ADVERTISEMENT

1973, ഫെബ്രുവരിയിൽ മഞ്ഞുപുതച്ചു കിടക്കുന്ന ന്യൂയോർക്കിലെ വിമാനത്താവളത്തിലേക്ക് കോട്ടയം ജില്ലയിലെ മോനിപ്പള്ളിയിൽ നിന്നും ഒരു 20 വയസ്സുകാരൻ വിമാനമിറങ്ങി. തണുപ്പിൽ നിന്നും രക്ഷപ്പെടാൻ ഒരു ജാക്കറ്റു പോലും കൈവശമില്ലായിരുന്നു. പുറത്ത് മരംകോച്ചുന്ന തണുപ്പിലേക്ക് ഇറങ്ങിയ ആ യുവാവ് ഇപ്പോൾ അമേരിക്കയിൽ എത്തിയിട്ട് 50 വർഷം പൂർത്തിയാക്കുകയാണ്, ഒപ്പം 70 വയസ്സും. അമേരിക്കൻ മലയാളികൾക്കിടയിൽ സുപരിചിതനും സാമൂഹിക–സാംസ്കാരിക രംഗത്തെ പ്രമുഖനുമായ ജോൺ ഊരാളിൽ എന്ന ബേബി ഊരാളിലിന്റെ യുഎസ് ജീവിതം ഗോൾഡൻ ജൂബിലിയുടെ തിളക്കത്തിലാണ്. 50 വർഷം മുൻപ് ന്യൂയോർക്കിൽ പറന്നിറങ്ങിയതാണ് ബേബി ഊരാളിൽ. പിന്നീട്, ജീവിതത്തിന്റെ പല കാലഘട്ടങ്ങളിലൂടെ കടന്നുപോയി. പഠനം, ബിസിനസ്, സംഘടനാ പ്രവർത്തനം, കുടുംബം, പുതിയ തലമുറ, അമേരിക്കയുടെ മാറ്റങ്ങൾ തുടങ്ങി നിരവധി വിഷയങ്ങളിലൂടെ ബേബി ഊരാളിൽ തന്റെ യുഎസ് ജീവിതം മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു.

50 വർഷം മുൻപും ഡ്രീം വേൾഡ്

പഠനാവശ്യവുമായി ബന്ധപ്പെട്ടാണ് 50 വർഷം മുൻപ് ബേബി ഊരാളിൽ അമേരിക്കയിലേക്ക് എത്തിയത്. അന്നും ഈ നാട് എല്ലാവരുടെയും സ്വപ്ന രാജ്യമായിരുന്നു. സ്വപ്നം കണ്ടതുപോലെയൊരു അവസ്ഥയായിരുന്നു ഇവിടെ വന്നപ്പോൾ ആദ്യം തോന്നിത്. 1973 ഫെബ്രുവരിയിലെ അതിശൈത്യത്തിൽ മഞ്ഞുമൂടിയ അമേരിക്കയിലേക്കാണ് വന്നിറങ്ങിയത്.

Baby-uralil-pinarayi
ബേബി ഊരാളിൽ പിണറായി വിജയനൊപ്പം.

വന്നു പിറ്റേ ആഴ്ചതന്നെ ക്ലാസിൽ പോയി തുടങ്ങി. ആദ്യമൊക്കെ ഇംഗ്ലിഷിന്റെയും കാലാവസ്ഥയുടെയും ബുദ്ധിമുട്ട് ഉണ്ടായിരുന്നു. വരേണ്ടിയിരുന്നില്ല എന്നു പോലും തോന്നിയിരുന്നുവെന്നു അന്നത്തെ ഓർമകളിലൂടെ കടന്നു പോയ ബേബി പറഞ്ഞു. പിന്നീട് ആ ബുദ്ധിമുട്ടുകൾ കുറഞ്ഞു വന്നു. നാട്ടിൽ നിന്നും പ്രീഡിഗ്രി കഴിഞ്ഞാണ് യുഎസിലേക്ക് മെഡിക്കൽ ടെക്നോളജി പഠിക്കാൻ വന്നത്. അധികം കഴിയുന്നതിനു മുൻപ് പഠനവും കാലാവസ്ഥയും സംസ്കാരവുമെല്ലാമായി ഇഴുകി ചേർന്നു. 

Baby-uralil-birthday-1

ഇന്നത്തെ പോലെയല്ല അന്ന്. വിദ്യാർഥിയായി ഇരിക്കുമ്പോൾ അന്ന് ജോലി ചെയ്യാൻ പറ്റില്ല. പിന്നീട് പഠനം കഴിഞ്ഞ ശേഷം ജോലി ചെയ്യാൻ ട്രെയിനിങ് വീസ കിട്ടി. ആ സമയത്താണ് ജോലിചെയ്യാൻ സാധിക്കുക. പഠിച്ചതിന്റെ അടിസ്ഥാനത്തിൽ ആദ്യം ലാബിലാണ് ജോലി ലഭിച്ചത്. ഇതിനിടെ അവരു തന്നെ സ്പോൺസർ ചെയ്ത് ഗ്രീൻ കാർഡ് ലഭിച്ചു. അമേരിക്കയിൽ സ്ഥിരമായി നിൽക്കാനുള്ള ഗ്രീൻകാർഡ് കിട്ടിയെന്നും ബേബി പറയുന്നു.

വളരെ ചുരുക്കം മലയാളി കമ്മ്യൂണിയെ ആ സമയത്ത് ഉള്ളൂ. അതിനാൽ തന്നെ മലയാളികളെ കാണുമ്പോൾ വലിയ സന്തോഷമാണ്. പലപ്പോഴും മലയാളികളെ തേടിപിടിച്ചു പോവുകയും കാണുകയും ചെയ്യാൻ ശ്രമിച്ചു.

Baby-uralil

പിന്നീട് ന്യൂജഴ്സിയിൽ ചെറിയ തോതിൽ മലയാളി സംഘടനകൾ നിലവിൽ വന്നു. അങ്ങനെ മലയാളം സിനിമകൾ കാണിക്കാൻ തുടങ്ങി. അങ്ങനെ പതിയെ പതിയെ മലയാളി കമ്മ്യൂണിറ്റി വളർന്നു തുടങ്ങി, അതിന്റെ വളർച്ച നേരിട്ടു കാണാനും അനുഭവിക്കാനും സാധിച്ച വ്യക്തികളിൽ ഒരാളാണ് ബേബി ഊരാളി.

കൊടും തണുപ്പിൽ ജാക്കറ്റില്ലാതെ, ആ അനുഭവം

കൊടുംശൈത്യത്തിന്റെ സമയത്താണ് 50 വർഷം മുൻപ് ന്യൂയോർക്കിൽ വിമാനം ഇറങ്ങുന്നത്. തണുപ്പിനെ കുറിച്ച് വലിയ ധാരണ ഇല്ലാത്തതിനാൽ ജാക്കറ്റോ മറ്റു സംവിധാനങ്ങളോ കരുതിയിരുന്നില്ല. വിമാനത്താവളത്തിനു പുറത്ത് സഹോദരി ഗ്രെയ്സി കാത്തു നിൽക്കുന്നുണ്ടായിരുന്നു.

Baby-uralil-birthday-1
ബേബി ഊരാളിന്റെ 70–ാം ജന്മദിനാഘോഷത്തിൽ നിന്ന്.

ജാക്കറ്റൊന്നും ഇല്ലാതെ പുറത്തേക്ക് പോകുന്നത് കണ്ടപ്പോൾ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ അത്ഭുതത്തോടെ നോക്കി. പുറത്ത് കൊടും തണുപ്പാണെന്നും ജാക്കറ്റില്ലാതെ നിങ്ങൾ എങ്ങനെ പുറത്ത് പോകുമെന്നും അവർ ചോദിച്ചു. അതൊന്നും കാര്യമാക്കാതെ പുറത്തേക്ക് ഇറങ്ങി. സഹോദരി ഒരു ജാക്കറ്റുമായി നിൽക്കുന്നുണ്ടായിരുന്നു. അത് അനുഗ്രഹമായി–50 വർഷം മുൻപുള്ള ഓർമകൾ ബേബി ഊരാളി ഓർത്തു. 

