ADVERTISEMENT

ന്യൂയോർക്ക് ∙ തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ട് രാമചന്ദ്രനെ നെറ്റിപ്പട്ടവും ചാര്‍ത്തിയിറക്കിമ്പോഴുള്ള ചന്തമുണ്ടല്ലോ. ഏതാണ്ട് ആ ഭംഗിയായിരുന്നു ന്യൂയോര്‍ക്ക് ടൈംസ് സ്‌ക്വയറിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കടന്നു വന്നപ്പോഴും. സംഘാടക മികവിന്റെ നേര്‍സാക്ഷ്യമായി മാറുകയായിരുന്നു ടൈംസ് സ്‌ക്വയറിലെ ലോക കേരള സഭയുടെ മേഖലാ സമ്മേളനം. 

 

pinarayi-times

അന്തരീക്ഷത്തില്‍ ഉയര്‍ന്നു കേട്ട 'പിരിവിന്റെ' കഥ പക്ഷേ കഥയായി തന്നെ അവശേഷിച്ചു. ശ്വാസത്തിനു വരെ പണം നല്‍കേണ്ട ന്യൂയോര്‍ക്കിലെ പോഷ് മേഖലയായ ടൈംസ് സ്‌ക്വയറിലും പിന്നീട് മാരിയറ്റ് ഹോട്ടലിലും എല്ലാം ഒരുക്കിയത് സാക്ഷാല്‍ നോര്‍ക്ക തന്നെ. ഭക്ഷണം പോലും സൗജന്യം. മുഖ്യമന്ത്രിക്കൊപ്പം നിന്നു ഫോട്ടോ എടുക്കാനും മാരിയറ്റ് ഹോട്ടലിലെ ഡിന്നര്‍ കഴിക്കാനുമൊന്നും ആരുടെയും കൈയില്‍ നിന്ന് പണം ചോദിച്ചു വാങ്ങിയതായും അറിയാന്‍ കഴിഞ്ഞില്ല. പരിപാടിയില്‍ ആദ്യാവസാനം പങ്കെടുത്ത എന്നോട് ആരും പണം ചോദിച്ചില്ല. താമസിക്കേണ്ടവര്‍ക്ക് സ്വന്തമായി മുറി വാടകയ്ക്ക് എടുക്കേണ്ടിയിരുന്നു എന്നു മാത്രം. 

 

pinarayi-times1

'കേരളത്തിന്റെ ക്യാപ്റ്റന്' മുദ്രാവാക്യം വിളിച്ചു കൊണ്ട് യുഎസിലെ 'ചുവപ്പു സേന'ക്കാര്‍ തിങ്ങിനിറഞ്ഞപ്പോള്‍ കുറച്ചു സമയത്തേക്കെങ്കിലും മുതലാളിത്ത രാജ്യത്തിലെ പണക്കൊഴുപ്പിന്റെ വേദിയായി മാറാറുള്ള ടൈംസ് ചത്വരം കമ്മ്യുണിസ്റ്റ് ആശയത്തെ പോലും ആശയക്കുഴപ്പത്തിലാക്കി കാണും. അരിവാള്‍ ചുറ്റിക മുഴുവനായി പതിപ്പിച്ചാല്‍ പ്രശ്‌നമുണ്ടാകുമെന്ന് കരുതിയാകും സഖാക്കരൾ ആവേശം ചുവപ്പിലും നക്ഷത്രത്തിലുമൊതുക്കി. 

 

മുദ്രാവാക്യം വിളികള്‍ക്കിടയിലൂടെ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ എ.എന്‍. ഷംസീറും മന്ത്രി ബാലഗോപാലും വേദിയിലേക്ക് എത്തി. കൈവീശി അണികളെ അഭിവാദ്യം ചെയ്തു മുഖ്യമന്ത്രി മുന്നില്‍ നടന്നു. ലോക കേരള സഭയുടെ ഡെലിഗേറ്റുകളായി എത്തിയത് ഇരുനൂറോളം പേരാണ്. അവർക്കൊപ്പം ന്യൂയോർക്കിലെ മലയാളി സമൂഹം കൂടി പരിപാടിയുടെ ഭാഗമായി. എന്നാലും കൂടുതല്‍ പേര്‍ എത്താന്‍ അര്‍ഹതയുണ്ടായിരുന്ന പരിപാടിയിൽ കുറച്ചു കൂടി ആളുകളെ എത്തിക്കാൻ കഴിയുമായിരുന്നു. 

 

ചെണ്ടമേളവും മോഹിനിയാട്ടവും ചലച്ചിത്ര താരം ദിവ്യ ഉണ്ണിയുടെ നൃത്തവുമെല്ലാം ചേര്‍ന്ന് കാര്‍ണിവല്‍ അന്തരീക്ഷമായതോടെ തദ്ദേശിയരും ടൈംസ് സ്‌ക്വയറിലെ സന്ദര്‍ശകരുമെല്ലാം കാഴ്ചക്കാരായി എത്തി. 

 

മുഖ്യമന്ത്രിയും മറ്റുള്ളവരും എത്തിയപ്പോള്‍ ഈ ജനസഞ്ചയം അക്ഷരാര്‍ഥത്തില്‍ അദ്ഭുതം കൂറി. കാര്യം മനസിലായില്ലെങ്കിലും പലരും കൈയടിച്ചാണ് കേരളാ സംഘത്തെ സ്വീകരിച്ചത്. സ്വതേ ഗൗരവക്കാരനായ മുഖ്യമന്ത്രിയുടെ മുഖത്ത് സംതൃപ്തി വിരിഞ്ഞത് സംഘാടകര്‍ക്കും തൃപ്തി നല്‍കി. 

