ADVERTISEMENT

മിസ്സിസാഗ∙ മൂന്നര പതിറ്റാണ്ടിലേറെക്കാലം മേയർ സ്ഥാനമലങ്കരിച്ച്, മിസ്സിസാഗയെ കാനഡിലെ തന്നെ ഏറ്റവും പ്രശസ്തമായ നഗരമാക്കി മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ച ഹെയ്സൽ മെക്കാലിയൻ (101) അന്തരിച്ചു.

വാലന്റെൻസ് ദിനത്തിൽ 102–ാം പിറന്നാൾ ആഘോഷിക്കാനിരിക്കെയാണു വിടവാങ്ങൽ. കുടുംബാംഗങ്ങളുടെ അഭ്യർഥന പ്രകാരം ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡാണ് മരണവാർത്ത അറിയിച്ചത്. ‘പൊതുപ്രവർത്തക’ എന്ന വാക്കിന്റെ പരിപൂർണ മാതൃകയായിരുന്നു ഹെയ്സൽ മെക്കാലിയൻ എന്നാണ് ഡഗ് ഫോർഡ് വിശേഷിപ്പിച്ചത്. 

‘ജനങ്ങൾക്കായി ഒരു മേയർ’ എന്ന പ്രഖ്യാപനവുമായി ഹെയ്സൽ 1978ൽ ആദ്യ ചുമതലയേൽക്കുമ്പോൾ പ്രായം 58. അവിടുന്നങ്ങോട്ട് 36 വർഷം മിസ്സിസാഗ നഗരവാസികളുടെ ഹൃദയത്തിൽ മറ്റൊരു പേരില്ലായിരുന്നു മേയർ സ്ഥാനത്തേക്ക്. അതിനു കാരണവുമുണ്ട്. സ്ഥാനമേറ്റതിന്റെ പിറ്റേക്കൊല്ലമാണ് മിസ്സിസാഗയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നിന് സാക്ഷ്യംവഹിച്ചത്. രാസപദാർഥങ്ങളുമായി കടന്നുപോകുകയായിരുന്ന ചരക്കുതീവണ്ടി മറിഞ്ഞുണ്ടായ തീപിടിത്തവും മറ്റുമായി രണ്ടു ലക്ഷത്തോളം പേരെ നഗരത്തിൽനിന്ന് യുദ്ധകാലാടിസ്ഥാനത്തിൽ ഒഴിപ്പിക്കേണ്ട സാഹചര്യം. ഒരാളുടെ പോലും ജീവന് ഹാനിയുണ്ടാക്കാതെ അന്ന് അതിന് മുന്നിൽനിന്നു നേതൃത്വം നൽകിയതോടെ 'ഹരിക്കേൻ ഹെയ്സൽ' എന്ന പേരും വീണു. ചതുപ്പുനിലങ്ങളായിരുന്ന മിസ്സിസാഗയിൽ ഇന്നുകാണുന്ന പല മുഖമുദ്രകളും ഹെയ്സലിന്റെ ഭരണകാലത്തെ നേട്ടങ്ങളുടെകൂടി നേർക്കാഴ്ചകളാണ്. മേയർ സ്ഥാനം ഒഴിയുമ്പോൾ പ്രായം 93. 

 

ഉൽസാഹത്തിന്റെയും വികസനത്തിന്റെയും കാര്യത്തിൽ കെ. കരുണാകരന്റെ പെൺപതിപ്പ്, ജനഹൃദയങ്ങളിലുള്ള സ്ഥാനം കണക്കിലെടുത്താൽ കെ. ആർ. ഗൗരിഅമ്മ എന്നൊക്കെ വേണമെങ്കിൽ ഹെയ്സലിനെ നമുക്കു വിശേഷിപ്പിക്കാം. ഐസ്ഹോക്കി കളിച്ചു വളർന്ന ഹെയ്സലിന്, ഭരണസാരഥ്യം കഴിഞ്ഞാൽ ഒരുപക്ഷേ ഏറ്റവുമധികം ആവേശം നൽകിയിരുന്നത് ഹോക്കി സ്റ്റിക് കാണുമ്പോഴായിരുന്നു. 'മേയർ1' എന്ന നമ്പരിലുള്ള കാർ സ്വയം ഡ്രൈവ് ചെയ്തായിരുന്നു തൊണ്ണൂറിന്റെ പടി കടന്നപ്പോഴും യാത്ര. ഇടയ്ക്ക് ചില തട്ടലും മുട്ടലും ഒക്കെ ഉണ്ടായപ്പോൾ ഡ്രൈവറെ വയ്ക്കാൻ സിറ്റി കൗണ്‍സിൽ ഒന്നടങ്കം ആവശ്യപ്പെട്ടിരുന്നു. 

