സ്ത്രീ ശരീരം, ഗർഭച്ഛിദ്രം; പിന്തിരിപ്പൻ കാഴ്ചപ്പാടിലേക്കു മടങ്ങാന്‍ വെമ്പുന്ന അമേരിക്ക!

Mail This Article
തന്റെ ഗർഭം ഇല്ലാതാക്കണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് ആരാണ്? കുഞ്ഞിനെ ഉദരത്തിൽ വഹിക്കുന്ന സ്ത്രീയോ അതോ സമൂഹമോ? ഇത്തരം വിഷയത്തില്‍ നീതിന്യായ വ്യവസ്ഥ ആര്‍ക്കൊപ്പം നില്‍ക്കും? സ്ത്രീകളുടെ അവകാശങ്ങള്‍ക്കൊപ്പമോ അതോ പൊതുബോധത്തിനൊപ്പമോ? ഈ ചോദ്യങ്ങള്‍ നിരന്തരം ചോദിക്കുകയും സ്വന്തം ശരീരത്തിന്മേലുള്ള അവകാശത്തിനായി പോരാടുകയുമാണ് അമേരിക്കയിലെ സ്ത്രീകള്‍. ഗർഭച്ഛിദ്രം സ്ത്രീകളുടെ അവകാശമായി കണ്ടു നിയമപരിരക്ഷ നൽകിയിരുന്ന ഒരു സമൂഹം പതിയെ പിന്നോട്ടു നടക്കാൻ തുടങ്ങുന്നതാണ് കഴിഞ്ഞ കാലങ്ങളിലെ അമേരിക്കൻ കാഴ്ച.
1973 ലാണു ഗര്‍ഭച്ഛിദ്രത്തിനു യുഎസ് സുപ്രീംകോടതി നിയമസാധുത നൽകിയത്. യാഥാസ്ഥിതിക അമേരിക്കൻ സമൂഹത്തിൽ ഗർഭച്ഛിദ്രത്തിനു നിയമപരിരക്ഷ നൽകി സ്ത്രീകളുടെ അന്തസ്സ് സുപ്രീംകോടതി ഉയർത്തിപ്പിടിച്ചു. എന്നാൽ അരനൂറ്റാണ്ടിനിപ്പുറം അതേ കോടതി തന്നെ സ്ത്രീകളിൽനിന്ന് ഈ അവകാശം തിരിച്ചെടുത്തു. 2022 ജൂണ്‍ 24 ലെ ഡോബ്സ് വി ജാക്സണ്‍ കേസിലെ വിധിയിൽ ഗര്‍ഭച്ഛിദ്രത്തിനുള്ള സ്ത്രീയുടെ ഭരണഘടനാപരമായ അവകാശങ്ങളെ സുപ്രീംകോടതി ഒറ്റയടിക്കു റദ്ദാക്കി. ഗര്‍ഭച്ഛിദ്രത്തെ നിരോധിക്കാനോ സംരക്ഷിക്കാനോ ഉള്ള തീരുമാനം സംസ്ഥാനങ്ങള്‍ക്ക് വിട്ടുകൊടുത്തു.

2022 ലെ കോടതി വിധിക്കു പിന്നാലെ അമേരിക്കയിലെ 13 സ്റ്റേറ്റുകളാണ് ഗർഭച്ഛിദ്രങ്ങൾ ഭാഗികമായോ പൂര്‍ണമായോ നിരോധിച്ചത്. പിന്നാലെ കൂടുതൽ സംസ്ഥാനങ്ങൾ ഗർഭച്ഛിദ്രത്തിനു മേൽ നിയന്ത്രണം ഏർപ്പെടുത്തി.
