹിപ്പിക്കുകയും സഹകരണവും സഹായവും വാഗ്‌ദാനം ചെയ്യുകയും ചെയ്തു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com