മലയാളി വിനു ഡാനിയേൽ ടൈം 100 നെക്സ്റ്റ് പട്ടികയിൽ

vinu
SHARE

ന്യൂയോർക്ക് ∙ മലയാളി ആർക്കിടെക്ട് വിനു ഡാനിയേൽ (41) അടക്കം 4 ഇന്ത്യക്കാർ, നവലോക നേതാക്കളെ അവതരിപ്പിക്കുന്ന ടൈം മാഗസിൻ 100 നെക്സ്റ്റ് പട്ടികയിൽ ഇടം നേടി. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (34), മാധ്യമപ്രവർത്തക നന്ദിത വെങ്കടേശൻ (33), വൈദ്യശാസ്ത്രജ്ഞൻ ഡോ. നബുറൻ ദാസ്ഗുപ്ത(44) എന്നിവരാണു പട്ടികയിലുള്ള മറ്റ് ഇന്ത്യക്കാർ.

സുസ്ഥിരമാതൃകയിലുള്ള നിർമിതികളൊരുക്കുന്ന വോൾമേക്കേഴ്സ് സ്ഥാപകനായ വിനു ഡാനിയേൽ, വസ്ത്രാവശിഷ്ടങ്ങളും ഫെറോസിമന്റുമുപയോഗിച്ച് ക്ലോത്ക്രീറ്റ് ഫർണിച്ചർ ഒരുക്കുന്നതിലും ശ്രദ്ധ നേടി. ലാറി ബേക്കർ ശൈലിയിലുള്ള പരിസ്ഥിതി സൗഹൃദ നിർമിതികളിൽ നിന്നു പ്രചോദനം നേടിയ വിനു, കേരളത്തിലെ തൊഴിലാളികളും നാട്ടുകാരുമാണു തന്റെ ഗുരുക്കന്മാരെന്നും വ്യക്തമാക്കുന്നു. ലണ്ടനിലെ പ്രശസ്തമായ ബാർബിക്കൻ സെന്ററിൽ 2022 ൽ ചേന്ദമംഗലം കൈത്തറിയുടെ പ്രദർശനമൊരുക്കാനും നേതൃത്വം നൽകി. 

2017 ൽ ഓസ്ട്രേലിയയ്ക്ക് എതിരായ ലോകകപ്പ് മത്സരത്തിൽ 115 പന്തുകളിൽ നിന്ന് 171 റൺസ് നേടിയ പ്രകടനത്തോടെയാണു ഹർമൻപ്രീത് വനിതാ ക്രിക്കറ്റിലെ ഇതിഹാസതാര നിരയിലേക്ക് ഉയർന്നത്.

ക്ഷയരോഗചികിത്സയ്ക്കിടെ ഉപയോഗിച്ച മരുന്നുകളുടെ പാർശ്വഫലമായി കേൾവി നഷ്ടമായ നന്ദിത വെങ്കിടേശ് നടത്തിയ നിയമപോരാട്ടത്തിന്റെ ഫലമായാണു ക്ഷയരോഗ ചികിത്സയ്ക്കുള്ള സുരക്ഷിതമായ മരുന്ന് പേറ്റന്റ് തടസ്സം നീക്കി ഇന്ത്യയിൽ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാൻ വഴിയൊരുങ്ങിയത്.

വേദനസംഹാരികളുടെ അമിത ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാനുള്ള മരുന്നുകളുടെ ലഭ്യത യുഎസിൽ വർധിപ്പിക്കാനായുള്ള നടപടികൾ വിജയകരമായി നടപ്പാക്കിയതിലൂടെയാണ് ഡോ. നബുറൻ ദാസ്ഗുപ്ത ശ്രദ്ധേയനായത്.

English Summary: Four indians on time 100 next 2023 list

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS