ADVERTISEMENT

ബ്രാംപ്ടൺ∙ കുറ്റവാളികൾക്ക് ജാമ്യം ലഭ്യമാക്കുന്നതിലുള്ള ജസ്റ്റിൻ ട്രൂഡോ സർക്കാരിന്റെ മൃദുസമീപനമാണ് കാനഡയിൽ കുറ്റകൃത്യങ്ങൾ വർധിക്കുന്നതിന് കാരണമെന്നു പ്രതിപക്ഷ നേതാവും കൺസർവേറ്റീവ് പാർട്ടി ലീഡറുമായ പിയേർ പൊളിയേവ്. "രാവിലെ ഒരു കുറ്റകൃത്യത്തിൽ പിടിക്കപ്പെട്ട വ്യക്തി ജാമ്യത്തിലിറങ്ങി ഉച്ചയ്ക്കും അതിനു പിടിയിലായശേഷം ജാമ്യത്തിലിറങ്ങി വൈകിട്ടും കുറ്റകൃത്യത്തിൽ ഏർപ്പെടുന്നു എന്നതാണു സ്ഥിതി. കുറ്റകൃത്യങ്ങൾ തൊഴിലാളി സ്വീകരിച്ചവർക്കും സമൂഹത്തിനു ഭീഷണിയാകുന്നവർക്കും ജാമ്യം നൽകുന്ന ഉദാരസമീപനം അവസാനിപ്പിച്ച് അവരെ തുറങ്കിലടയ്ക്കുകയാണു വേണ്ടത്. വെടിവയ്പും ഭവനഭേദനവും ദിനംപ്രതി കൂടുന്നതും ബ്രാംപ്ടണിൽ മാത്രം ഒരു മാസം ആയിരത്തോളം വാഹനങ്ങളാണ് മോഷ്ടിക്കപ്പെട്ടതെന്നതുമൊക്കെ ഞെട്ടലോടയേ കേൾക്കാനാകൂ" എന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കവെ പൊളിയേവ് പറഞ്ഞു. 

pierre-pic

 

"വൻകൂവറിൽ 40 ക്രിമിനലുകൾ 6000 കേസുകളിലാണ് ഉൾപ്പെട്ടത്. അവരെ തുറങ്കിലടച്ചാൽതന്നെ അത്രയും ആളുകളുടെ ദുരിതം ഒഴിവാക്കാമായിരുന്നു. 65 കേസുകളിൽ ഉൾപ്പെട്ട രണ്ടു പേരാണ് സസ്കാച്വനിൽ ആദിമസമുഹത്തിൽനിന്നുള്ളവരെ ആക്രമിച്ചത്. അക്രമിസംഘങ്ങളും കൊലപാതകങ്ങളും പെരുകുകയാണ്. കുറ്റകൃത്യങ്ങളുടെ എണ്ണം കൂടുതലാണെങ്കിലും ക്രിമിനലുകളുടെ എണ്ണം കുറവാണെന്നതിൽ നമുക്കു സന്തോഷിക്കാം. 

VinJo-Pierre-2

 

ആരാധനാലയങ്ങൾക്കു നേരെയുള്ള അക്രമം അപലപനീയമാണ്. അധികാരത്തിലെത്തിയാൽ,  സാമ്പത്തിക പ്രശ്നങ്ങളുള്ള ആരാധനാലയങ്ങൾക്ക് കൂടുതൽ സുരക്ഷയ്ക്കുള്ള ധനസഹായം ലഭ്യമാക്കും. വിദ്യാഭ്യാസ മേഖലയിലെ ചൂഷണങ്ങൾ തടയാനും വർക് പെർമിറ്റ് വേഗത്തിലാക്കാനും നടപടിയെടുക്കും.

 

കുടിയേറ്റക്കാരായ നഴ്സുമാരിൽ 37 ശതമാനത്തിനും ഡോക്ടർമാരിൽ 41 ശതമാനത്തിനും മാത്രമാണ് ഇവിടെ പ്രവർത്തിക്കാൻ അംഗീകാരം ലഭിച്ചിരിക്കുന്നത്. വിദേശത്തുനിന്ന് തൊഴിൽവൈദഗ്ധ്യം നേടിയവർക്ക് ലൈസൻസ് ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കണം. കൺസർവേറ്റീവ് അധികാരത്തിലേറിയാൽ അർഹതയുള്ളവർക്ക് 60 ദിവസത്തിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കാനും കുടിയേറ്റത്തിനുമുൻപുതന്നെ ലൈസൻസിന് അപേക്ഷിക്കാനുള്ള അവസരവുമൊരുക്കും. 

 

അതിർത്തി വഴിയുള്ള അനധികൃത കുടിയേറ്റം തടയുന്നതിൽ ട്രൂഡോ സർക്കാർ വൻ പരാജയമാണ്. കഴിഞ്ഞവർഷം മാത്രം 40000 ആളുകളാണ് ഇങ്ങനെ കാനഡയിലെത്തിയത്.  അതു ക്രമാതീതമായി തുടരുകയുമാണ്.  എട്ടു വർഷത്തെ ട്രൂഡോ ഭരണത്തിൽ കനേഡിയൻ ജനതയ്ക്ക് നഷ്ടപ്പെടുന്നത് പ്രതീക്ഷകളും കയറികിടക്കാൻ സ്വന്തമായൊരിടവുമാണ്. സ്വന്തമായൊരു ഭവനമെന്നത് ചെറുപ്പക്കാരെ സംബന്ധിച്ചിടത്തോളം സ്വപ്നമായി അവശേഷിക്കുകയാണ്. ഭവനവായ്പാ പലിശ കൂട്ടില്ലെന്ന് പറഞ്ഞ് അധികാരത്തിലേറിയവർ അടിക്കടി പലിശ കൂട്ടിക്കൊണ്ടിരിക്കുന്നതിനാൽ ജനജീവിതം ദുസ്സഹമാകുകയാണ്" - പിയേർ പൊളിയേവ് പറയുന്നു. 

 

പൊഴിയേവ് ആവർത്തിട്ടു പ്രഖ്യാപിക്കുന്ന നയങ്ങളും മാറ്റങ്ങളും ആവശ്യങ്ങളും ഇവയാണ്. “ട്രൂഡോ സർക്കാരിന്റെ ദുർവ്യയം കുറയ്ക്കണം.  ഒരു ഡോളർ ചെലവഴിച്ചാൽ ആ തുക കണ്ടെത്തുന്നതിനുള്ള മാർഗംകൂടി കണ്ടെത്തും. വരുമാന നികുതി ഭാരം കുറയ്ക്കും, കാർബൺ നികുതി ഇല്ലാതാക്കും. ജോലി ചെയ്യുന്നവർക്ക് മികച്ച വേതനം ഉറപ്പാക്കും. ഓരോ പട്ടണവും ഭവനപദ്ധതിക്കായി ചെലവഴിക്കുന്ന തുകയ്ക്ക് ആനുപാതികമായാകും ഫെഡറൽ സഹായം. കെട്ടിനിർമാണത്തിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കും, യാത്രാച്ചെലവ് കുറയ്ക്കുന്നതിനായി പൊതുഗതാഗത സംവിധാനങ്ങളോട് ചേർന്നാകും ഭവനപദ്ധതികൾ ആസൂത്രണം ചെയ്യു. കുടിയേറ്റ നടപടിക്രമങ്ങൾ വേഗത്തിലാക്കും. പ്രത്യേക വൈദഗ്ധ്യമുള്ള തൊഴിലാളികളെ കൊണ്ടുവരുന്നതിന് വഴിയൊരുക്കും. പ്രാദേശിക ഉൽപാദനം വർധിപ്പിക്കും. ലഹരിവസ്തുക്കൾ വ്യാപകമായി ലഭ്യമാക്കുന്ന ഇപ്പോഴത്തെ നയത്തിനു വിരുദ്ധമായി, ലഹരിക്ക് അടിമയായവർക്ക് വൈദ്യസഹായം ലഭ്യമാക്കും. ഇപ്പോഴത്തെ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തി കോടികൾ നേടുന്ന മരുന്നു കമ്പനികളിൽനിന്ന് നഷ്ടപരിഹാരം ഈടാക്കും.”

 

കൺസർവേറ്റീവ് പാർട്ടി ഉപനേതാവ് മെലിസ് ലാൻസ്മാൻ എം. പി., അന റോബർട്സ് എം.പി. എന്നിവരും ഒപ്പമുണ്ടായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com