സഹോദരി അന്ന് താമസിച്ചിരുന്നത് കന്യാസ്ത്രീകൾ താമസിക്കുന്ന ഒരിടത്തായിരുന്നു. അതിനാൽ അവിടെ നിൽക്കാൻ സാധിക്കില്ലായിരുന്നു. അവിടെ നിന്നും ഏതാണ്ട് ഒരു മൈൽ അകലെ അച്ചൻമാർ താമസിക്കുന്ന സ്ഥലത്തേക്ക് രാത്രി കൊണ്ടുപോയി. അവിടെ കിടക്കാൻ പറഞ്ഞു. നാട്ടിൽ സാധാരണ എഴുന്നേൽക്കുന്ന ശീലത്തിൽ അതിരാവിലെ തന്നെ എഴുന്നേറ്റു. പുറത്ത് നോക്കിയപ്പോൾ മഞ്ഞാണ് ചുറ്റിലും. കാപ്പികുടിക്കാൻ വേണ്ടി, തലേദിവസം വന്ന വഴിയിലൂടെ മഞ്ഞിൽ നടന്നു സഹോദരി താമസിക്കുന്ന സ്ഥലത്തേക്ക് പോയി കാപ്പി കുടിച്ചു. യുഎസിൽ ചെന്ന് തൊട്ടടുത്ത ദിവസം തന്നെ അതൊരു ഭയങ്കര അനുഭമായിരുന്നുവെന്ന് ബേബി ഓർക്കുന്നു.

Baby-uralil-birth-day
ബേബി ഊരാളിന്റെ 70–ാം ജന്മദിനാഘോഷത്തിൽ നിന്ന്.

ആദ്യമായാണ് അന്ന് മഞ്ഞിലൂടെ നടന്നത്. ഇപ്പോൾ അതെല്ലാം ഓർക്കുമ്പോ വലിയ സാഹസം പോലെ തോന്നുന്നുവെന്നും അദ്ദേഹം പറയുന്നു. അങ്ങനെ രണ്ടു ദിവസം താമസിച്ച ശേഷം പഠിക്കുന്ന സ്ഥലത്തേക്ക് പോവുകയും യുഎസ് ജീവിതം ആരംഭിക്കുകയും ചെയ്തു. 

ബിസിനസ്, കുടുംബ ജീവിതം

പഠനത്തിനു ശേഷം ലാബിലാണ് ജോലി ലഭിച്ചത്. സ്പോൺസർ ചെയ്ത സ്ഥാപനത്തിൽ 10 വർഷം ജോലി ചെയ്തു. അന്നു മുതൽ സ്വന്തമായി ഒരു ലാബ് തുടങ്ങണമെന്നായിരുന്നു ആഗ്രഹം. ആദ്യം ജോലി ലഭിച്ചത് വലിയൊരു കമ്പനിയിൽ ആയിരുന്നു. അതിനാൽ, എങ്ങനെയാണ് ലാബ് സ്വന്തമായി നടത്തുമ്പോൾ വരുന്ന കാര്യങ്ങൾ എന്നറിയാൻ സാധിച്ചില്ല. അവിടെ പത്തു വർഷം ജോലി ചെയ്തു. പിന്നീട് അവിടെ നിന്നും രാജിവച്ച് മറ്റൊരു കമ്പനിയിലേക്ക് പോയെങ്കിലും അത് ഇതിലും വലിയ ലാബായിരുന്നു. സ്വന്തമായി ഒരു ലാബ് തുടങ്ങുന്നത് സംബന്ധിച്ച കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചില്ല. 

Baby-uralil-family
ബേബി ഊരാളിൽ കുടുംബത്തിനൊപ്പം.

