ഓസ്റ്റിന്‍, ടെക്‌സസ്∙ ടെക്സസിൽ കാണാതായ മലയാളി യുവാവ് ജെയ്‌സണ്‍ ജോണിനായി ഇന്നും തിരച്ചിൽ തുടരുന്നു. ജെയ്സനെ കാണാതായ മൂന്നു ദിവസം പിന്നിട്ടിട്ടും സൂചനയൊന്നും ലഭിച്ചിട്ടില്ല.കടുത്ത മാനസിക പ്രയാസത്തിലൂടെ കടന്നു പോകുന്ന കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും പിന്തുണയുമായി മലയാളി സമൂഹംഒപ്പമുണ്ട്. ഡ്രോൺ ഉപയോഗിച്ചു ലേഡി ബേർഡ് തടാകത്തിനു മുകളിലും വെള്ളത്തിനടിയിലൂടെയും തിരച്ചിൽ നടത്തുന്നുണ്ട്. കുടുംബ സുഹൃത്ത് കൂടിയായ ഫോമാ മുൻ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലും മറ്റുള്ളവരും സജീവമായി രംഗത്തുണ്ട്.
ന്യൂയോര്‍ക്കിൽ പോര്‍ട്ട്‌ചെസ്റ്റര്‍ എബനേസര്‍ മാര്‍ത്തോമ്മാ ചര്‍ച്ച് അംഗങ്ങളാണ് ജെയ്‌സന്റെ കുടുംബം.മൂന്ന് ആണ്‍മക്കളില്‍ രണ്ടാമനാണ് ജെയ്‌സണ്‍. ഐടി രംഗത്തു പ്രവര്‍ത്തിക്കുന്ന ജേസണ്‍ റൂം മേറ്റിനൊപ്പമാണ് ഓസ്റ്റിനില്‍ താമസിക്കുന്നത്. ശനിയാഴ്ച രാത്രി പാര്‍ട്ടിക്ക് ശേഷം താമസസ്ഥലത്തേക്കു മടങ്ങിയിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ മുതലാണ് ജെയ്സണ്‍ ജോണിനെ കാണാതായത്.പുലര്‍ച്ചെ ഏകദേശം 2:18 നാണ് ജെയ്‌സനെ അവസാനമായി വിഡിയോ ദൃശ്യങ്ങളില്‍ കാണുന്നത്. തടാകത്തിന്റെ എതിര്‍വശത്തുള്ള ഒരു ഹോളിഡേ ഇന്നില്‍ നിന്നും വിഡിയോ ദൃശ്യമുണ്ട്.