ഇപ്പോഴിതാ ഗര്‍ഭച്ഛിദ്രത്തിന് അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന മിഫെപ്രിസ്റ്റോൺ എന്ന ഗുളികയിലാണ് കോടതി പിടിമുറിക്കിയിരിക്കുന്നത്. മിഫ്രെപ്രിസ്റ്റോൺ സുരക്ഷിതമല്ലെന്ന വാദമുയർത്തി ഗുളികയുടെ ഉപയോഗം തടയാനാണു നീക്കം. മിഫെപ്രിസ്റ്റോൺ നിരോധിച്ചു ടെക്സസ് കോടതി ഏപ്രില്‍ ആദ്യം ഉത്തരവു പുറപ്പെടുവിച്ചതിനെ തുടർന്ന് വീണ്ടും സ്ത്രീകള്‍ക്കു തെരുവിലിറങ്ങേണ്ടി വന്നു. തുടർന്ന് നിരോധനം സുപ്രീംകോടതി താല്‍ക്കാലികമായി തടഞ്ഞിട്ടുണ്ട്.
എന്താണ് മിഫെപ്രിസ്റ്റോൺ?
സുരക്ഷിതവും ഫലപ്രദവുമായ ഗർഭച്ഛിദ്രത്തിന് അമേരിക്കയിൽ കാലങ്ങളായി ഉപയോഗിക്കുന്ന ഗുളികയാണ് മിഫെപ്രിസ്റ്റോൺ. യുഎസിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ (എഫ്ഡിഎ) അനുമതി ഗുളികയ്ക്കുണ്ട്. ഗര്‍ഭത്തിന്റെ ആദ്യഘട്ടങ്ങളിൽ ആവശ്യമുള്ള പ്രൊജസ്റ്റെറോൺ എന്ന ഹോർമോണിന്റെ ഉൽപാദനത്തെ തടഞ്ഞാണ് ഗര്‍ഭച്ഛിദ്രം സാധ്യമാക്കുന്നത്. 2000 സെപ്റ്റംബറിലാണ് മിഫെപ്രിസ്റ്റോൺ ഉപയോഗിച്ചുള്ള ഗർഭച്ഛിദ്രത്തിനു യുഎസ് അനുമതി നൽകുന്നത്. ഏഴാഴ്ച മാത്രമുള്ള ഗർഭം ഇല്ലാതാക്കാനായിരുന്നു അനുമതി. 2016 ൽ ഇത് 10 ആഴ്ചയായി ഉയർത്തി. ഗർഭച്ഛിദ്രത്തിനു മാത്രമല്ല ഗർഭം അലസുന്നതിന് എതിരെയും മിഫെപ്രിസ്റ്റോൺ ഉപയോഗിക്കും.

യുഎസില്‍ നടക്കുന്ന ഗര്‍ഭച്ഛിദ്രങ്ങളില്‍ ഭൂരിഭാഗവും മിഫെപ്രിസ്റ്റോൺ ഗുളികകള്‍ ഉപയോഗിച്ചുള്ളതാണ്. മറ്റേതു തരത്തിലുള്ള ഗര്‍ഭച്ഛിദ്രത്തെക്കാളും ചെലവു കുറവാണെന്നതും ക്ലിനിക്കുകളില്‍ പോകാതെ വീട്ടില്‍ത്തന്നെ ഉപയോഗിക്കാന്‍ സാധിക്കുമെന്നതുമാണു പ്രത്യേകത. ഗുളിക ഫലപ്രദമല്ലെന്നും അപകടകരമാണെന്നുമാണു ഗർഭച്ഛിദ്ര വിരുദ്ധരുടെ പ്രധാന വാദം. എന്നാൽ മിഫെപ്രിസ്റ്റോൺ സുരക്ഷിതമാണെന്നു തന്നെയാണ് എഫ്ഡിഎയും അമേരിക്കൻ കോളജ് ഓഫ് ഒബ്‌സ്റ്റട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റ്സും മറ്റു മുഖ്യധാരാ മെഡിക്കൽ സംഘടനകളും പറയുന്നത്. 2000 മുതല്‍ 2018 വരെ 37 ലക്ഷം സ്ത്രീകൾ മിഫെപ്രിസ്റ്റോൺ ഉപയോഗിച്ചതായി എഫ്ഡിഎ വ്യക്തമാക്കുന്നു.
മിഫെപ്രിസ്റ്റോൺ വില്ലനോ?
