ADVERTISEMENT

ഡാലസ് ∙ ഡാലസ് ഫോർട്ട്‍വർത്ത് ( ഡിഎഫ് ഡബ്ളിയു )  വിമാനത്താവളത്തിൽ ആറാമതൊരു ടെർമിനൽ (ടെർമിനൽ എഫ്) കൂടി ആരംഭിക്കുവാൻ അമേരിക്കൻ എയർലൈൻസ് 1.6 ബില്യൺ ഡോളറിന്റെ കരാറിന് രൂപം നൽകി. കഴിഞ്ഞ വർഷം ഡിഎഫ് ഡബ്ളിയു വിമാനത്താവളത്തിലൂടെ കടന്നുപോയ യാത്രക്കാരിൽ 86% വും അമേരിക്കൻ എയർലൈൻസിന്റെയോ സഖ്യ എയർലൈനുകളുടെയോ വിമാനങ്ങളാണ് ഉപയോഗിച്ചത്. പുതിയ ടെർമിനൽ കൂടി വന്നാൽ തങ്ങൾ ദിനംപ്രതി 1,000 ഫ്ളൈറ്റുകൾ കൈകാര്യം ചെയ്യുമെന്ന് ഫോർട്ട്‌വർത്ത് കേന്ദ്രമായി പ്രവർത്തിക്കുന്ന അമേരിക്കൻ എയർലൈൻസ് പറഞ്ഞു. കോവിഡിനുശേഷം വിമാനയാത്രകളുടെ തിരക്ക് വർധിച്ചു.  ഈ സാഹചര്യത്തിലാണ് പുതിയ  ടെർമിനൽ ഡിഎഫ് ഡബ്ളിയു വിമാനത്താവളത്തിൽ ആരംഭിക്കാൻ തീരുമാനിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. 

Read Also: ലോക കേരള സഭ: പ്രവാസികളുടെ പരാതികളും പ്രശ്നങ്ങളും പരിഹരിക്കാൻ അവസരം; ഇ-മെയിൽ അയക്കുക...

‘‘ഇപ്പോൾ വിമാനത്താവളത്തിൽ 168 ഗേറ്റുകളുണ്ട്. പുതിയ ടെർമിനൽ കൂടി വന്നാൽ 24 ഗേറ്റുകൾ കൂടി ഉണ്ടാകും. രണ്ടാം സ്ഥാനമല്ല ഞങ്ങൾ ആഗ്രഹിക്കുന്നത്. ലോകത്തിലെ ഏറ്റവുമധികം തിരക്കുള്ള വിമാനത്താവളമായി ഡിഎഫ് ഡബ്ളിയു മാറണം’’– അമേരിക്കൻ എയർലൈൻസ് സിഇഒ റോബർട്ട് ഐസോം പറഞ്ഞു.  വിമാനത്താവളുമായുള്ള കരാർ 10 വർഷത്തേക്ക് കൂടി അമേരിക്കൻ എയർലൈൻസ്  പുതുക്കി. പൈലറ്റുമാരുടെ ക്ഷാമം ഉണ്ടെങ്കിലും ഈ വർഷം 78 മില്യൻ യാത്രക്കാരെ പ്രതീക്ഷിക്കുന്നതായി വിമാനത്താവള അധികാരികൾ പറഞ്ഞു.

രണ്ട് വലിയ നഗരങ്ങൾ ചേർന്ന് നടത്തുന്ന ഒരു രാജ്യാന്തര വിമാനത്താവളം ഡാലസ് ഫോർട്ട്‍വർത്തിൽ അല്ലാതെ മറ്റെങ്ങും കാണാൻ കഴിഞ്ഞെന്ന് വരില്ല. ഒരു ദിവസം 776 വിമാനങ്ങളാണ് ഈ വിമാനത്താവളത്തിൽ സർവീസ് നടത്തുന്നത്. വിമാനത്താവളത്തിലൂടെ 78 മില്യൻ യാത്രക്കാർ 2022, 2023 വർഷങ്ങളിൽ കടന്ന്  പോയി എന്നാണ് കണക്കുകൾ. ഡിഎഫ് ഡബ്ളിയു വിമാനത്താവളത്തിൽ നിന്ന്  കണക്ടിംഗ് ഫ്ളൈറ്റുകളിലൂടെ തങ്ങളുടെ ലക്ഷ്യ സ്ഥാനത്തേയ്ക്കു യാത്ര ചെയ്യുന്നവരാണ് യാത്രക്കാരിൽ ഏറെയും.

ലോകത്തിലെ രണ്ടാമത്തെ ഏറ്റവും തിരക്കുള്ള വിമാനത്താവളമാണിത്. 2005 ൽ ടെർമിനൽ ഡി പ്രവർത്തനം ആരംഭിച്ചതിനുശേഷം കാര്യമായ വികസന പദ്ധതികളൊന്നും ഉണ്ടായില്ല. പുതിയതായി ഒരു ടെർമിനൽ കൂടി ആരംഭിക്കുവാൻ മുൻപ് പദ്ധതി ഇട്ടിരുന്നതാണ്. എന്നാൽ നിർമ്മാണ പ്രവർത്തനങ്ങൾ എങ്ങും എത്തിയില്ല.