 

സഹോദരീ സഹോദരന്മാരെ എന്നു തുടങ്ങി കൂടുതല്‍ മലയാളവും കുറച്ച് ഇംഗ്ലീഷും കലര്‍ന്നതായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. മലയാളികള്‍ അല്ലാത്ത കാണികള്‍ക്ക് കാര്യം എന്താണെന്ന് മനസിലാകാന്‍ അത് സഹായകമായി. ഇടതു സര്‍ക്കാരിന്റെ ഗുണഗണങ്ങള്‍ എണ്ണിപ്പറഞ്ഞാണ് മുഖ്യമന്ത്രി സംസാരിച്ചത്. 

 

ഇടതു മുന്നണി അധികാരമേല്‍ക്കുമ്പോള്‍ കേരളം നിരാശയിലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.  ഇവിടെ ഒന്നും നടക്കില്ല എന്നതായിരുന്നു അന്നത്തെ നില. നാഷനല്‍ ഹൈവേയ്ക്ക് സ്ഥലം ഏറ്റെടുക്കാന്‍ കഴിയാതെ അതോറിറ്റി ഓഫിസ് പൂട്ടിപ്പോയി. ഗെയില്‍ പൈപ്പ് ലൈന്‍കാരും, കൂടംകുളം പവര്‍ ഗ്രിഡില്‍ നിന്നുള്ള വൈദ്യുതി എത്തിക്കാനുള്ളവരുമൊക്കെ മടങ്ങിപ്പോയി. സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്ന് അഞ്ചു ലക്ഷം വിദ്യാര്‍ഥികള്‍ കൊഴിഞ്ഞുപോയി. ഇടത് സര്‍ക്കാര്‍ ഇതൊക്കെ സാധ്യമാക്കിയെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും നിറവേറ്റി. 

 

അതിനു മുമ്പ് മാരിയറ്റ് മാര്‍ക്യസ് ഹോട്ടലില്‍ നടന്ന ലോക കേരള സഭയുടെ മൂന്നാം മേഖലാ സമ്മേളനം മലയാളി സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. 'കൊച്ചു കേരളം' എന്ന വിശേഷണത്തില്‍ നിന്ന് 'ലോക കേരളം' എന്ന തലത്തിലേക്ക് നമ്മുടെ സംസ്ഥാനം വളര്‍ന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞത് ആവേശത്തോടെ കയ്യടിച്ചാണ് സദസ് ഏറ്റുവാങ്ങിയത്. ലോകത്താകമാനമുള്ള കേരളീയര്‍ക്ക് കേരള സര്‍ക്കാരുമായി ആശയവിനിമയം നടത്താനും പൊതുതാല്പര്യമുള്ള മേഖലകളില്‍ സഹകരിക്കാനുമുള്ള ഔദ്യോഗിക സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

ഏറെ പ്രാധാന്യത്തോടെയാണ് അമേരിക്കന്‍ മലയാളികളെ കേരള സര്‍ക്കാര്‍ കാണുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ മുന്‍ ലോക കേരള സഭാ സമ്മേളനങ്ങളിലും മേഖലാ സമ്മേളനങ്ങളിലും ലഭിച്ച ശുപാര്‍ശകളുടെ നിലവിലുള്ള അവസ്ഥ അദ്ദേഹം വിശദമാക്കി. പ്രായോഗികത കണക്കാക്കി 67 വിഷങ്ങളാക്കി ചുരുക്കി, 11 വിഷയങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുകയാണ് എന്ന് അദ്ദേഹം വ്യക്തമാക്കി. ബാക്കി 55 ശുപാര്‍ശകള്‍ പരിഗണനയിലാണ്. സമ്മേളനങ്ങളില്‍ ഉയര്‍ന്നുവരുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി നടപ്പിലാക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുെണ്ടന്നും അദ്ദേഹം വ്യക്തമാക്കിയത് ലോക കേരള സഭയെ സര്‍ക്കാര്‍ എത്ര ഗൗരവപൂര്‍വമായാണ് കണക്കാക്കുന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു. 

 

മാര്‍ക്യസ് ഹോട്ടലില്‍ നടന്ന ചടങ്ങിന് മുഖ്യമന്ത്രി മികച്ച ആതിഥേയനായി മാറി. എല്ലാവരുമായി കുശലം പറഞ്ഞും ഒപ്പം നിന്ന് സെല്‍ഫിയെടുത്തും പിറണായി  വിജയന്‍ അതുവരെ കേട്ടിരുന്ന അടക്കം പറച്ചിലുകളെ പിഴുതെറിഞ്ഞു. ഗൗരവക്കാരന്റെ മുഖം അഴിച്ചുവച്ച് വീട്ടിലെ കാര്‍ന്നോരായി പിണറായി മാറിയപ്പോള്‍ അത് ലോക മലയാളികള്‍ക്കു മുന്നില്‍ കമ്മ്യൂണിസത്തിന്റെ മാറുന്ന മുഖം കൂടിയായി മാറി. 

 

അമേരിക്കന്‍ മേഖലാ സമ്മേളനം എത്ര കണ്ട് വിജയമായി എന്ന് തെളിയിക്കേണ്ടത് കാലമാണ്. എന്നാല്‍ മാറ്റത്തിന് വിത്തു പാകിയിട്ടുണ്ട്. അത് മുളച്ചു ഫലം നല്‍കുമെന്ന് നമ്മുക്ക് പ്രതീക്ഷിക്കാം. മാറ്റമില്ലാത്തതായി മാറ്റം മാത്രമേ ഉള്ളൂ എന്നതാണല്ലോ മഹത് വചനം. പിണറായി മാറി, കമ്മ്യൂണിസവും മാറി. കേരളവും മാറിയേക്കും.. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com