ADVERTISEMENT

ഹൂസ്റ്റണ്‍ ∙ ലോകത്ത് എല്ലാവര്‍ക്കും ഹരമാണ് ടിക് ടോക്. എന്നാല്‍ പല ഭരണകൂടങ്ങള്‍ക്കും 'ഹറാമാ'കുകയാണ് ഈ ജനപ്രിയ ആപ്പ്. ആദ്യം നിരോധിച്ചത് ഇന്ത്യയാണ്. വ്യക്തിഗത വിവരങ്ങള്‍ ചോർത്തുകയാണ് കമ്പനി എന്ന് ഇന്ത്യ പറഞ്ഞപ്പോള്‍ പലരും നെറ്റിചുളിച്ചു. പക്ഷേ ഇപ്പോഴിതാ കൂടുതല്‍ രാജ്യങ്ങള്‍ ഇന്ത്യയുടെ വഴിയേ വരികയാണ്. പട്ടികയില്‍ ഏറ്റവും ഒടുവിലായി എത്തുന്നത് യുഎസാണ്. 

 

വിഡിയോ ഷെയറിങ് ആപ്പായ ടിക് ടോക് യുഎസില്‍ നിരോധിക്കണമെന്ന ആവശ്യമുയരുന്നതിനിടെ, കമ്പനിയുടെ സിഇഒ ഷൗ സി ച്യൂ വ്യാഴാഴ്ച യുഎസ് ഹൗസ് എനര്‍ജി ആന്‍ഡ് കൊമേഴ്സ് കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കും. കമ്പനിയുടെ സ്രഷ്ടാക്കളും മൂന്ന് യുഎസ് ഡെമോക്രാറ്റിക് പാര്‍ട്ടി നിയമനിർമാതാക്കളും ചൈനയുടെ ഉടമസ്ഥതയിലുള്ള ഹ്രസ്വ വീഡിയോ പങ്കിടല്‍ ആപ്പിന് നിരോധനം ഏര്‍പ്പെടുത്തുന്നതിനെ എതിര്‍ത്തതായി പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് പുതിയ സംഭവ വികാസങ്ങള്‍. 

 

ചൈനീസ് കമ്പനിയായ ബൈറ്റാന്‍സിന്റെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോമാണ് ടിക് ടോക്ക്. ചൈനീസ് സര്‍ക്കാരുമായി ഡേറ്റ പങ്കിടുന്നില്ലെന്നാണ് കമ്പനി വാദിക്കുന്നത്. മറ്റ് സോഷ്യല്‍ മീഡിയ കമ്പനികളേക്കാള്‍ കൂടുതല്‍ ഉപയോക്തൃ ഡേറ്റ ശേഖരിക്കുന്നു എന്ന ആരോപണവും തെറ്റാണെന്ന് ഇവര്‍ പറയുന്നു.  ചെറുകിട ബിസിനസ്സുള്ള വ്യക്തികളെ സഹായിക്കുന്ന വിഡിയോകള്‍ പോസ്റ്റുചെയ്യുന്നതിനെ നിരോധനം പ്രതികൂലമായി ബാധിക്കും എന്നാണ് ടിക് ടോക് സ്രഷ്ടാക്കള്‍ളുടെ വാദം. കമ്പനിയുടെ കണക്കനുസരിച്ച്, 5 ദശലക്ഷം ബിസിനസുകാർ ആപ്പ് ഉപയോഗിക്കുന്നുണ്ട്.

