മുതിർന്ന പൗരന്മാർക്കായി പ്രത്യേക കുർബാന

Mail This Article
ഡാലവസ് ∙ ക്രൈസ്തവ വിശ്വാസത്തിന്റെയും, ധാർമികതയുടെയും അടിത്തറയിൽ നിന്നുകൊണ്ട് വരും തലമുറകൾക്ക് ദൈവീക ഉപദേശങ്ങൾ പകർന്നു കൊടുത്ത് നല്ല നാളെകളെ സൃഷ്ടിക്കുന്നവർ ആയിരിക്കണം വയോധികർ എന്ന് റവ. ചെറിയാൻ ജോസഫ്. സെന്റ് പോൾ മാർത്തോമ്മാ ചർച്ച് മുതിർന്ന പൗരന്മാർക്കായി ക്രമീകരിച്ച വിശുദ്ധ കുർബാന മധ്യേ നടത്തിയ പ്രസംഗത്തിനിടെയാണ് ഈക്കാര്യം വ്യക്തമാക്കിയത്. അമേരിക്കയിൽ സന്ദർശനത്തിന് എത്തിയതായിരുന്നു ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മ ചർച്ച് മുൻ വികാരിയായിരുന്ന ജോസഫ് അച്ചൻ. മുതിർന്ന തലമുറകളുടെ ആലോചനകളും, ഉപദേശങ്ങളും, യുവജനങ്ങൾ ദൈവവചനം പോലെ ആദരണീയമായി കരുതണമെന്നും അച്ഛൻ പ്രസംഗത്തിൽ വ്യക്തമാക്കി.
വിശുദ്ധ കുർബാനയ്ക്ക് ജോസഫ് അച്ചൻ മുഖ്യകാർമികത്വം വഹിച്ചു. സെന്റ് പോൾസ് മാർത്തോമ്മാ ചർച്ച് ഇടവക വികാരി ഷൈജു സി. ജോയ് സഹകാർമികൻ ആയിരുന്നു. ഇടവകയിലെ മുതിർന്ന പൗരന്മാർ ആരാധന മധ്യേയുള്ള ഗാനശുശ്രൂഷകൾക്കും, വേദപുസ്തക വായനകൾക്കും നേതൃത്വം നൽകി. ഇടവകയുടെ വൈസ് പ്രസിഡന്റ് എബ്രഹാം മേപ്പുറത്തു സ്വാഗതവും, ട്രസ്റ്റി വിൻസെൻറ് ജോണിക്കുട്ടി നന്ദിയും അറിയിച്ചു.