20 വർഷമായി അമേരിക്കൻ ഫാര്‍മസികളിൽ മിഫെപ്രിസ്റ്റോൺ ഗുളികയുണ്ട്. എന്നാൽ ഈ ഗുളിക സുരക്ഷിതമല്ലെന്ന വാദമാണു നിലവിലെ നിയമോപരാട്ടങ്ങൾക്കു കാരണം. ഇത്രനാളും ഉപയോഗത്തിലുണ്ടായിരുന്ന ഗുളിക പൊടുന്നനെ എങ്ങനെയാണ് സുരക്ഷിതമല്ലാതായെന്നാണു മറു ചോദ്യം. ഗുളികയുടെ സുരക്ഷയല്ല വിഷയമെന്നും സ്ത്രീകളുടെ അവകാശങ്ങള്‍ക്കു മേലുള്ള കടന്നുകയറ്റമാണ് ഇതെന്നും വാദിക്കുന്നവരുണ്ട്. ഗര്‍ഭച്ഛിദ്രത്തിലെ സ്വകാര്യത ഇല്ലായ്മ ചെയ്തു നിയമത്തിന്റെ കുരുക്കുകളില്‍ പെടുത്തി സ്ത്രീകളെ നിയന്ത്രിക്കാനുള്ള ശ്രമമാണിതെന്ന് ഒരു വിഭാഗം പറയുന്നു. ഗർഭച്ഛിദ്രത്തെക്കുറിച്ചുള്ള വിധി പുറപ്പെടുവിക്കുന്ന ജഡ്ജിമാര്‍ ഡോക്ടര്‍മാരല്ലെന്നായിരുന്നു പ്ലാൻഡ് പാരന്റ്ഹുഡ് ഓഫ് മെട്രോപോളിറ്റന്റെ വാഷിങ്ടന്‍ സിഇഒ ലോറ മേയേഴ്സ് പറഞ്ഞത്.

ഗുളികയ്ക്കുള്ള എഫ്ഡിഎയുടെ അംഗീകാരം ടെക്സസ് ഫെഡറൽ ജഡ്ജി മാത്യു കാസ്മരെക് ഏപ്രിൽ ആദ്യമാണ് റദ്ദാക്കുന്നത്. ഗര്‍ഭച്ഛിദ്ര വിരുദ്ധ നിലപാടുകളുടെ പേരില്‍ പ്രസിദ്ധനാണ് മാത്യു കാസ്മരെക്. പ്രസിഡന്റായിരുന്ന കാലത്തു ഡോണള്‍ഡ് ട്രംപാണ് കാസ്മരെകിനെ നിയമിച്ചത്. ‘ജനിക്കാത്ത മനുഷ്യനെ കൊല്ലാനുള്ള മരുന്ന്’ എന്നാണ് മിഫെപ്രിസ്റ്റോണിനെ കാസ്മരെക് വിശേഷിപ്പിച്ചത്. ഇതില്‍ത്തന്നെ, ഗുളികയുടെ സുരക്ഷിതത്വമല്ല മറിച്ച് ഗര്‍ഭച്ഛിദ്രത്തിന് എതിരായ ബോധമാണു പരിഗണിക്കപ്പെട്ടതെന്ന് വ്യക്തമാണ്.
