ADVERTISEMENT

ഹൂസ്റ്റണ്‍∙ ടെക്‌സസിലെ വാക്കോയില്‍ ഉയര്‍ന്നത് യുദ്ധ പ്രഖ്യാപനത്തിന്റെ ശംഖുനാഥമാണ്.  ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു കഴിഞ്ഞു, താന്‍ യുദ്ധസന്നദ്ധനാണെന്ന്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന റിപ്പബ്ലിക്കന്‍ പ്രൈമറി തിരഞ്ഞെടുപ്പിനു മുന്നോടിയായി തന്റെ അടിത്തറ തകര്‍ക്കാന്‍ ഗൂഢാലോചന നടത്തുന്ന പ്രോസിക്യൂട്ടര്‍മാര്‍ക്കെതിരെ ആഞ്ഞടിച്ചു കൊണ്ട് വാക്കോയില്‍ തന്റെ ആദ്യ തിരഞ്ഞെടുപ്പ് റാലിയില്‍ ട്രംപ് വാചാലനായി. 

 

ശനിയാഴ്ച വാക്കോയുടെ വിമാനത്താവളത്തില്‍ തടിച്ചുകൂടിയ അനുയായികളോട് ട്രംപ് പറഞ്ഞത് തന്റെ നേര്‍ക്ക് നടക്കുന്ന അന്വേഷണങ്ങള്‍ ''സ്റ്റാലിനിസ്റ്റ് റഷ്യയുടെ ഹൊറര്‍ ഷോയില്‍ നിന്ന് നേരിട്ടുള്ള ഒന്നിന് സമാനം' എന്നാണ്. 'ആരംഭം മുതല്‍ ഇത് ഒന്നിനുപുറകെ ഒന്നായി വേട്ടയാടലും വ്യാജ അന്വേഷണവുമാണ്.–'' -അദ്ദേഹം പറഞ്ഞു.

 

മുന്‍ പ്രസിഡന്റിന്റെ മേല്‍ ചാര്‍ത്താന്‍ സാധ്യതയുള്ള നിയമപരമായ ഭീഷണികള്‍ പങ്കെടുത്തവരുടെ മനസ്സിലും നിറഞ്ഞു നിന്നിരുന്നുവെന്ന് തെളിയിക്കുന്നതായി വാക്കോയിലെ കാഴ്ചകള്‍. അവരില്‍ പലരും 'വേട്ടയാടല്‍' എന്നെഴുതിയ ബോര്‍ഡുകള്‍ ഇടയ്ക്കിടെ ഉയര്‍ത്തി കാട്ടുന്നുണ്ടായിരുന്നു. 

 

2016 ലെ തിരഞ്ഞെടുപ്പിന് മുൻപ് ഒരു പോണ്‍ സിനിമാ നടിക്കു പണം നല്‍കിയെന്നാരോപിച്ചുള്ള പ്രചാരണ സാമ്പത്തിക ലംഘനങ്ങള്‍ക്ക് ട്രംപ് മാന്‍ഹട്ടനിലെ പ്രോസിക്യൂട്ടര്‍മാരുടെ അന്വേഷണം നേരിടുന്നയാളാണ്. 2020ലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഗൂഢാലോചന നടത്തുകയും അതീവരഹസ്യമായ രേഖകള്‍ പൂഴ്ത്തിവെക്കുകയും ചെയ്തുവെന്ന ആരോപണങ്ങള്‍ നീതിന്യായ വകുപ്പ് നിയോഗിച്ച പ്രത്യേക അഭിഭാഷകന്‍ അന്വേഷിച്ചു വരികയാണ്. 

 

ഡേവിഡിയന്‍സ് മത വിഭാഗത്തില്‍ ഫെഡറല്‍ ഏജന്റുമാര്‍ നടത്തിയ റെയ്ഡിന്റെ 30-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് ട്രംപ് വാക്കോയില്‍ തന്റെ റാലി നടത്തിയത്. നാല് നിയമപാലകരുടെത്  ഉള്‍പ്പെടെ 86 മരണങ്ങള്‍ക്ക് കാരണമായ സംഭവമായിരുന്നു അത്. പല വലതുപക്ഷ തീവ്രവാദികളും ഈ റെയ്ഡിനെ ഗവണ്‍മെന്റിന്റെ അതിരുകടന്ന പ്രവര്‍ത്തനമായാണ് കാണുന്നത്. കൂടാതെ ട്രംപിന്റെ തീവ്ര വലതുപക്ഷ പിന്തുണക്കാര്‍ക്കുള്ള അംഗീകാരമായാണ് വിമര്‍ശകര്‍ റാലിയുടെ സമയത്തെ കാണുന്നത്. 

