ADVERTISEMENT

കലിഫോർണിയ∙ 2023 ലേക്കുള്ള ഗ്ലോബൽ ഓർഗനൈസേഷൻ ഓഫ് ഇന്ത്യൻ ക്രിസ്റ്റ്യൻസിന്റെ ഭാരവാഹികളെ പ്രഖ്യാപിച്ചു. ഇന്ത്യയിൽ നിന്ന് വിവിധ രാജ്യങ്ങളിലേക്ക് കുടിയേറിയ എല്ലാ ക്രൈസ്തവ വിശ്വാസികളെയും ഒന്നിച്ചുചേർത്ത് ക്രൈസ്തവ മൂല്യവും ഒത്തൊരുമയും ഉയർത്തിപ്പിടിക്കുന്നതിനായി 2017 ൽ രൂപം കൊണ്ട സംഘടനയാണ് ഗ്ലോബൽ ഓർഗനൈസേഷൻ ഓഫ് ഇന്ത്യൻ ക്രിസ്റ്റ്യൻസ്.

 

പ്രസിഡന്റായി ജിൻസ്മോൻ പി. സക്കറിയ (യുഎസ്എ), ജനറൽ സെക്രട്ടറിയായി ഷാജൻ അലക്സാണ്ടർ (യുഎസ്എ), ട്രഷററായി ടോമിച്ചൻ പുത്തൻപുരയ്ക്കൽ, വൈസ് പ്രസിഡന്റുമാരായി അനിൽ അഗസ്റ്റിൻ, ടോണി മാത്യു (ഓസ്ട്രേലിയ), റോസൻ ഫിലിപ്പ് (കാലിഫോർണിയ), ജോയിന്റ് സെക്രട്ടറിമാരായി ഷാൻ  ജസ്റ്റസ് (ടെക്സാസ്), ജോർജ് കുട്ടി മേപ്പുറത്ത്(കാനഡ), മോളി തോമസ്, ജോയിന്റ് ട്രഷററായി ബിജി ജോസ് എന്നിവരേയും തെരഞ്ഞെടുത്തു.

 

പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജിൻസ്മോൻ പി. സക്കറിയ കഴിഞ്ഞ 19 വർഷങ്ങളായി അമേരിക്കയിൽ മുതിർന്ന മാധ്യമ പ്രവർത്തകനെന്ന നിലയിലും മാധ്യമ സംരംഭകനെന്ന നിലയിലും അമേരിക്കൻ മലയാളികൾക്കെല്ലാം സുപരിചിതനാണ്. കൂടാതെ, അമേരിക്കയിലെ വിവിധ സംഘടനകളെ നയിച്ചതിന്റെ പാരമ്പര്യവുമുണ്ട് അദ്ദേഹത്തിന്.

 

ഇന്ത്യ കാത്തലിക് അസോസിയേഷൻ ഓഫ് അമേരിക്കയുടെ ട്രസ്റ്റി ബോർഡ് ചെയർമാൻ, പ്രസിഡന്റ് തുടങ്ങിയ സ്ഥാപനങ്ങളും അദ്ദേഹം മുമ്പ് വഹിച്ചിട്ടുണ്ട്. അമേരിക്കയിലെ ആദ്യകാല സംഘടനകളിലൊന്നായ ഇന്ത്യ കാത്തലിക് അസോസിയേഷൻ, സീറോ മലബാർ സഭ, സീറോ മലങ്കര, ക്നാനായ, ലാറ്റിൻ കാത്തലിക് എന്നീ സമൂഹങ്ങളെയെല്ലാം ഉൾക്കൊള്ളുന്ന അംബ്രല്ല ഓർഗനൈസേഷനാണ്. 2000 ഓളം അംഗങ്ങളുള്ള ഇന്ത്യ കാത്തലിക് അസോസിയേഷൻ അമേരിക്കയിലെ ആദ്യകാല ക്രിസ്ത്യൻ കുടിയേറ്റ സമൂഹത്തിന് ആത്മീയ നേതൃത്വം നൽകുന്നതിൽ വളരെയേറെ പങ്കുവഹിച്ചിട്ടുണ്ട്.