ഗര്‍ഭച്ഛിദ്രവിരുദ്ധ ഡോക്ടർമാരും സംഘടനകളുമാണു വിഷയം കോടതിയിൽ എത്തിച്ചത്. ഗുളികയുടെ അപകടസാധ്യതകൾ എഫ്ഡിഎ പരിഗണിച്ചില്ലെന്നും തിടുക്കപ്പെട്ട് അംഗീകാരം നൽകുകയായിരുന്നുവെന്നുമാണ് ഇവരുടെ വാദം. എന്നാൽ നാലുവർഷമെടുത്ത് നിരവധി പഠനങ്ങൾ അവലോകനം ചെയ്താണ് ഗുളിക അംഗീകരിച്ചതെന്നായിരുന്നു എഫ്ഡിഎയുടെ നിലപാട്. 2016 ന് ശേഷം ഗുളികയുടെ ഗുരുതരമായ പാർശ്വഫലങ്ങൾ എഫ്ഡിഎ രേഖപ്പെടുത്താത്തതിനാൽ മിഫെപ്രിസ്റ്റോൺ ഉപയോഗിക്കുന്നതിനു സ്ത്രീകൾക്ക് സമ്മതം നൽകാനാവില്ലെന്നായിരുന്നു ജഡ്ജി മാത്യു കാസ്മരെക് വിധിയിൽ പറഞ്ഞത്. തുടർന്നു യുഎസില്‍ ഗുളികയ്ക്കു മേൽ നിയന്ത്രണം പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ ബൈഡൻ ഭരണകൂടവും മരുന്നു നിർമാതാക്കളും നൽകിയ അപേക്ഷയില്‍ മാത്യു കാസ്മരെക്കിന്റെ ഉത്തരവ് യുഎസ് സുപ്രീംകോടതി സ്റ്റേ ചെയ്തു.

റോ വേഴ്സസ് വേഡ്
1973 ലെ സുപ്രീംകോടതിയുടെ ഗർഭച്ഛിദ്ര അനുകൂല വിധിക്ക് പിന്നിൽ ഒരു ഒറ്റയാൾ പോരാട്ടത്തിന്റെ അതിഗംഭീര കഥയുണ്ട്. അക്കാലത്ത് അമ്മയുടെ ജീവൻ അപകടത്തിലാകുന്ന അവസ്ഥയാണെങ്കിൽ മാത്രമാണ് ടെക്സസിൽ ഗർഭച്ഛിദ്രം അനുവദിച്ചിരുന്നത്. ഇതിനെതിരെ 22 കാരിയും അഞ്ചുമാസം ഗർഭിണിയുമായ ജേന്‍ റോ സുപ്രീംകോടതിയെ സമീപിച്ചു. ഡാലസ് കൗണ്ടിയുടെ അറ്റോര്‍ണി ഹെൻറി വേഡ് ഇതിനെതിരെ നിലപാടെടുത്തു. എന്നാല്‍ സുപ്രീംകോടതി ജേന്‍ റേയ്ക്കൊപ്പം നിന്നു. ഗര്‍ഭച്ഛിദ്രം സ്ത്രീയുടെ അവകാശമാണെന്നായിരുന്നു കോടതി വിധി. തുടര്‍ന്ന് യുഎസില്‍ ഗര്‍ഭച്ഛിദ്രം നിയമവിധേയമായി. എങ്കിലും കേസിൽ വിധി വന്നപ്പോഴേക്കും ജേൻ തന്റെ കുഞ്ഞിനു ജന്മം നൽകിയിരുന്നു.

ഈ ചരിത്രവിധിയാണ് 2022 ൽ അട്ടിമറിക്കപ്പെട്ടത്. ഡോബ്സ് വി. ജാക്സണ്‍ കേസില്‍ ഗർഭച്ഛിദ്രം സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശമല്ലെന്നായിരുന്നു കോടതി വിധി. ‘ഭീകരമായ തെറ്റ്’ എന്നായിരുന്നു പ്രസിഡന്റ് ജോ ബൈഡൻ അന്ന് വിധിയെ വിശേഷിപ്പച്ചത്. കൂടാതെ അബോർഷന് അനുകൂലമായി നിയമം രൂപീകരിക്കാൻ ബൈഡന്‍ സംസ്ഥാനങ്ങൾക്കു നിർദേശം നൽകുകയും ചെയ്തു. എന്നാൽ തൊട്ടുപിന്നാലെ 13 സംസ്ഥാനങ്ങൾ ഗർഭച്ഛിദ്രത്തിന് എതിരെ തിരിഞ്ഞു. ഒരു വർഷത്തിനിപ്പുറം സുരക്ഷാ കാരണങ്ങൾ പറഞ്ഞു ഗർഭച്ഛിദ്ര ഗുളികയ്ക്കു മേലും പിടിവീണിരിക്കുകയാണ്.
English Summary: Abortion, America is eager to return to a backward perspective!