 

 

 

ജനിച്ചത് കെബെക്ക്  പ്രവിശ്യയിലെ പോർട് ഡാനിയേലിലാണ്. കെബെക്ക് സിറ്റിയിലും മൺട്രിയോളിലുമായി പഠനം പൂർത്തിയാക്കിയ ഹെയ്സൽ ജോലിയുടെ ഭാഗമായാണ് ടൊറന്റോയിൽ എത്തിയത്. ഇവിടെ എത്തിയപ്പോൾ 1945ൽ കണ്ടുമുട്ടിയ സാമിനെ ആറു വർഷങ്ങൾക്കുശേഷം വിവാഹം കഴിച്ചു. സ്ട്രീറ്റ്സ് വിൽ ഗ്രാമത്തിൽ താമസംതുടങ്ങി. ഈ ഗ്രാമത്തിന്റെ പ്ളാനിങ് ബോർഡ് അധ്യക്ഷയായാണ് പൊതുരംഗത്തേക്കുള്ള കടന്നുവരവ്. 1970ൽ സ്ട്രീറ്റ്സ് വിൽ മേയറായി. മൂന്നു വർഷത്തിനുശേഷം ഈ പ്രദേശം മിസ്സിസാഗ പട്ടണവുമായി ലയിച്ചു. മിസ്സിസാഗയും സ്ട്രീറ്റ്സ് വിലും പോർട്ട് ക്രെഡിറ്റ് പട്ടണവും കൂട്ടിച്ചേർത്ത് മിസ്സിസാഗ നഗരമായി. ഹെയ്സൽ കൗൺസിലറുമായി. അഞ്ചു വർഷം കഴിഞ്ഞപ്പോൾ ഈ നഗരത്തിന്റെ ഭരണസാരഥ്യത്തിലേക്കു ഹെയ്സലും ഉയർത്തപ്പെട്ടു. അവിടുന്നങ്ങോട്ട് ഹെയ്സലിന്റെ ചരിത്രം മിസ്സിസാഗ എന്ന നഗരത്തിന്റെ ചരിത്രംകൂടിയായി. 

 

 

ഏതൊരു രാഷ്ട്രീയനേതാവിനെയുംപോലെ ഹെയ്സലും വിവാദങ്ങളിൽപ്പെട്ടിട്ടുണ്ട്. കുടുംബത്തിനും കുടുംബാംഗങ്ങൾക്കും താൽപര്യമുള്ള സ്ഥലങ്ങളുമായി ബന്ധപ്പെട്ട വികസനകാര്യത്തിൽ താൽപര്യം കാട്ടിയതും ഇടപെട്ടതും ഒക്കെ കോടതിവരെ കയറിയിട്ടുണ്ട്. അതൊന്നും പക്ഷേ ഹെയ്സിലിന്റെ സ്ഥാനത്തെയോ മാനത്തെയോ കാര്യമായി ബാധിച്ചതുമില്ല.  

 

സ്ഥാനമെഴിഞ്ഞശേഷവും ഹെയ്സൽ ഭരണാധികാരികളുടെ പ്രിയപ്പെട്ട വ്യക്തിത്വമായിരുന്നു. യൂണിവേഴ്സിറ്റി ഓഫ് ടൊറന്റോയിലും ഗ്രേറ്റർ ടൊറന്റോ എയർപോർട്ട് അതോറിട്ടിയിലും പ്രവിശ്യാ ഗ്രീൻബെൽറ്റ് കൗൺസിലിലും ടൊറന്റോ  വിമാനത്താവളത്തോട് ചേർന്നുകിടക്കുന്ന മിസ്സിസ്സാഗ ഇപ്പോൾ കാനഡയിലെ ആറാമത്തെ വലിയ നഗരമാണ്. ഹെയ്സൽ മെക്കാലിയനില്ലാതെ മിസ്സിസാഗയുടെയും ചരിത്രമില്ല. ഇപ്പോൾ ഓർമയാകുന്നത് ആ ജീവസുറ്റ സാന്നിധ്യമാണ്. 

English Summary : Hazel McCallion, longtime mayor of Mississauga, dies at 101

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com