ന്യൂജഴ്സി/ഷിക്കാഗോ ∙ കലാസാഹിത്യരംഗത്തെ പ്രശസ്തരെ പങ്കെടുപ്പിച്ച് ന്യൂജഴ്സിയിലും ഷിക്കാഗോയിലും അല സംഘടിപ്പിച്ച ആർട്സ് ആൻഡ് ലിറ്ററേച്ചർ ഫെസ്റ്റിവലിനു കൊടിയിറങ്ങി. പോൾ സഖറിയ ആർട്സ് ആൻഡ് ലിറ്ററേച്ചർ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യ്തു. 2023 മേയ് 20ന് ന്യൂജഴ്സിൽ ആദ്യ ഘട്ടവും, മേയ് 27ന് ഷിക്കാഗോയിൽ രണ്ടാംഘട്ടവും അരങ്ങേറി.
അലയുടെ ബോർഡ് ഓഫ് ട്രസ്റ്റിയുടെയും ദേശീയ കമ്മിറ്റിയുടെയും മേൽനോട്ടത്തിൽ ന്യൂജഴ്സി , ന്യൂയോർക്ക് , പെൻസിൽവാനിയ, ബോസ്റ്റൺ എന്നീ ചാപ്റ്ററുകൾ ന്യൂജഴ്സിയിൽ നടന്ന പരിപാടിക്ക് നേതൃത്വം നൽകിയപ്പോൾ ഷിക്കാഗോയിലെ രണ്ടാം പാദത്തിനു ഷിക്കാഗോ, വിസ്കോൺസിൻ ചാപ്റ്ററുകൾ ചുക്കാൻ പിടിച്ചു. എഴുത്തുകാരായ പോൾ സഖറിയ (സഖറിയ), ബെന്യാമിൻ, കാലിഗ്രാഫിയിലൂടെ ശ്രദ്ധേയയായ ഡോണ മയൂര, ശാസ്ത്രസാഹിത്യകാരനും അധ്യാപകനും കേരളസാഹിത്യഅക്കാദമി ജേതാവുമായ എതിരൻ കതിരവൻ എന്ന തൂലികാനാമത്തിൽ പ്രശസ്തനായ ശ്രീധരൻ കർത്ത എന്നിവർ അതിഥികളായി എത്തി.
സാഹിത്യോത്സവത്തിന്റെ അക്ഷരവേദിയിൽ സഖറിയ, ബെന്യാമിൻ എന്നിവർ സംസാരിച്ചു. സമകാലീന മലയാള സാഹിത്യത്തിന്റെ സമ്മിശ്ര ഭാവങ്ങളെ സംബന്ധിച്ച് ഡോണ മയൂര അനുഭവങ്ങളും അഭിപ്രായങ്ങളും ആശങ്കകളും പങ്കുവച്ചപ്പോൾ, ശാസ്ത്രവും സ്വാതന്ത്ര്യവും എന്ന വിഷയത്തിൽ എതിരൻ കതിരവൻ സംസാരിച്ചു. സാഹിത്യോത്സവത്തിന്റെ ഭാഗമായി വിവിധ കാലപരിപാടികളും അരങ്ങേറി