അവിടെ രണ്ടു വർഷം ജോലി ചെയ്ത ശേഷം ആറു പേർ മാത്രം ഉൾപ്പെടുന്ന വളരെ ചെറിയ ലാബിൽ മാനേജരായി ജോലിയ്ക്കു കയറി. അവിടെ വച്ചാണ് എങ്ങനെയാണ് ഒരു ലാബിന്റെ പൂർണമായ പ്രവർത്തനങ്ങളെന്നും അതിന്റെ നടത്തിപ്പു സംബന്ധിച്ച കാര്യങ്ങളും മനസിലാക്കിയത്. ഒരു വർഷം അവിടെ ജോലി ചെയ്ത ശേഷം ന്യൂയോർക്കിൽ സ്വന്തമായി ‘എയ്സ് ക്ലിനിക്കൽ ലാബ്’ എന്ന സ്ഥാപനം ആരംഭിച്ചു.

പിന്നീട് ആ ലാബ് വിറ്റ്, ടെക്സസിലെ നാലു സിറ്റികളിൽ കുറച്ചുകൂടെ വലിയൊരു ലാബ് തുടങ്ങി. ‘എലീറ്റ് ക്ലിനിക്കൽ ലാബ്’ എന്നായിരുന്നു പേര്. കുറേക്കാലം ഈ ലാബുകളുമായി മുന്നോട്ടു പോയി. വർഷങ്ങൾക്കു ശേഷം ഒരു സ്പെഷ്യാലിറ്റി മോളിക്യുലാർ ലാബ് തുടങ്ങുകയും അതിൽ തുടരുകയും ചെയ്തു. ബിസിനസുകളുമായി മുന്നോട്ടുപോകുന്നതിനിടെയാണ് 1979ൽ ജീവിതത്തിലേക്ക് സലോമി കടന്നു വരുന്നത്. ഡിസംബറിൽ വിവാഹം നടന്നു. രണ്ടു മക്കളാണ്. ഷോബിൻ, ഷാരൻ എന്നിവരാണ്. മക്കളുടെ വളർച്ചയിലും ജീവിതത്തിലും സന്തുഷ്ടവാനാണ് ബേബി.

Baby-uralil-wife
ബേബി ഊരാളിലും ഭാര്യ സലോമിയും.

സംഘടനാ പ്രവർത്തനം

ആദ്യകാല മലയാളി സംഘടനകളിൽ ചെറിയ സ്ഥാനങ്ങൾ വഹിച്ചായിരുന്നു പൊതുരംഗത്തേക്കുള്ള വരവ്. ന്യുയോർക്കിലെ ക്നാനായ കാത്തലിക്ക് അസോസിയേഷന്റെ സെക്രട്ടറിയായി തിരഞ്ഞെടുത്തതാണ് ആദ്യ വലിയ സ്ഥാനം. ഈ പ്രവർത്തനവുമായി മുന്നോട്ടു പോകുന്നതിനിടെയാണ് 1982ൽ ആദ്യ കുഞ്ഞ് ജനിക്കുന്നത്. പിന്നീട്, 1984ൽ മകൾ ഷാരനും ജനിച്ചു. മക്കളുടെ ജനനത്തോടെ സംഘടനാ പരിപാടികൾ ഉൾപ്പെടെയുള്ളവ മാറ്റി വയ്ക്കുകയും അവരുടെ കാര്യങ്ങൾ പൂർണമായി ശ്രദ്ധിക്കാനും തീരുമാനിച്ചു. 

