ന്യൂജഴ്സി∙ ന്യൂജഴ്സിയിലെ റോയൽ ആൽബർട്ട്സ് പാലസിൽ എംഎംഎൻജെയുടേയും നന്മയുടേയും മുഖ്യ കാർമ്മികത്വത്തിൽ വിവിധ മുസ്ലീം സംഘടനകൾ ചേർന്ന് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. മാർച്ച് 26 നു വൈകിട്ടായിരുന്നു ഇഫ്താർ. നാനൂറോളം മുസ്ലീം കുടുംബങ്ങളും 150 ൽ പരം വിവിധ സാമൂഹിക സാംസ്കാരിക സന്നദ്ധ സേവന സംഘടന നേതാക്കളും മാധ്യമപ്രവർത്തകരും എഴുത്തുകാരും ബ്ലോഗർമാരും പങ്കെടുത്തു
അനാൻ വദൂദ എന്ന കുട്ടിയുടെ ഖുർആൻ പാരായണത്തോടെയാണു പരിപാടി ആരംഭിച്ചതു. ഡോക്ടർ സമദ് പൊന്നേരി സ്വാഗതം ആശംസിച്ചു. പ്രളയ സമയത്തു 'നന്മ' കേരളത്തിനു നൽകിയ സേവനങ്ങൾ അദ്ദേഹം വിശദീകരിച്ചു. ഗുരുകുലം സ്കൂൾ പ്രിൻസിപ്പലും ജനനി മാസിക എഡിറ്ററുമായ ജെ മാത്യൂസ് മുഖ്യപ്രഭാഷണം നടത്തി. സി.എച്ച്. മുഹമ്മദ് കോയ വിദ്യാഭ്യാസത്തിനും ഭാഷയ്ക്കും സംസ്കാരത്തിനും നൽകിയ സംഭാവനകൾ അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോംഗ് ഐലന്റ് ഇന്റർഫെയ്ത്ത് ഇൻസ്റ്റിറ്റ്യൂട്ട് തലവനും യൂറോളജിസ്റ്റുമായ ഡോ. ഉണ്ണി മൂപ്പൻ കേരളത്തിലെ വിവിധ മതങ്ങളുടെ വഴികളും വേരുകളും വിശദീകരിച്ചു. ഫോമയുടെ മുൻ പ്രസിഡന്റ് അനിയൻ ജോർജ് നേതൃത്വത്തെ അഭിനന്ദിച്ചു. ഏഷ്യാനെറ്റ് യു എസ് ചീഫ് കറസ്പോണ്ടന്റ് കൃഷ്ണ കിഷോർ തന്റെ നാടായ കോഴിക്കോട്ടേ നോമ്പനുഭവങ്ങൾ പങ്കുവെച്ചു. യുഎസ്എ കെഎംസിസിയുടെ പ്രസിഡന്റും നന്മയുടെ സ്ഥാപക പ്രസിഡന്റുമായ യു.എ. നസീർ സംസാരിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ ആശംസ അറിയിച്ചതോടൊപ്പം പരിപാടി വിപുലമായി എല്ലാവർഷവും കൊണ്ടുപോകാൻ സംഘാടകർ ശ്രമിക്കുമെന്നും ഉറപ്പു നൽകി.
തുടർന്നു നടന്ന പാനൽ ചർച്ച ഡോ. അൻസാർ കാസിം നിയന്ത്രിച്ചു. ചർച്ചകളിൽ വിജേഷ് കാരാട്ട് (കെഎഎൻജെ), സജീവ് കുമാർ ( കെഎച്ച്എൻജെ), ജോസ് കാടാപുറം (കൈരളി ടിവി ), ഷീല ശ്രീകുമാർ (കരുണ ചാരിറ്റീസ് ) ഡോ. സാബിറ അസീസ് (എംഎംഎൻജെ) റവ. തോമസ് കെ. തോമസ് (മാർത്തോമ ചർച്ച ) ഡോ. പി.എം മുനീർ (എംഎം എൻജെ), ജിബി തോമസ് (ഫോമ), ബോബി ലാൽ (ബ്ലോഗർ) എന്നിവർ പങ്കെടുത്തു.
അസീസ് ആർ.വി. റംസാൻ സന്ദേശം പങ്കുവച്ചു. ഫിസറോസ് കോട്ട നന്ദി രേഖപ്പെടുത്തി. മാധ്യമ പ്രവർത്തകർ ജോർജ് ജോസഫ് (ഇ മലയാളി) മധു കൊട്ടാരക്കര ( 24 ചാനൽ ) ഡോക്ടർ അബ്ദുൽ അസീസ് (കെഎംജി), ജയിംസ് മാത്യു (ഫോമ) വ്യവസായികളായ എരഞ്ഞിക്കൽ ഹനീഫ്, ദിലീപ് വർഗീസ് തുടങ്ങിയവർ മുഖ്യാഥിതികളായിരുന്നു. നോമ്പുതുറയ്ക്കും പ്രാർത്ഥനയ്ക്കും പിന്നാലെ വിഭവ സമൃദ്ധമായ ഭക്ഷണം ഉണ്ടായിരുന്നു. തുടർന്നു യൂത്ത് ലോ പ്രോഗ്രാമും തറാവീഹ് നിസ്കാരവും കഴിഞ്ഞ ശേഷം പരിപാടി പിരിഞ്ഞു. അസ്ലം ഹമീദ്, അജാസ് നെടുവഞ്ചേരി, ഇംതിയാസ് രണ്ടത്താണി, അലീന ജബ്ബാർ, നാജിയ അസീസ് തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു.