ADVERTISEMENT

ഹൂസ്റ്റണ്‍ ∙ യുഎസില്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് എല്ലാ ചര്‍ച്ചകളും പുരോഗമിക്കുന്നത്. അതിപ്പോള്‍ പ്രസിഡന്റിന്റെ പ്രഖ്യാപനമാണെങ്കിലും മകന്‍ ഹണ്ടര്‍  ബൈഡന്റെ വൈറ്റ് ഹൗസിലേക്കുള്ള വരവായാലും. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മകന്‍ ഹണ്ടര്‍ ജൂലൈ 4 ന് ക്യാംപ് ഡേവിഡില്‍ കുടുംബത്തോടൊപ്പം ചേര്‍ന്നു എന്നതാണ് പുതിയ ചര്‍ച്ചാവിഷയം. 

ഹണ്ടര്‍ ബൈഡനെ പലപ്പോഴും വൈറ്റ് ഹൗസില്‍ കാണാറുണ്ട്. മകനുമൊത്തുള്ള പൊതുപരിപാടികള്‍ പരിമിതപ്പെടുത്തുന്നതിനുള്ള ഉപദേശം താന്‍ ശ്രദ്ധിക്കില്ലെന്ന് പ്രസിഡന്റ് രാഷ്ട്രീയ സഹായികളോട് വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുണ്ട്. 

ഹണ്ടര്‍ ബൈഡന്‍ പലപ്പോഴും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വിമര്‍ശനത്തിന് ഇരയായിട്ടുണ്ട്. കഴിഞ്ഞ മാസം, ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാരുമായി നികുതി ലംഘനങ്ങളില്‍ കുറ്റം സമ്മതിക്കാന്‍ അദ്ദേഹം ഒരു കരാറിലെത്തിയിരുന്നു. കരാറിന് മുമ്പും ശേഷവും പ്രസിഡന്റുമൊത്ത് ഹണ്ടര്‍ ബൈഡൻ പതിവായി പ്രത്യക്ഷപ്പെടുന്നത് അദ്ദേഹം വൈറ്റ് ഹൗസിലാണ് താമസിക്കുന്നതെന്ന അഭ്യൂഹം പരക്കാന്‍ കാരണമായി. 

ഹണ്ടര്‍ ബൈഡന്‍ ഭാര്യയോടും അവരുടെ 3 വയസ്സുള്ള മകനോടും ഒപ്പം വൈറ്റ് ഹൗസിലാണ് താമസിക്കുന്നത് എന്നാണ് അടുത്തിടെ വന്ന റിപ്പോർട്ട്. അർകെന്‍സയില്‍ നിന്നുള്ള യുവതിയെ ഗര്‍ഭിണിയാക്കിയതിന്റെ പേരിലുള്ള നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടാനാണ് ഹണ്ടറുടെ വൈറ്റ് ഹൗസിലെ ഒളിവു ജീവിതം എന്നാണ് ആരോപണം. 

‌ഹണ്ടര്‍ ബൈഡന്റെ സന്ദര്‍ശനങ്ങളോ വൈറ്റ് ഹൗസിലെ ദീര്‍ഘകാല താമസങ്ങളോ സന്ദര്‍ശക രേഖകളില്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് കഴിഞ്ഞ ആഴ്ച ഫോക്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതിനിടെ വൈറ്റ് ഹൗസില്‍ നിന്ന് കണ്ടെത്തിയ സംശയാസ്പദമായ പദാർഥം കൊക്കെയ്ന്‍ ആണെന്ന് സ്ഥിരീകരിച്ചത് മറ്റൊരു വിവാദത്തിന് വഴി തെളിച്ചു. തുടര്‍ന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ വൈറ്റ് ഹൗസ് ഒഴിപ്പിച്ചു പരിശോധന നടന്നു. വെസ്റ്റ് വിങ്ങിലാണ് സംഭവം നടന്നത്. ഉടന്‍ തന്നെ വൈറ്റ് ഹൗസ് സമുച്ചയം മുന്‍കരുതലായി അടച്ചിടാന്‍ ഉത്തരവും ഇറങ്ങി. പ്രസിഡന്റ് ജോ ബൈഡനും കുടുംബവും ‌‌ ക്യാംപ് ഡേവിഡിലായിരിക്കെയാണ് കൊക്കെയ്ന്‍ കണ്ടെത്തിയത്. ‌കൂടുതല്‍ അന്വേഷം നടന്നുകൊണ്ടിരിക്കുകയാണ്.

സംഭവത്തിന് തൊട്ടുമുമ്പ്, ഹണ്ടര്‍ ബൈഡന്‍ വൈറ്റ് ഹൗസ് ഗ്രൗണ്ടില്‍ ഉണ്ടായിരുന്നതാണ് വിവാദത്തിന് പ്രധാന കാരണം. ഹണ്ടര്‍ ബൈഡന്‍ ലഹരിമരുന്ന് കേസുകളുമായി ബന്ധമുള്ള വ്യക്തിയാണ് എന്നത് ആരോപണങ്ങള്‍ക്ക് ശക്തി പകരുന്നു. 

ന്യൂയോര്‍ക്ക് പോസ്റ്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, അവധിക്കാല വാരാന്ത്യത്തിനായി ക്യാംപ് ഡേവിഡിലേക്ക് പുറപ്പെടുന്നതിന് മുമ്പ്  വെള്ളിയാഴ്ച ഹണ്ടൻ ബൈഡൻ വൈറ്റ് ഹൗസില്‍ ഉണ്ടായിരുന്നു. ഞായറാഴ്ചയാണ് കൊക്കെയ്ന്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.  സീക്രട്ട് സര്‍വീസ് ഏജന്റുമാര്‍ ഞായറാഴ്ച നടത്തിയ പരിശോനയിലാണ് കൊക്കെയ്ന്‍ കണ്ടെത്തിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com