കോപ്പിറൈറ്റില്ല, പേറ്റന്റില്ല, റോയൽറ്റിയില്ല; യോഗ എല്ലാവരുടേതും: മോദി
Mail This Article
ന്യൂയോർക്ക് ∙ കോപ്പിറൈറ്റും പേറ്റന്റും റോയൽറ്റിയുമില്ലാത്ത യോഗ എല്ലാവരുടേതുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഐക്യരാഷ്ട്ര സംഘടന ആസ്ഥാനത്ത് രാജ്യാന്തരയോഗാ ദിനാചരണ വേളയിലാണ് അതിന്റെ മേന്മയും മഹത്വവും മോദി വിശദീകരിച്ചത്.
യുഎൻ ആസ്ഥാന വളപ്പിലെ വടക്കുള്ള മൈതാനിയിലായിരുന്നു യോഗാഭ്യാസം. അവിടെ ഗാന്ധിപ്രതിമയിൽ പ്രണാമം അർപ്പിച്ചശേഷമായിരുന്നു യോഗാദിന പ്രഭാഷണം.
മാനവികതയുടെ സമാഗമവേദിയാണിതെന്ന് മോദി പറഞ്ഞു. സൂര്യനുദിക്കും മുൻപ് ഉണർന്നെണീറ്റാണ് എല്ലാവരും ഇവിടെയെത്തിയിരിക്കുന്നത്. ഏതാണ്ട് എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള ആളുകളുണ്ടിവിടെ. യോഗ ഇന്ത്യയിൽ നിന്നാണ്. അതൊരു ജീവിത രീതിയാണ്. ലോകം മുഴുവൻ ഒരു കുടുംബമായി കാണുന്ന ഭാരതീയ തത്വവും മോദി വിശദീകരിച്ചു.
തുടർന്നു വേദി വിട്ടു മൈതാനത്തേക്കിറങ്ങി. മഞ്ഞ പായകളിൽ ഇരുന്ന മറ്റുള്ളവർക്കൊപ്പം മോദിയും യോഗ അഭ്യസിച്ചു.ന്യൂയോർക്ക് മേയർ എറിക് ആഡംസ് ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ വിഡിയോ സന്ദേശം ചടങ്ങിൽ പ്രദർശിപ്പിച്ചു.
3 ദിവസത്തെ യുഎസ് സന്ദർശനത്തിനെത്തിയ മോദിക്ക് ഇന്നു വൈറ്റ്‌ഹൗസിൽ സ്വീകരണം നൽകും. പ്രസിഡന്റ് ജോബൈഡനുമായി കൂടിക്കാഴ്ചയും അദ്ദേഹത്തിന്റെ അതിഥിയായി ഔദ്യോഗിക അത്താഴവിരുന്നും ഇന്നുണ്ടാകും.
English Summary: PM Modi performs Yoga on International Yoga Day at UN HQ in New York.