ADVERTISEMENT

ഹൂസ്റ്റണ്‍∙ മുന്‍ പ്രസിഡന്റ് ഡോണൾഡ്  ട്രംപിന് എതിരേ ഓരോ ദിവസവും പുതിയൊരു കേസ് ചുമത്താനാണോ ബൈഡന്‍ ഭരണകൂടത്തിന്റെ നീക്കം എന്ന് ആരെങ്കിലും സംശയിച്ചാല്‍ തെറ്റു പറയാന്‍ പറ്റുമോ? കലാപം മുതല്‍ കള്ളപ്പണം വരെ നീളുന്ന ചാര്‍ജുകളാണ് ട്രംപിനെതിരേ ചുമത്തിയിരിക്കുന്നതും അന്വേഷണം നടക്കുന്നത്. പുതിയ അന്വേഷണം ട്രംപ് സ്വത്ത് പെരുപ്പിച്ചു കാണിച്ചു ബാങ്കുകളെ പറ്റിക്കാന്‍ ശ്രമിച്ചു എന്നതാണ്. 

 

ഡോണൾഡ്  ട്രംപ് 2011 നും 2021 നും ഇടയില്‍ ഓരോ വര്‍ഷവും ബില്യൻ കണക്കിന് ഡോളര്‍ തന്റെ ആസ്തിയെ അമിതമായി പെരുപ്പിച്ചു കാണിച്ചതായി ന്യൂയോര്‍ക്കിലെ അറ്റോര്‍ണി ജനറല്‍ ആരോപണവുമായി രംഗത്തുവന്നിരിക്കുകയാണ്. മുന്‍ പ്രസിഡന്റിനെതിരെ നടന്നുകൊണ്ടിരിക്കുന്ന 250 മില്യൻ ഡോളറിന്റെ സിവില്‍ സ്യൂട്ടിനെ പിന്തുണച്ച് ഫയല്‍ ചെയ്ത രേഖകളില്‍, ട്രംപും അദ്ദേഹത്തിന്റെ ചില കൂട്ടാളികളും ബാങ്കുകള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും 'അനുകൂലമായ നിബന്ധനകളില്‍ കൂടുതല്‍ വായ്പകളും ഇന്‍ഷുറന്‍സും സുരക്ഷിതമാക്കാനും പരിപാലിക്കാനും' 'മൊത്തം പെരുപ്പിച്ച' നമ്പറുകള്‍ സമര്‍പ്പിച്ചതായി സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ ലെറ്റിഷ്യ ജെയിംസ് അവകാശപ്പെട്ടതാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുന്നത്. 

 

'ഈ പദ്ധതിയുടെ ഫലമായി കോടിക്കണക്കിന് ഡോളര്‍ സമ്പാദ്യത്തിലും ലാഭത്തിലുമായി അനധികൃതമായി ലഭിച്ചെന്നു രേഖകള്‍ പറയുന്നു. 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിലവിലെ റിപ്പബ്ലിക്കന്‍ മുന്‍നിര സ്ഥാനാര്‍ഥിയായ ട്രംപിനെതിരേ കഴിഞ്ഞ വര്‍ഷം തന്നെ അന്വേഷണം ആരംഭിച്ചിരുന്നു. ട്രംപിനും അദ്ദേഹത്തിന്റെ മക്കള്‍ക്കും ട്രംപ് ഓര്‍ഗനൈസേഷനും ബിസിനസിനുമെതിരെ നികുതിയും സാമ്പത്തിക തട്ടിപ്പും ആരോപിച്ച് കഴിഞ്ഞ വര്‍ഷമാണ് ജെയിംസ് അന്വേഷണം ആരംഭിച്ചത്. 

 

 

അതേസമയം നികുതിയില്‍ ഇളവ് നേടുന്നതിനായി ഗോള്‍ഫ് ക്ലബ്ബുകള്‍, ആഡംബര ഹോട്ടലുകള്‍, മറ്റ് സ്വത്തുക്കള്‍ എന്നിവയുള്‍പ്പെടെ ചില ട്രംപ് ഓര്‍ഗനൈസേഷന്റെ ആസ്തികളുടെ മൂല്യം വെട്ടിക്കുറച്ചതായുള്ള ആരോപണവും ഉയര്‍ത്തിയിട്ടുണ്ട്. ബുധനാഴ്ച സമര്‍പ്പിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ പരിഗണിക്കുന്നതിന് മുമ്പ് കേസ് തീര്‍പ്പാക്കണമെന്ന് ഡെമോക്രാറ്റായ ജെയിംസ് ശ്രമിക്കുന്നുണ്ട്. എന്നാല്‍ സെപ്റ്റംബര്‍ 22 ന് പ്രാഥമിക വാദം കേള്‍ക്കുന്നതോടെ ഒക്ടോബര്‍ 2 ന് വിചാരണ ആരംഭിക്കും.

