ADVERTISEMENT

ന്യൂയോർക്ക്∙സെന്റ് പാട്രിക്സ് ഡേ പരേഡിനിടെ യോങ്കേഴ്‌സ് മേയറായ മൈക്ക് സ്പാനോയെയും പൊലീസ് ഡിപ്പാർട്ട്‌മെന്റിലെ അംഗങ്ങളെയും കശാപ്പ് ചെയ്യുമെന്നും ക്രൂശിക്കുമെന്നും ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത യുവാവ് അറസ്റ്റിൽ. ന്യൂയോർക്കിൽ നിന്നുള്ള റിഡൺ കോല( 32) ആണു പരേഡിന് ഒരു ദിവസം മുൻപു വെള്ളിയാഴ്ച  കസ്റ്റഡിയിലായതെന്നു ന്യൂയോർക്കിലെ സതേൺ ഡിസ്ട്രിക്റ്റിനായുള്ള യുഎസ് അറ്റോർണി പറഞ്ഞു.

 

2021 ലാണു കോല സന്ദേശങ്ങൾ പോസ്റ്റ് ചെയ്യാൻ തുടങ്ങിയത്. 2021 നവംബർ 19 ലെ ഒരു പോസ്റ്റിൽ ഞാൻ  ചെറിയ പെൺകുട്ടികളെ കൊല്ലാൻ പോകുന്നു എന്ന് അൽബേനിയൻ ഭാഷയിൽ  ഭീഷണി എഴുതി .അടുത്ത മാസം ഓഫിസർമാരെയും മേയറായ മൈക്ക് സ്പാനോയെയും കൊല്ലാൻ പോകുകയാണെന്ന് എഴുതി.

 

അന്വേഷകർ 2021 ഡിസംബറിൽ കോലയുടെ വീട്ടിൽ വച്ചു സംസാരിച്ചു. സന്ദേശങ്ങൾ എഴുതിയതായി സമ്മതിച്ചെങ്കിലും അവ ഗൗരവമുള്ളതല്ലെന്നും ഉദ്യോഗസ്ഥരെയോ മേയറെയോ ഉപദ്രവിക്കാൻ തനിക്കു പദ്ധതിയില്ലെന്നും അയാൾ പറഞ്ഞിരുന്നു. പൊലീസ് ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും ആയുധങ്ങളൊന്നും കണ്ടെത്തിയില്ല. ഭീഷണികൾ കാരണം, കോലയുമായി ഇടപഴകുമ്പോൾ "ശ്രദ്ധയും ജാഗ്രതയും പാലിക്കാൻ" പൊലീസ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നു.

 

എന്നാൽ ഈ മാസം ആദ്യം, കോല വീണ്ടും ഭീഷണി സന്ദേശങ്ങൾ അയയ്ക്കാൻ തുടങ്ങി, മാർച്ച് 6 ന് താൻ ഒരു ഉദ്യോഗസ്ഥനെ തിരയുകയാണെന്നും  കണ്ടെത്തിയാൽ  ചുട്ടെരിക്കും" എന്നും എഴുതിയതായി പരാതിയിൽ പറയുന്നു. മാർച്ച് 9 ന് അയച്ച സന്ദേശത്തിൽ, പൊലീസിനെയും അവരുടെ മേലുദ്യോഗസ്ഥരെയും ക്രൂശിക്കുമെന്നു കോല ഭീഷണിപ്പെടുത്തി. “ഇതൊരു ഹൊറർ സീനായിരിക്കും,” എന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു.

 

പരേഡ് അവസാനിക്കുന്ന സ്ഥലത്തിനു സമീപമുള്ള പ്രദേശത്താണു കോല താമസിക്കുന്നതെന്നും കോടാലി പിടിച്ചു നിൽക്കുന്ന ഒരു ചിത്രം ഇയാൾ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും പ്രോസിക്യൂട്ടർമാർ പറഞ്ഞു.

 

‘‘കോലയുടെ പ്രവൃത്തി വച്ചു പൊറുപ്പിക്കില്ല.പൊലീസിനെ  ഭീഷണിപ്പെടുത്തുന്നതിനോ പൊതു സുരക്ഷയെ തുരങ്കം വയ്ക്കുന്നതിനോ അനുവദിക്കില്ല’’. – യുഎസ് അറ്റോർണി ഡാമിയൻ വില്യംസ് പറഞ്ഞു. കുറ്റം തെളിഞ്ഞാൽ അഞ്ചു വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണു കോലയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com