Baby-uralil-family1

കുട്ടികളുടെ ഹൈസ്കൂൾ വിദ്യാഭ്യാസം കഴിയുന്നതുവരെ സാമൂഹിക പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിന്നു. മക്കളുടെ വളർച്ചയിൽ പൂർണമായും അവർക്കൊപ്പം നിന്നു. പിന്നീട്, മകന്റെ ഗ്രാജുവേഷൻ കഴിഞ്ഞിട്ടാണ് സംഘടനകളിൽ സജീവമാകാൻ തുടങ്ങിയത്. ന്യൂയോർക്ക് ക്നാനായ അസോസിയേഷന്റെ പ്രസിഡന്റായി. അടുത്ത വർഷം കെസിസിഎൻഎയുടെ പ്രസിഡന്റായി മൽസരിക്കുകയും ജയിക്കുകയും ചെയ്തു. മൂന്നു വർഷം പ്രസിഡന്റായിരുന്നു. അന്ന് ഹൂസ്റ്റണിലെ ഒരു ഹോട്ടലിൽ വച്ച് കൺവൻഷൻ സംഘടിപ്പിച്ചു. അന്ന് ആദ്യമായിട്ടായിരുന്നു കെസിസിഎൻഎയുടെ ഒരു കൺവെൻഷൻ ഹോട്ടലിൽ നടക്കുന്നത്. വിപ്ലവകരമായ മാറ്റമായിരുന്നുവത്. വലിയ വിജയവുമായിരുന്നു.

Baby-uralil-chamathil

ഇതിനു ശേഷം രണ്ടു വർഷം ലോങ്ഐലൻഡ് മലയാളി അസോസിയേഷന്റെ പ്രസിഡന്റായി. ഇതിന്റെ പ്രവർത്തനങ്ങൾക്കു ശേഷം എതിരില്ലാതെ ഫോമയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. സംഘടനയുടെ മൂന്നാമത്തെ പ്രസിഡന്റായിരുന്നു. രണ്ടു വർഷം ഫോമയുടെ പ്രസിഡന്റായിരുന്നു. ഏത് സംഘടനയിൽ പ്രവർത്തിച്ചാലും അതിൽ ഒപ്പമുണ്ടായിരുന്നവരുടെ പിന്തുണ എടുത്തു പറയേണ്ട കാര്യമാണ്. ഒറ്റയാൾ പോരാട്ടത്തിലൂടെ ഒന്നും നേടാൻ സാധിക്കില്ല. സംഘടനകളിൽ ഭാരവാഹികളായിരുന്ന മറ്റുള്ളവരുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് നേടിയ വിജയങ്ങളെല്ലാം. കൂടെയുണ്ടായിരുന്നവർ വലിയ പിന്തുണ നൽകിയെന്നും ബേബി ഊരാളിൽ പറയുന്നു.

മറ്റൊരു പ്രധാന പ്രവർത്തന മേഖലയായിരുന്നു ന്യൂയോർക്കിൽ മലയാളികളുടെ ചേംബർ ഓഫ് കൊമേഴ്സ് ഉണ്ടാക്കിയത്. അതിന്റെ പ്രസിഡന്റായിരുന്നു. പിന്നീട് സംസ്ഥാന സർക്കാർ പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി ആരംഭിച്ച ലോകകേരള സഭയിൽ രണ്ടു തവണ അംഗമായിരുന്നു. നിലവിൽ വിശ്രമ ജീവിതം നയിക്കുകയാണ് ബേബി. സജീവ സംഘടനാ പ്രവർത്തനങ്ങൾ ഇല്ല. എങ്കിലും ആരെങ്കിലും ഉപദേശങ്ങൾ തേടിയാൽ അവർക്ക് വേണ്ട നിർദേശങ്ങൾ നൽകും. പുതിയ തലമുറ കടന്നു വരട്ടേ, പുതിയ ആശയങ്ങളും എന്നാണ് ബേബിയുടെ പക്ഷം.

Baby-uralil-pope

പ്രവാസികൾക്കിടയിൽ മലയാളി സംഘടനകൾ സജീവമായി വേണമെന്നാണ് ബേബിയുടെ അഭിപ്രായം. ഇത്തരം സംഘടനകൾ പ്രവർത്തിച്ചാലെ മലയാളിയെന്ന ഐഡന്റിറ്റി നിലനിർത്താൻ സാധിക്കൂ. എന്നാൽ, ജാതി–മത സംഘടനങ്ങൾക്കു പകരം വിശാലമായ അർഥത്തിൽ മലയാളി കൂട്ടായ്മയാണ് വേണ്ടത്.

