ന്യൂയോർക്∙ അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനെതിരെയുള്ള ലൈംഗികാതിക്രമ ആരോപണം ഉന്നിയിച്ച താര റീഡ് റഷ്യൻ പൗരത്വത്തിന് ശ്രമിക്കുന്നു. അമേരിക്കയിൽ തനിക്ക് ഭീഷണിയുണ്ട്. അതു കൊണ്ട് റഷ്യൻ പൗരത്വത്തിന് അപേക്ഷിക്കുമെന്നാണ് താര റീഡ് പറയുന്നത്. ചൊവ്വാഴ്ച റഷ്യൻ സ്റ്റേറ്റ് ന്യൂസ് ഔട്ട്‌ലെറ്റ് സ്പുട്‌നിക് സംഘടിപ്പിച്ച ഒരു പരിപാടിയിലായിരുന്നു റീഡിന്‍റെ പരാമർശം.
‘‘ റഷ്യയിൽ വന്നതിൽ വളരെ സന്തോഷം തോന്നുന്നു. ഇവിടെ എനിക്ക് സുരക്ഷിതത്വമുണ്ട്. റഷ്യൻ പൗരത്വം കൊണ്ട് എന്ത് നേട്ടമുണ്ടാകുമെന്ന് അറിയില്ല. പക്ഷേ ഒരു നല്ല പൗരനാകുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു, ഒപ്പം ജീവിതം പോസിറ്റീവായി മുന്നോട്ട് കൊണ്ടുപോകുന്നതിനായി ശ്രമിക്കും’’ – റീഡ് വ്യക്തമാക്കി. റഷ്യൻ പൗരത്വം നേടിയാലും യുഎസ് പൗരത്വം ഉപേക്ഷിക്കില്ലെന്നും റീഡ് കൂട്ടിച്ചേർത്തു.

റഷ്യയുടെ നിയമനിർമ്മാണ സഭാംഗമായ റഷ്യൻ ഏജന്റ് മരിയ ബുട്ടിനയും പരിപാടിയിൽ പങ്കെടുത്തു. തന്റെ പൗരത്വ അപേക്ഷയിൽ ബ്യൂട്ടിന തന്നെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റീഡ് വ്യക്തമാക്കി.
അതേസമയം,1993 ൽ ജോ ബൈഡന്റെ സെനറ്റ് ഓഫീസിൽ ജോലി ചെയ്തിരുന്ന സമയത്ത് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ചാണ് താര റീഡ് രംഗത്ത് വന്നത്. ഇതിന് പിന്നാലെ ബൈഡൻ ആരോപണങ്ങൾ നിഷേധിച്ചിരുന്നു.

English Summary: Tara Reid, who accused Biden of sexual assault, plans of moving to Russia