 

2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ തന്റെ ആദ്യത്തെ പ്രധാന റാലിയായി മുന്‍ പ്രസിഡന്റ് ബില്‍ ചെയ്തതിന് വാക്കോയെ തിരഞ്ഞെടുത്തുവെന്ന് ട്രംപിന്റെ പ്രചാരണ വക്താവ് പറഞ്ഞു.  നിയമപരമായ ഭീഷണി മാത്രമല്ല ട്രംപ് നേരിടുന്നത്. റിപ്പബ്ലിക്കന്‍ നോമിനേഷനില്‍ ലോക്ക് ചെയ്യാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ക്കു ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസില്‍ നിന്നു ശക്തമായ വെല്ലുവിളിയാണു നേരിടുന്നത്. ആദ്യഘട്ട പ്രൈമറി യുദ്ധഭൂമിയായ ന്യൂ ഹാംഷെയര്‍ പോലുള്ള സ്ഥലങ്ങളിലെങ്കിലും സ്വന്തം പിന്തുണ കുറയുന്നു എന്ന സൂചനകള്‍ ട്രംപിന് ആശങ്ക സമ്മാനിക്കുന്നതാണ്. 

 

'ഞാന്‍ ഒരു വലിയ ആരാധകനല്ല,' - ഡിസാന്റിസിനെക്കുറിച്ച് ട്രംപ് പ്രചാരണ പ്രസംഗത്തില്‍ പറഞ്ഞു. ഡിസാന്റിസ് സാമൂഹിക സുരക്ഷ വെട്ടിക്കുറയ്ക്കാന്‍ ഗൂഢാലോചന നടത്തുന്നുവെന്ന ആരോപണവും ട്രംപ് ഉയര്‍ത്തിയത് ശ്രദ്ധേയമാണ്. 'ഈ വ്യക്തി ഗവര്‍ണറാകുന്നതിനു വളരെ മുൻപു തന്നെ ഫ്‌ളോറിഡ നിരവധി വര്‍ഷങ്ങളായി മികച്ച വിജയം നേടിയിട്ടുണ്ട്.' എന്നു പറയാനും അദ്ദേഹം മടിച്ചില്ല. 

 

ന്യൂയോര്‍ക്കിലെ ഹഷ് മണി കേസ് തന്റെ നേട്ടത്തിലേക്കു മാറ്റാന്‍ മുന്‍ പ്രസിഡന്റ് ശ്രമിക്കുകയും ചെയ്യുന്നു. അതില്‍ നിന്നു പണം സ്വരൂപിച്ചു പിന്തുണക്കാരെ അണിനിരത്താന്‍ ഇത് ഉപയോഗിക്കാനാണു ട്രംപിന്റെ പദ്ധതി. കുറ്റം ചുമത്തിയാല്‍ രാജ്യം 'മരണവും നാശവും' നേരിടേണ്ടിവരുമെന്ന് വെള്ളിയാഴ്ച അദ്ദേഹം ഒരു അപ്പോക്കലിപ്റ്റിക് മുന്നറിയിപ്പ് നല്‍കിയതും ശ്രദ്ധേയമായി.

 

ട്രംപിന്റെ രൂക്ഷമായ വാക്ചാതുര്യം സ്വന്തം പാര്‍ട്ടിയിലെ ചിലരെയെങ്കിലും പിന്തിരിപ്പിച്ചു. 'ട്രംപ് ഉയര്‍ന്ന കമ്പിയില്‍ വലയില്ലാതെ നടക്കുകയാണ്. തനിക്കു നഷ്ടപ്പെടാന്‍ ഒന്നുമില്ലെന്ന് അദ്ദേഹത്തിനു വ്യക്തമായി അറിയാം.  പിന്തുണ ആര്‍ജിക്കുന്നതിന് അപകടകരമായ വഴിയിലൂടെ സഞ്ചിരിക്കും എന്ന സന്ദേശവും അദ്ദേഹം നല്‍കുന്നു. - വാഷിങ്ടനിലെ റിപ്പബ്ലിക്കന്‍ തന്ത്രജ്ഞനായ റോണ്‍ ബോണ്‍ജീന്‍ വിലയിരുത്തുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com