ADVERTISEMENT

സാന്‍ഹൊസെ ∙ വടക്കെ അമേരിക്കയിലെ ക്നാനായ കത്തോലിക്കരുടെ ദേശീയ സംഘടനയായ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെസിസിഎന്‍എ) അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള (2023-2025) പ്രസിഡന്റായി ഷാജി എടാട്ട് (വോട്ട് - 79) തിരഞ്ഞെടുക്കപ്പെട്ടു. എതിർ സ്ഥാനാർഥി ടോമി മ്യാല്‍ക്കരപ്പുറത്തിന് 52 വോട്ടു ലഭിച്ചു. മാര്‍ച്ച് 18-ന് ശനിയാഴ്ച സാന്‍ഹൊസെയില്‍ വെച്ചാണ് തിരഞ്ഞെടുപ്പ് നടന്നത്. ഷിക്കാഗോയില്‍ നിന്നും ഷാജി എടാട്ടിന്‍റെ നേതൃത്വത്തിലുള്ള ടീം യുണൈറ്റഡും ഫ്ലോറിഡായില്‍ (ടാമ്പാ) നിന്നും ടോമി മ്യാല്‍ക്കരപ്പുറത്തിന്‍റെ നേതൃത്വത്തിലുള്ള ടീം എന്‍ഡോഗമിയും തമ്മില്‍ ശക്തമായ മത്സരമാണ് നടന്നത്. പീറ്റർ ചെമ്മലക്കുഴിയും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു.

kccna-1

ടീം യുണൈറ്റഡിന് നേതൃത്വം നൽകിയ ഷാജി എടാട്ട് 1996 ൽ ഷിക്കാഗോയിൽ വെച്ചു നടത്തപ്പെട്ട രണ്ടാമത് കെസിസിഎൻഎ കൺവൻഷന്റെ ഫൈനാൻസ് ചെയർമാൻ, മലയാളി എൻജിനീയേഴ്സ് അസോസിയേഷൻ പ്രസിഡന്റ്, ഷിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റി പ്രസിഡന്റ് തുടങ്ങി വിവിധ നിലകളിൽ കഴിവു തെളിയിച്ചിട്ടുള്ള വ്യക്തിയാണ്. ഷാജി എടാട്ടിന്റെ നേതൃത്വത്തിലുള്ള കെസിഎസ് ഭരണ സമിതിയാണ് ഹോഫ്മാൻ എസ്റ്റേറ്റിൽ ഏഴ് ഏക്കർ സ്ഥലം ക്നാനായ കമ്മ്യൂണിറ്റിക്ക് വേണ്ടി വാങ്ങുവാൻ നേതൃത്വം നൽകിയത്. മികച്ച സംഘാടകനും വാഗ്മിയുമാണ് ഷാജി എടാട്ട്.

വടക്കെ അമേരിക്കയില്‍ ഏറ്റവുമധികം അംഗങ്ങളെ പ്രതിനിധാനം ചെയ്യുന്ന സാമുദായിക സംഘടനയാണ് കെസിസിഎന്‍എ. ഇരുപത്തിയൊന്ന് ക്നാനായ കത്തോലിക്കാ സംഘടനകളുടെ ദേശീയ പ്രസ്ഥാനമായ കെസിസിഎന്‍എയുടെ പുതിയ നാഷനല്‍ കൗണ്‍സിലില്‍ വോട്ടവകാശമുള്ള 133 അംഗങ്ങളാണുള്ളത്. മൂന്ന് മുന്‍ പ്രസിഡന്റുമാരടങ്ങിയതായിരുന്നു കെസിസിഎന്‍എ ഇലക്ഷന്‍ കമ്മിറ്റി. സണ്ണി പൂഴിക്കാലാ (ചെയര്‍മാന്‍), ബേബി മണക്കുന്നേല്‍, അലക്സ് മഠത്തിത്താഴെ എന്നിവര്‍ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

kccna-2

ജിപ്സണ്‍ പുറയംപള്ളില്‍ (എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), അജീഷ് പോത്തന്‍ താമരാത്ത് (ജനറല്‍ സെക്രട്ടറി), ജോബിന്‍ കക്കാട്ടില്‍ (ജോയിന്‍റ് സെക്രട്ടറി), സാമോന്‍ പല്ലാട്ടുമഠം (ട്രഷറര്‍) എന്നിവരാണ് മറ്റു ഭാരവാഹികൾ. യൂത്ത് നോമിനി ഫിനു തൂമ്പനാല്‍ (വൈസ് പ്രസിഡന്റ്), വുമണ്‍ നോമിനി നവോമി മരിയ മാന്തുരുത്തില്‍ (ജോയിന്‍റ് ട്രഷറര്‍) എന്നിവരും പുതിയ ഭരണസമിതിയിൽ ഉൾപ്പെടുന്നു.

ക്നാനായ സമുദായത്തിന്റെ അടിസ്ഥാന പ്രമാണങ്ങളിൽ വെള്ളം ചേർക്കാതെ ശക്തമായ സമുദായ സംഘടനയായി കെസിസിഎൻഎ എന്ന പ്രസ്ഥാനത്തെ മുന്നോട്ടു നയിക്കുമെന്ന് പുതിയ പ്രസിഡന്റ് ഷാജി എടാട്ട് പ്രസ്താവിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com