 

ടിക് ടോക്ക് കണ്ടന്റ് ക്രിയേറ്ററായ ജേസണ്‍ ലിന്റണ്‍ ടിക് ടോക് ഉപയോഗിച്ചാണ് ഒക്‌ലഹോമയിലെ തന്റെ ദത്തെടുത്ത മൂന്ന് കുട്ടികളുടെ വിഡിയോകള്‍ ലോകവുമായി പങ്കിടുന്നത്. അതുവഴി തന്നെയാണ് ലോകത്തുള്ള ആയിരക്കണക്കിന് ഫോളോവേഴ്‌സുമായി താന്‍ സംവദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.  'ഞാന്‍ നമ്മുടെ രാഷ്ട്രീയക്കാരോട് ആവശ്യപ്പെടുന്നു - നാമെല്ലാവരും കെട്ടിപ്പടുത്ത സമൂഹത്തെ എടുത്തുകളയരുത് - നിലനില്‍ക്കുന്നതും സ്‌നേഹിക്കുന്നതുമായ ഒരു സമൂഹം ആണിത്,' ലിന്റണ്‍ പറഞ്ഞു. എന്നാല്‍ ടിക് ടോക്ക് നിരോധനവുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് യുഎസ് നിയമനിർമാതാക്കള്‍ ആഗ്രഹിക്കുന്നത്. 

 

യുഎസിലെ ടിക് ടോക് ഉപയോക്താക്കളുടെ ഡേറ്റ ചൈനീസ് സര്‍ക്കാരിന് കൈമാറുകയാണെന്ന സംശയത്തെ തുടര്‍ന്നാണ് അധികൃതര്‍ നിരോധനവുമായി മുന്നോട്ടു പോകുന്നത്. കഴിഞ്ഞയാഴ്ച യുഎസ് ഭരണകൂടം ടിക് ടോക്കിന്റെ ചൈനീസ് ഉടമകളോട് അവരുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അല്ലാത്തപക്ഷം യുഎസില്‍ നിരോധനം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു. 

 

ഏതൊക്കെ രാജ്യങ്ങളാണ് ഇതുവരെ ടിക് ടോക്ക് നിരോധിച്ചത്?

 

ഔദ്യോഗിക ഉപകരണങ്ങളാല്‍ ടിക് ടോക് നിരോധിക്കുന്നതിന് നിരവധി രാജ്യങ്ങളും സംഘടനകളും സമീപകാലത്ത് ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പ്ലാറ്റ്ഫോമിനെക്കുറിച്ചും ചൈനയുമായുള്ള ബന്ധത്തെക്കുറിച്ചും പല രാജ്യങ്ങളും സംശയാലുക്കളാണ്. അതുകൊണ്ടുതന്നെ ടിക് ടോക് ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തണം എന്ന പക്ഷക്കാരാണ് ബഹുഭൂരിപക്ഷം രാജ്യങ്ങളും. ടിക് ടോക്കിന് ഭാഗികമായോ പൂര്‍ണ്ണമായോ നിരോധനം ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെ പട്ടിക ചുവടെ. 

 

ഇന്ത്യ

 

സ്വകാര്യതയും സുരക്ഷാ പ്രശ്‌നങ്ങളും സംബന്ധിച്ച ആശങ്കകള്‍ കണക്കിലെടുത്ത്, ഇന്ത്യ ടിക് ടോക്കിനും മറ്റ് ഡസന്‍ കണക്കിന് ചൈനീസ് ആപ്പുകള്‍ക്കും 2020-ല്‍ നിരോധനം ഏര്‍പ്പെടുത്തിയത്. സ്വകാര്യതയെയും സുരക്ഷാ ആവശ്യകതകളെയും കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാന്‍ കമ്പനികള്‍ക്ക് കുറച്ച് സമയം നല്‍കിയിരുന്നു. തൃപ്തികരമായ മറുപടി നല്‍കാത്തതിനാല്‍  2021 ജനുവരിയില്‍ നിരോധനം നടപ്പാക്കി.