 

നോർത്ത് അമേരിക്കയിലെ ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ ഏറ്റവും വലിയ സംഘടനയായ ഇൻഡോ അമേരിക്കൻ പ്രസ് ക്ലബിന്റെ (ഐഎപിസി) സ്ഥാപകനും 2014 മുതൽ 2016 വരെ ചെയർമാനുമായിരുന്നു ജിൻസ്മോൻ. കൂടാതെ ഗ്ലോബർ റിപ്പോർട്ടർ ടിവിയുടെ എംഡി, അമേരിക്കയിലെ ഏറ്റവും പ്രചാരമുള്ള മലയാള പത്രമായ ജയ്ഹിന്ദ് വാർത്തയുടെ ചീഫ് എഡിറ്റർ, അമേരിക്കയിലെ പ്രമുഖ മലയാളം മാസികയായ അക്ഷരത്തിന്റെയും ഇംഗ്ലീഷ് പത്രമായ ഏഷ്യൻ എറയുടെയും പബ്ലീഷർ എന്നീ സ്ഥാനങ്ങളും വഹിക്കുന്നു. ഇന്ത്യക്കാർക്കുവേണ്ടിയുള്ള അമേരിക്കയിലെ ഏറ്റവും വലിയ ഇംഗ്ലീഷ് പത്രമായ സൗത്ത് ഏഷ്യൻ ടൈംസിന്റെ മീഡിയ കൺസൾട്ടന്റായും അദ്ദേഹം നിലവിൽ പ്രവർത്തിക്കുന്നു. പ്രവർത്തന മികവിനും സംഘാടന നേതൃശേഷിക്കുമുള്ള അംഗീകാരമായി റോട്ടറി ഇന്റർനാഷണൽ ലീഡർഷിപ്പ് അച്ചീവ്മെന്റ് അവാർഡ് ഉൾപ്പെടെ നിരവധി പുരസ്ക്കാരങ്ങൾ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

 

ദീപിക ദിനപത്രത്തിന്റെ യൂറോപ് എഡിഷനുവേണ്ടിയും ജയ്ഹിന്ദ് ടിവിയുടെ അമേരിക്കയിലെ ഡയറക്ടറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അമേരിക്കയിലും യൂറോപ്പിലുമായി നിരവധി സംഘടനകളിൽ ഭാരവാഹിയായി പ്രവർത്തിച്ചിട്ടുള്ള ജിൻസ്മോൻ യൂറോപിലെ ലിവർപൂൾ മലയാളി അസോസിയേഷന്റെ ആദ്യ ജനറൽ സെക്രട്ടറിയുമാണ്. ഇന്തോ അമേരിക്കൻ ലോയേഴ്സ് ഫോറം ജനറൽ സെക്രട്ടറി, ഇന്തോ അമേരിക്കൻ മലയാളി ചെംബർ ഓഫ് കൊമേഴ്സ് സെക്രട്ടറി, കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്ക് ജോയിന്റ് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

തൊടുപുഴ വഴിത്തല സ്വദേശിയാണ് ജിൻസ് മോൻ, ബാംഗ്ലൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമത്തിൽ ബിരുദം നേടി. ബിസിനസ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയിരുന്നു. സിജി അഗസ്റ്റ്യനാണ് ഭാര്യ. മക്കൾ: ആൻഡ്രൂ, ബ്രിയോണ, ഈഥൻ.

 

21 പേരടങ്ങുന്ന ഡയറക്ടർ ബോർഡാണ് ഗ്ലോബൽ ഓർഗനൈസേഷൻ ഓഫ് ഇന്ത്യൻ ക്രിസ്റ്റ്യൻസിന്റെ ആശയങ്ങൾക്കും അഭിപ്രായങ്ങൾക്കും രൂപം നൽകുന്നത്. അമേരിക്ക, യുകെ, ഓസ്ട്രേലിയ, കാനഡ തുടങ്ങി 22 രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇതിന്റെ ഭാരവാഹികൾ. ക്രിസ്തുവിൽ ഒന്നിക്കുക എന്നതാണ് സംഘടനയുടെ മുദ്രാവാക്യം. സമുദായത്തിന് ഗുണകരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും വിദേശ രാജ്യങ്ങളിൽ വിദ്യാഭ്യാസത്തിന് പോകുന്ന കുട്ടികളുടെ വിശ്വാസവും ഒത്തൊരുമയും കാത്തുസൂക്ഷിക്കാൻ അവരെ സഹായിക്കുക എന്നുള്ളതും ഈ സംഘടനയുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ്.

