ഡാലസ് ∙ വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് രൂപപ്പെട്ട ശക്തമായ മഴയിലും കാറ്റിലും വടക്കൻ ടെക്‌സസിൽ പ്രധാനമായും ഫോർട്ട് വർത്ത്, ഇർവിങ് മേഖലയിലെ പല വീടുകളിലും വൈദ്യുതി വിതരണം തടസ്സപെട്ടു. രാത്രി ഒൻപത് മണിവരെയുള്ള കണക്കനുസരിച്ച് 8500-ഓളം പേർക്ക് വൈദ്യുതിയില്ല.
ശക്തമായ കൊടുങ്കാറ്റിൽ റോഡരികിൽ വെള്ളപ്പൊക്കമുണ്ടായി, ആലിപ്പഴവും ശക്തമായ കാറ്റും ഡാലസ് ഫോർട്ട് വർത്തിലെ ജനജീവിതം സ്തംഭിപ്പിച്ചു. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് വടക്കൻ ടെക്സാസിലൂടെ നീങ്ങിയ ശക്തമായ കൊടുങ്കാറ്റ് അസാധാരണമായ തണുത്ത കാലാവസ്ഥയാണ് പ്രദേശത്തേക്ക് സൃഷ്ടിച്ചത്.

ചുഴലിക്കാറ്റ് വടക്കൻ ടെക്‌സസിന്റെ കിഴക്കും തെക്കുകിഴക്കും ഭാഗത്തേക്ക് നീങ്ങുന്നതിനാൽ ഡാലസ് കൗണ്ടിയുടെ ചില ഭാഗങ്ങളിൽ അരമണിക്കൂറോളം ചുഴലിക്കാറ്റ് മുന്നറിയിപ്പ് പ്രാബല്യത്തിൽ ഉണ്ടായിരുന്നു.
ഡാലസ്, ടാറന്റ് കൗണ്ടികളിലെ ചില ഭാഗങ്ങളിൽ നാഷനൽ വെതർ സർവീസ് വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിരുന്നു. മേഖലയിൽ മഴയും ആലിപ്പഴവും പെയ്തതിനാൽ റോഡുകളിൽ വെള്ളകെട്ട് രൂപപ്പെട്ടിരുന്നു.
ഫോർട്ട് വർത്ത്, നോർത്ത് റിച്ച്‌ലാൻഡ് ഹിൽസ് എന്നിവിടങ്ങളിലെ റോഡുകൾ വെള്ളത്തിനടിയിലായതായി നിരവധി റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു.
ഫാർ നോർത്ത് ഡാലസിലും ഓൾഡ് ഈസ്റ്റ് ഡാലസിലും വ്യാഴാഴ്ചത്തെ കൊടുങ്കാറ്റിൽ രണ്ട് തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് . ഇടിമിന്നലാണ് തീപിടിത്തത്തിന് കാരണമെന്ന് പരിസരവാസികൾ പറഞ്ഞു.
13 കാർ അപകടങ്ങൾ റിപ്പോർട്ട് ചെയ്തു. കൊടുങ്കാറ്റിനിടെ ഉണ്ടായ അപകടങ്ങളിൽ അഞ്ച് പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
English Summary : Heavy rain and high winds cause power outages across North Texas