ഇപ്പോൾ, ജാതി–മത സംഘടനകളുടെ എണ്ണമാണ് വർധിക്കുന്നത്. ലോകത്ത് ഏത് രാജ്യത്താണെങ്കിലും മലയാളികൾ ഒറ്റക്കെട്ടായി നിൽക്കണം. അതോടൊപ്പം, വിശ്വാസങ്ങൾ വ്യക്തിപരമായി നിർത്താൻ ശ്രദ്ധിക്കുകയും വേണം. ഇത്തരം സംഘടനകളുടെ പ്രധാന ഗുണം പ്രവാസികളുടെ പ്രശ്നങ്ങൾ വരുമ്പോൾ ഒരുമിച്ച് ശബ്ദിക്കാൻ കഴിയുമെന്നതാണ്. അതിന്റെ ശക്തി വലുതാണ്.

Baby-uralil-birthday
ബേബി ഊരാളിന്റെ 70–ാം ജന്മദിനാഘോഷത്തിൽ നിന്ന്.

ഇപ്പോൾ തന്നെ നാട്ടിൽ പൂട്ടി കിടക്കുന്ന പ്രവാസികളുടെ വീടുകൾക്ക് നികുതി ഏർപ്പെടുത്താൻ ആലോചന വന്നിരുന്നല്ലോ. പ്രവാസി സംഘടനകളുടെ ഭാരവാഹികൾ മന്ത്രിയുമായി സംസാരിച്ച് ആ നീക്കം അവസാനിപ്പിച്ചു. ഒസിഐ കാർഡ് പ്രശ്നം വന്നപ്പോൾ ഇടപെട്ടു, സ്വർണം നാട്ടിൽ കൊണ്ടുപോകുന്നതിന് നിയന്ത്രണം വന്നപ്പോൾ സംഘടനകൾ ഇടപ്പെട്ടു ഇങ്ങനെ പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സഹായിക്കുന്നത് ഇത്തരം സംഘടനകൾ കൊണ്ടാണ്.

50 വർഷത്തെ യുഎസ് ജീവിതം

അമേരിക്കയിലെത്തി 50 വർഷം കഴിഞ്ഞു. തിരിഞ്ഞു നോക്കുമ്പോൾ ഒരു കാര്യത്തിലും കുറ്റബോധം തോന്നുന്നില്ലെന്നു ഉറപ്പിച്ചു പറയാൻ സാധിക്കും. ഞാൻ എന്റെ ജീവിതം പൂർണമായും ഉപയോഗിച്ചുവെന്നു അഭിമാനത്തോടെ പറയാൻ കഴിയും. ആദ്യം ഇവിടെ വിദ്യാർഥിയായാണ് എത്തിയത്. ആ ജീവിതം നന്നായി ആസ്വദിച്ചു. പിന്നീട് ബാച്‍ലർ ജീവിതം. അതും നന്നായി ജീവിച്ചു. പിന്നീട് വിവാഹം. അതും നന്നായി പോകുന്നു. പൂർണ സംതൃതിയോടെയാണ് ഇപ്പോൾ നിൽക്കുന്നത്.

Baby-uralil-birthday-2

മക്കളാണ് നമ്മുടെ ഏറ്റവും വലിയ നിക്ഷേപം എന്നാണ് ബേബി ഊരാളി പറയുന്നത്. അവരെ നമ്മൾ കരുതലോടെ വളർത്തിയെടുക്കണം. അവർ നല്ല നിലയിൽ ആകുമ്പോൾ നമ്മൾക്കും സംതൃപ്തിയാണ്. മക്കളുടെ ജീവിതം നല്ല രീതിയിൽ ആയില്ലെങ്കിൽ നമ്മുടെ ജീവിതം പരാജയമാണെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം പറയുന്നു.