 

ഇന്ത്യയിലെയും പ്രത്യേകിച്ച് കേരളത്തിലെയും ക്രിസ്തീയ വിശ്വാസികൾ അനുഭവിക്കുന്ന വെല്ലുവിളികൾ നേരിടുവാൻ കഴിയുന്ന നിലയിൽ പ്രവർത്തിക്കുന്ന വിവിധ ക്രൈസ്തവ സംഘടനകളുടെ നേതൃത്വങ്ങളെ ഒരു കുടക്കീഴിൽ ഏകോപിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്കും സംഘടന നേതൃത്വം നൽകും.

 

ക്രിസ്ത്യൻ വിശ്വാസികളുടെ കൂട്ടായ്മയായ ഈ സംഘടനയിൽ എല്ലാവരെയും ഒരുമിപ്പിക്കുന്നത് ക്രിസ്തുവിലുള്ള വിശ്വാസമാണ്. നിസ്സഹായരായ സഹോദരങ്ങൾക്ക് ആവശ്യമുള്ള സഹായം ആവശ്യമുള്ള സമയത്തു എത്തിച്ചു കൊടുക്കുകയും ഭൗതിക തലത്തിൽ അവരുടെ വളർച്ചക്കും നിലനിൽപിനുമുള്ള കാര്യങ്ങൾ ചെയ്യുകയും അത് നേടിയെടുക്കാൻ സഹായിക്കുകയുമാണ് ഈ സംഘടനയുടെ ലക്ഷ്യം.

 

സഹായം ആവശ്യമുള്ളവന് നല്ല അയൽക്കാരനായി വർത്തിക്കുക എന്ന യേശുവിന്റെ സന്ദേശവും ആവശ്യമുള്ളവന് സഹായം നൽകാനുള്ള ഉത്തരവാദിത്വവുമാണ് സംഘടനയ്ക്കുള്ളത്. ഒറ്റയ്ക്ക് വളരുക എന്നതിനേക്കാൾ ഒന്നിച്ചു വളരുക എന്നത് നമ്മുടെ സമൂഹത്തിന്റെ നിലനിൽപ്പിനു ആവശ്യമാണ് എന്നൊക്കെയുള്ള തിരിച്ചറിവാണ് ഈ സംരംഭത്തിന്റെ തുടക്കത്തിലേയ്ക്കു നയിച്ചത്.

ഈ സംഘടനയിൽ അംഗങ്ങളായിട്ടുള്ളത് വിവിധ ക്രൈസ്തവ വിഭാഗങ്ങളിൽ നിന്നും വന്നിട്ടുള്ളവരാണ്. അതു കൊണ്ടുതന്നെ ഓരോരുത്തരുടേയും വിശ്വാസപരമായ കാര്യങ്ങളിലും ആധ്യാത്മിക വീക്ഷണങ്ങളിലും കുറച്ചു വ്യത്യാസങ്ങൾ ഉണ്ടാകും. അതുകൊണ്ട് ഓരോരുത്തരുടെയും വിശ്വാസത്തോട് ബഹുമാനം പുലർത്തുന്ന ഒരു കൂട്ടമായി മാറുവാനാണ് ഈ സംഘടന ഉദ്ദേശിക്കുന്നത്. അതുകൊണ്ടു തന്നെ വിശ്വാസപരമായ കാര്യങ്ങളിൽ ഒരു ചർച്ചയോ, ഒരാളുടെ വിശ്വാസം മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളോ, ഒരാളുടെ വിശ്വാസം മാത്രമാണ് ശരി എന്ന മനോഭാവമോ പ്രോത്സാഹിപ്പിക്കാൻ ഈ സംഘടന ആഗ്രഹിക്കുന്നില്ല. അങ്ങനെ ചെയ്യുന്നത് ഈ കൂട്ടായ്മക്ക് വിഘാതമായേക്കാം എന്നാണ് കരുതപ്പെടുന്നത്. ആദ്ധ്യാത്മിക ജീവിതവും ദൈവവുമായുള്ള ബന്ധത്തിലുള്ള വളർച്ചയും ഓരോരുത്തരും അവരുടെ വിശ്വാസത്തിനനുസൃതമായി അവരുടെ വിശ്വാസ സമൂഹമോ സഭയുമായോ ബന്ധപ്പെട്ടു രൂപപ്പെടുത്തട്ടെ എന്നതാണ് നിലപാട്.