അടുത്ത 27 വർഷത്തിനുള്ളിൽ ഡിഎഫ് ഡബ്ളിയു രാജ്യാന്തര വിമാനത്താവളം വളരെ വേഗം വളരുമെന്ന് ഫെഡറൽ ഏവിയേഷൻ അതോറിറ്റി പറഞ്ഞു. 2050 ഓടെ യാത്രക്കാർ 80% കൂടുതലാവും. ഡാലസിന്റെ മാത്രം എയർപോർട്ടായ ഡാലസ് ലവ്‍ഫീൽഡിൽ 20 ഗേറ്റുകൾ പ്രവർത്തിപ്പിക്കുവാനേ 1970 കളിലെ ഒരു പഴയ കരാർ പ്രകാരം കഴിയൂ. സൗത്ത് വെസ്റ്റ് എയർലൈൻസിന്റെ ആസ്ഥാനം ലവ്‍ഫീൽഡാണ്.

അമേരിക്കൻ എയർലൈൻസിന്റെയും വിവിധ അന്താരാഷ്ട്ര എയർലൈനുകളുടെയും കണക്ടിംഗ് പോയിന്റാണ് ഡിഎഫ് ഡബ്ളിയു എയർപോർട്ട്. കഴിഞ്ഞ മെയ്‍യിൽ 244 ഡയറക്ട് ഫ്ളൈറ്റ് റൗട്ടുകൾ– യുഎസിൽ 186, മെക്സിക്കോയിൽ 21 ഉൾപ്പെടെ ഡിഎഫ് ഡബ്ളിയുവിൽ നിന്ന് ഉണ്ടായിരുന്നു.

ഇപ്പോൾ ഡാലസ് – ഫോർട്ട്‍വർത്ത് (നോർത്ത് ടെക്സസ്) പ്രദേശത്തെ ജനസംഖ്യ 78 ലക്ഷമായാണ് കണക്കാക്കിയിരിക്കുന്നത്. ഡിഎഫ് ഡബ്ളിയു എയർപോർട്ട് വികസിക്കേണ്ടതിന്റെ ആവശ്യകത തദ്ദേശവാസികൾക്കുപരി മറ്റ് പ്രദേശങ്ങളിൽ നിന്നെത്തി വിമാനത്താവളം ഉപയോഗിക്കുന്ന ദശലക്ഷക്കണക്കിന് യാത്രക്കാരുടെ കൂടിയാണ്. എഫ്എഎ വിവരം അനുസരിച്ച് യാത്രക്കാരിൽ 61% ഡിഎഫ് ഡബ്ളിയു ഉപയോഗിക്കുന്നത് കണക്ടിംഗ് ഫ്ളൈറ്റുകൾക്കാണ്.

മറ്റ് ഹബ് എയർപോർട്ടുകളായ ഹാർട്ട്സ് ഫീൽഡ് ജാക്ക്സൺ അറ്റ്‍ലാന്റ (ലോകത്തിലെ ഏറ്റവും വലിയ എയർപോർട്ട്), ഷാർലറ്റ് ഡഗ്ളസ് എന്നിവയും കണക്ടിംഗ് ഫ്ളൈറ്റുകൾക്കായി യാത്രക്കാർ ധാരാളമായി ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഓർലാൻഡോ, ഹാരിറീഡ്, ലാസ്‍വേഗസ് എന്നിവയിൽ സ്ഥിതി മറിച്ചാണ്. യാത്രക്കാരിൽ ഏതാണ്ട് 22% മാത്രമേ കണക്ടിംഗ് ഫ്ളൈറ്റുകൾക്ക് ഈ എയർപോർട്ടുകളെ ആശ്രയിക്കുന്നുള്ളു.

അമേരിക്കൻ എയർലൈൻസിനെ പോലെ മറ്റ് എയർലൈനുകളായ സ്പിരിറ്റ്, ഫ്രോണ്ടിയർ, സഖ്യ ശൃംഖല അംഗങ്ങളായ ഫിൻ എയർ, ഐബീരിയ എന്നിവയും ഫ്ളൈറ്റുകളുടെ സംഖ്യ വർധിപ്പിക്കുകയാണ്.

ടെർമിനൽ ഡി കൂടി ചേർക്കുമ്പോൾ 2005 ൽ 59 മില്യൻ യാത്രക്കാരെയാണ് എയർപോർട്ട് കൈകാര്യം ചെയ്തത്. 2019 ൽ ആറാമതൊരു ടെർമിനൽ കൂടി ആരംഭിക്കും എന്നറിയിച്ചപ്പോൾ യാത്രക്കാർ 75 മില്യനായി ഉയർന്നിരുന്നു.

ഡിഎഫ് ഡബ്ളിയു എയർപോർട്ട് ആരംഭിച്ചത് 1974 ൽ നാല് ടെർമിനലുകളുമായി ആയിരുന്നു. പിന്നീട് ഒരു സാറ്റലൈറ്റ് ടെർമിനൽ ഉണ്ടായി. ഇത് 2005 ൽ അടയ്ക്കുകയും 2012 ൽ അമേരിക്കനുവേണ്ടി വീണ്ടും തുറക്കുകയും ചെയ്തു. തുടർന്നുള്ള വർഷങ്ങളിൽ എയർപോർട്ട് ഗേറ്റുകൾ വർധിപ്പിച്ചുകൊണ്ടിരുന്നു.

English Summary : Dallas/fort worth international airport plans to start new terminal 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com