അമേരിക്ക അന്നും ഇന്നും ഡ്രീം ലാൻഡ്

അമേരിക്കയെന്നാൽ ഒറ്റവാക്കിൽ ‘ലക്ഷ്വറി ഓഫ് ലൈഫ്’ എന്നു വിശേഷിപ്പിക്കാം. അത് അമേരിക്കയിൽ ഉള്ളതുപോലെ ലോകത്ത് എവിടെയുമില്ല. ആദ്യമായി യുഎസിൽ എത്തിയ സമയത്ത് ഇവിടെ വലിയ രീതിയിൽ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ഇഷ്ടമുള്ള കാര്യങ്ങൾ എന്തും ചെയ്യാമായിരുന്നു. എന്നാൽ, അത് ക്രമേണ കുറഞ്ഞു വരുന്നതായാണ് കാണുന്നത്. പ്രത്യേകിച്ച് 9/11ലെ ഭീകരാക്രമണത്തിനു ശേഷം. ആ സംഭവത്തിനു ശേഷം സ്വാതന്ത്ര്യത്തിൽ വലിയ കുറവ് ഉണ്ടായിട്ടുണ്ട്.

Baby-uralil-roshi
ബേബി ഊരാളിൽ മന്ത്രി റോഷി റോഷി അഗസ്റ്റിനൊപ്പം.

പിന്നെ, മറ്റൊരു രാജ്യത്തെ പൗരൻ എന്ന നിലയിൽ നമ്മൾ കുറച്ചുകൂടെ ശ്രദ്ധയോടെ ജീവിക്കണം. അമേരിക്കക്കാർ ഇപ്പോൾ നമ്മളെ വിദേശികളായി കാണാൻ തുടങ്ങിയിട്ടുണ്ട്. നമ്മുടെ ജീവിതത്തിൽ കുറച്ച് ജാഗ്രത വേണമെന്നും 50 വർഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിൽ ബേബി പറയുന്നു.

അമേരിക്ക ഇന്നും അവസരങ്ങളുടെ ഭൂമിയാണ്. ഇവിടെയുള്ളതു പോലെയുള്ള അവസരങ്ങൾ നമ്മുടെ നാട്ടിൽ ഇല്ല. നമ്മുടെ നാടിനോട് പ്രത്യേക ഇഷ്ടവും നൊസ്റ്റാൾജിയയും എല്ലാമുണ്ട്. പക്ഷേ, നാട്ടിൽ വളരാൻ അവസരം കുറവാണ്. നാടിനു നാടിന്റെ സൗന്ദര്യമുണ്ട്. നാട്ടിലേക്ക് പോകുമ്പോൾ അമ്മയുടെ അടുത്ത് ചെല്ലുന്ന പോലെ സന്തോഷം ലഭിക്കും.

Baby-uralil-jose-k-mani
ബേബി ഊരാളിലും ഭാര്യ സലോമിയും ജോസ് കെ മാണിക്കും ഭാര്യ നിഷയ്ക്കും ഒപ്പം.

എന്നാൽ, അമേരിക്കയിൽ കഠിനാധ്വാനം ചെയ്താൽ വിജയിക്കാം എന്നതിൽ സംശയമില്ല. അതിന് രാഷ്ട്രീയം, സാമൂഹിക ഇടപെടൽ തുടങ്ങിയ കാര്യങ്ങൾ ഇല്ല. എത്രത്തോളം വളരാൻ സാധിക്കുമോ അത്രയും വളരാം. അമേരിക്കയിലേക്ക് വരുന്ന പുതിയ തലമുറയോട് ബേബി ഊരാളിക്ക് പറയാനുള്ളത് ഒറ്റകാര്യമാണ്: ‘ഇവിടെ വന്ന് നന്നായി പഠിക്കണം. അഭ്യസ്ഥവിദ്യരായ ഒരാൾക്ക് കഠിനാധ്വാനം ചെയ്യാൻ മനസ്സുണ്ടെങ്കിൽ‍ അമേരിക്ക ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല’.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com