 

2011 നും 2021 നും ഇടയില്‍ ട്രംപ് തന്റെ സമ്പത്ത് ഓരോ വര്‍ഷവും അമിതമായി പറഞ്ഞതായി അവര്‍ ആരോപിക്കുന്നു. അദ്ദേഹം പ്രസിഡന്റായിരുന്ന വര്‍ഷങ്ങള്‍ ഉള്‍പ്പെടെ, 17 മുതല്‍ 39 ശതമാനം വരെ -- ഓരോ വര്‍ഷവും 812 മില്യൻ ഡോളറും 2.2 ബില്യൻ ഡോളറും പെരുപ്പിച്ചു കാട്ടി എന്നാണ് ആരോപണം. 

 

'അനിഷേധ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍, പ്രതികള്‍ മൊത്തമായും വസ്തുനിഷ്ഠമായും വര്‍ദ്ധിപ്പിച്ച ആസ്തി മൂല്യങ്ങള്‍ ഹാജരാക്കി' എന്ന് നിര്‍ണ്ണയിക്കാന്‍ കോടതിക്ക് ഒരു വിചാരണയും ആവശ്യമില്ല എന്നാണ് അവരുടെ വാദം. 'ബിസിനസ് ഇടപാടുകള്‍ നടത്താനും ബാങ്കുകളെയും ഇന്‍ഷുറര്‍മാരെയും കബളിപ്പിക്കാനും ട്രംപും കൂട്ടാളികളും ശ്രമിച്ചതായും പ്രോസിക്യൂട്ടര്‍മാര്‍ വാദിക്കുന്നു. 

 

ജനുവരിയില്‍, ക്രിമിനല്‍ നികുതി, സാമ്പത്തിക തട്ടിപ്പ് കേസില്‍ ട്രംപ് ഓര്‍ഗനൈസേഷന് ന്യൂയോര്‍ക്ക് ജഡ്ജി 1.6 മില്യൻ ഡോളര്‍ പിഴ ചുമത്തിയിരുന്നു. ട്രംപിനെതിരായ ജെയിംസിന്റെ സിവില്‍ കേസ് വിചാരണയ്ക്ക് പോകുകയാണെങ്കില്‍, പ്രചാരണ പാതയില്‍ രാജ്യത്തുടനീളം യാത്ര ചെയ്യുന്നതിനിടെ ഹാജരാകേണ്ടി വരും എന്ന് കരുതപ്പെടുന്നു. ട്രംപ് താന്‍ പ്രസിഡന്റ് ആയിരുന്ന കാലത്തിനു മുമ്പും കാലത്തും ശേഷവും സ്വീകരിച്ച നടപടികളുടെ പേരില്‍ നാല് ക്രിമിനല്‍ വിചാരണകള്‍ നേരിടുന്നുണ്ട്. ന്യൂയോര്‍ക്കിലെയും ജോര്‍ജിയയിലെയും സ്റ്റേറ്റ് കേസുകളും ഫ്‌ളോറിഡയിലും വാഷിങ്‌ടനിലുമുള്ള രണ്ട് ഫെഡറല്‍ കേസുകളും അദ്ദേഹത്തിന് തലവേദന സൃഷ്ടിക്കുന്നതാണ്. 

 

 

അതേസമയം കറുത്ത വര്‍ഗക്കാരിയായ ലെറ്റിറ്റ ജെയിംസിനെ വംശീയവാദിയെന്ന് ട്രംപ് വിശേഷിപ്പിച്ചിരുന്നു. കേസാകട്ടെ തന്നെ വേട്ടയാടാനുള്ള ഡെമോക്രാറ്റുകളുടെ ശ്രമം ആണെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. എന്തായാലും കേസുകളുടെ കൂമ്പാരം കൂടിക്കൂടി വരുന്നതിനിടെയും ഇതെല്ലാം തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുള്ള വഴിയാക്കുന്നതിനുള്ള ശ്രമമാണ് ട്രംപും കൂട്ടരും നടത്തുന്നത്. അറ്റ്‌ലാന്റയിലെ ഫുള്‍ട്ടണ്‍ കൗണ്ടി ജയിലില്‍ ബുക്കിങ് ഫോട്ടോ എടുത്തതും പ്രചാരണ ആയുധമാക്കുന്നതില്‍ അദ്ദേഹം വിജയിച്ചിരുന്നു.

English Summary: News case against Donlad Trump

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com