 

തായ്‌വാന്‍

 

2022 ഡിസംബറില്‍, ദേശീയ സുരക്ഷാ അപകടമുണ്ടാക്കുന്നുവെന്ന് എഫ്ബിഐ മുന്നറിയിപ്പ് നല്‍കിയതിനെത്തുടര്‍ന്ന് 

തായ്‌വാന്‍ ടിക്ടോക്കിന് പൊതുമേഖലയിൽ നിരോധനം ഏര്‍പ്പെടുത്തി. രാജ്യത്തെ മൊബൈല്‍ ഫോണുകള്‍, ടാബ്, കംപ്യൂട്ടറുകള്‍ എന്നിവയുള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഉപകരണങ്ങള്‍ക്ക് ചൈനീസ് നിർമിത സോഫ്റ്റ്‌വെയർ ഉപയോഗിക്കാന്‍ അനുവാദമില്ല. ടിക് ടോക്കിന് പുറമേ മറ്റൊരു ടിക് ടോക് മോഡല്‍ ചൈനീസ് ആപ്പായ Douyin, ചൈനീസ് ജീവിതശൈലി ഉള്ളടക്ക ആപ്പായ Xiaohongshu എന്നിവയും നിരോധിച്ചവയില്‍ ഉള്‍പ്പെടുന്നു.

 

അമേരിക്ക

 

ഫെഡറല്‍ ഉപകരണങ്ങളില്‍ നിന്നും സിസ്റ്റങ്ങളില്‍ നിന്നും ക് ടോക്ക്  ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് 30 ദിവസത്തെ സമയമുണ്ടെന്ന് അടുത്തിടെ അമേരിക്ക പറഞ്ഞിരുന്നു. ചില യുഎസ് നിയമനിർമാതാക്കള്‍ പൂര്‍ണ്ണമായ നിരോധനം നടപ്പാക്കാൻ വാദിക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ ഉപകരണങ്ങള്‍ക്ക് മാത്രമേ നിരോധനം ബാധകമാകൂ. 50 യുഎസ് സംസ്ഥാനങ്ങളില്‍ പകുതിയിലേറെയും സര്‍ക്കാര്‍ ഉപകരണങ്ങളില്‍ നിന്ന് ആപ്പ് നിരോധിച്ചു. ചൈനയാകട്ടെ ഈ നീക്കത്തെ അപലപിക്കുകയും ചെയ്തു. നിരോധനത്തെ ഭരണകൂട അധികാര ദുര്‍വിനിയോഗമായും അടിച്ചമര്‍ത്തലാണെന്നും ചൈന വിശേഷിപ്പിച്ചു.

 

കാനഡ

 

ഫെബ്രുവരി അവസാനത്തോടെ, സര്‍ക്കാര്‍ നല്‍കിയ ഉപകരണങ്ങളിൽ ടിക് ടോക് ഉപയോഗിക്കരുതെന്ന് കാനഡ പ്രഖ്യാപിച്ചു, ഇത് സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും അപകടമാണ്. 

 

പാക്കിസ്ഥാന്‍

 

2020 ഒക്ടോബര്‍ മുതല്‍ പാക്കിസ്ഥാന്‍ അധികാരികള്‍ ടിക് ടോക് താല്‍ക്കാലികമായി നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ധാര്‍മികതയുടെ പേരിലാണ് നിരോധനം എന്നു മാത്രം. ആപ്പ് അധാര്‍മികമായ ഉള്ളടക്കം പ്രോത്സാഹിപ്പിക്കുന്നു എന്നായിരുന്ന പാക്കിസ്ഥാന്റെ വാദം. 

 

അഫ്ഗാനിസ്ഥാന്‍

 

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ നേതൃത്വം 2022 ല്‍ ടിക് ടോകും പബ്ജിയും നിരോധിച്ചു, യുവാക്കളെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ നിന്ന് സംരക്ഷിക്കുന്നു എന്നതിന്റെ പേരിലായിരുന്നു നിരോധനം. 

 

ചില രാജ്യങ്ങള്‍ ഒഴികെ, യൂറോപ്യന്‍ പാര്‍ലമെന്റ്, യൂറോപ്യന്‍ കമ്മീഷന്‍, യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സില്‍ എന്നീ മൂന്ന് പ്രമുഖ യൂറോപ്യന്‍ യൂണിയന്‍ ബോഡികളും ഔദ്യോഗിക ഉപകരണങ്ങളില്‍ ടിക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com