ADVERTISEMENT

ന്യൂയോർക്ക് ∙ സദസ്യരെ അഭിസംബോധന ചെയ്യാനുള്ള ആത്മധൈര്യവും സംസാരിക്കാന്‍ പോകുന്ന വിഷയത്തെക്കുറിച്ച് ആഴത്തിലുള്ള അറിവും നിങ്ങള്‍ക്കുണ്ടോ? തുടക്കം ഭംഗിയാക്കി, ഒടുക്കം കൂടുതല്‍ രസകരമാക്കി കേള്‍വിക്കാരെ കയ്യിലെടുക്കാനുള്ള പ്രത്യേക സിദ്ധിയുണ്ടോ? എങ്കില്‍ സംസാരിച്ച് സമ്മാനം നേടാന്‍ വിദ്യാർഥികള്‍ക്കായി 'ഓര്‍മ്മ'യൊരുക്കുന്ന രാജ്യാന്തര പ്രസംഗ മത്സരത്തില്‍ പങ്കെടുക്കാം. വാക്ചാതുരി കൊണ്ട് ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധ നേടാനുള്ള ഈ അവസരം ഫെബ്രുവരി 28 വരെ മാത്രം. www.ormaspeech.com എന്ന സൈറ്റ് സന്ദര്‍ശിച്ചാല്‍ പ്രസംഗമത്സരത്തിന്റെ നിബന്ധനകളും വിശദമായ വിവരങ്ങളും മനസ്സിലാക്കാം. 

 

ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് മാത്രമല്ല, പങ്കെടുക്കുന്ന എല്ലാ മത്സരാർഥികള്‍ക്കും നറുക്കെടുപ്പിലൂടെ സമ്മാനം നേടാനുള്ള അവസരമൊരുക്കിക്കൊണ്ടാണ് ഓര്‍മ്മ വ്യത്യസ്ഥമാകുന്നത്. ഒന്‍പതാം ക്ലാസ് മുതല്‍ ഡിഗ്രി ഫൈനല്‍ ഇയര്‍ വരെയുള്ള, ലോകത്തെവിടെ നിന്നുമുള്ള വിദ്യാർഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. തന്നിരിക്കുന്ന വിഷയത്തില്‍ ആത്മവിശ്വാസത്തോടെ, അതിമനോഹരമായി സംസാരിച്ച ശേഷം ആ വിഡിയോ റെക്കോര്‍ഡ് ചെയ്ത് സൈറ്റില്‍ പറഞ്ഞിരിക്കുന്ന മെയില്‍ ഐഡിയിലേക്ക് അയച്ചു നല്‍കണം. 

 

ഇതിനകം തന്നെ പല രാജ്യങ്ങളില്‍ നിന്നായി നിരവധി വിദ്യാർഥികൾ വിഡിയോ അയച്ചുവെന്ന് സംഘാടകർ അറിയിച്ചു. വിജയം വിദ്യാർഥികള്‍ക്ക് സമ്മാനിക്കുന്നത് പ്രശസ്തിക്കൊപ്പം, മൂന്നു ലക്ഷം രൂപയുടെ സമ്മാനങ്ങള്‍ കൂടിയാണ്. വിഡിയോ അയക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 25 പേര്‍ക്ക് ഭാഗ്യ സമ്മാനങ്ങള്‍ ലഭിക്കും. 

 

ഡോ. ശശി തരൂര്‍ എംപി, മന്ത്രി റോഷി അഗസ്റ്റിന്‍, കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമേല്‍, പ്രശസ്ത മജീഷ്യനും ഡിഫറന്റ് ആര്‍ട് സെന്റര്‍ ഫൗണ്ടറുമായ ഗോപിനാഥ് മുതുകാട്, ലോക സഞ്ചാരി സന്തോഷ് ജോര്‍ജ് കുളങ്ങര, കമ്മീഷണര്‍ ഓഫ് റൂറല്‍ ഡെവലപ്മെന്റ് എം.ജി. രാജ മാണിക്യം ഐഎഎസ് തുടങ്ങി തങ്ങളുടെ വാക്കുകള്‍ കൊണ്ട് പൊതുജനത്തിന് സ്വീകാര്യരായ നിരവധി പ്രമുഖർ ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസോസിയേഷന്‍ അഥവാ 'ഓര്‍മ്മ' ഓണ്‍ലൈനായി ഒരുക്കുന്ന രാജ്യാന്തര പ്രസംഗ മത്സരത്തിന് ആശംസകളര്‍പ്പിച്ച് രംഗത്തെത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com