 

ഈ സംഘടനയിലെ ഓരോരുത്തരും ഏതു സഭയിലോ കൂട്ടായ്മയിലോ ആണ് ഇപ്പോൾ അംഗമായിട്ടുള്ളത് അതിൽ തുടരുകയും അവരുമായി സഹകരിച്ചു അവർ ചെയ്യുന്ന നല്ല പ്രവൃത്തികളെ പ്രോത്സാഹിപ്പിക്കുയും ചെയ്യും. അത് ഓരോരുത്തരുടെയും ആദ്ധ്യാത്മിക വളർച്ചക്കും സഹായകരമാകും എന്നതാണ് സംഘടനയുടെ ഔദ്യോഗിക താൽപര്യം. സംഘടനയിലെ ഓരോരുത്തരും ഇപ്പോൾ ആയിരിക്കുന്ന സഭയുടെയോ കൂട്ടായ്മയുടേയോ പ്രവർത്തനങ്ങളെ വിമർശിക്കുവാൻ ഈ കൂട്ടായ്മ ഒരു വേദിയാകേണ്ട കാര്യമില്ല. അവിടെ നടക്കുന്നതൊന്നും സംഘടനയുടെ പ്രവർത്തനങ്ങളെ ബാധിക്കേണ്ടതുമില്ല എന്നതാണ് തീരുമാനം. അവർക്കു ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ ഒരു സമൂഹമെന്ന നിലയിൽ നേടിയെടുക്കാനാണു ഈ കൂട്ടായ്മ രൂപപ്പെടുത്തിയിരിക്കുന്നത്.

 

ഈ കൂട്ടായ്മയെ ഒരു സഭയായി അല്ലെങ്കിൽ ഒരു സമാനമായ കൂട്ടായ്മയായി വളർത്താൻ ഉദ്ദേശിച്ചുള്ളതല്ല, അത് ഈ കൂട്ടായ്മയുടെ ലക്ഷ്യവുമല്ല. കാരണം ഇതിന്റെ ലക്ഷ്യം ക്രൈസ്തവരുടെ ഭൗതിക ജീവിതത്തിന്റെയും നിലനിൽപിന്റെയും വളർച്ചയും സുരക്ഷിതത്വവുമാണ്. ക്രൈസ്തവ സമൂഹത്തിന്റെ വളർച്ചക്കും നിലനിൽപ്പിനും ഓരോ ക്രൈസ്തവന്റെയും ഭൗതികമായ വളർച്ചക്കും സന്തോഷകരവും സമാധാനപൂർണവുമായ ജീവിതത്തിനും പരമാവധി കഴിയുന്നത് ചെയ്യണം എന്നതാണ് ഈ കൂട്ടായ്മകൊണ്ടു ഉദ്ദേശിക്കുന്നത്.‌

 

വളരെ ലളിതമായി പറഞ്ഞാൽ  ക്രൈസ്തവരുടെ ഭൗതിക വളർച്ചക്ക് വേണ്ടതെല്ലാം ക്രൈസ്തവ വിശ്വാസത്തിന്റെ മൂല്യങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ നേടിയെടുക്കാൻ ക്രൈസ്തവരെ സഹായിക്കുന്ന ഒരു കൂട്ടായ്മയായാണ് ഗ്ലോബൽ ഓർഗനൈസേഷൻ ഓഫ് ഇന്ത്യൻ ക്രിസ്റ്റ്യൻസ് (ഗോയിക്). അതിനുള്ള ചർച്ചകളും തീരുമാനങ്ങളും പ്രവൃത്തികളുമാണ് ഈ കൂട്ടായ്മയിൽ നടത്തപ്പെടുന്നത്. ക്രൈസ്തവരുടെ ഭൗതിക വളർച്ചയും സുരക്ഷിതത്വവുമായിരിക്കും സംഘടനയുടെ ലക്ഷ്യം.

English Summary: New office bearers for GOIC

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com