ഡോ. ബീന പീറ്റേഴ്സ് ഇണ്ടിക്കുഴിക്ക് ഇലിനോയ് സ്റ്റേറ്റ് നഴ്സ് ലീഡർ അവാർഡ്
Mail This Article
ഷിക്കാഗോ ∙ കുക്ക് കൗണ്ടി ഹെൽത്ത് സിസ്റ്റം ചീഫ് നഴ്സിങ് എക്സിക്യൂട്ടീവ് ഡോ. ബീന പീറ്റേഴ്സ് ഇണ്ടിക്കുഴി (DNP, RN, FACHE, FABC) 2023 ലെ ജോവാൻ എൽ. ഷേവർ ഇലിനോയ് സ്റ്റേറ്റ് ഔട്ട് സ്റ്റാൻഡിങ് നഴ്സ് ലീഡർ അവാർഡിന് അർഹയായി. ഇലിനോയ് സ്റ്റേറ്റിലെ ഹെൽത്ത് കെയർ സിസ്റ്റത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുവാൻ നൽകിയ സേവനങ്ങളെ മാനിച്ചാണ് അവാർഡ്. നവംബർ 3–ാം തീയതി വെള്ളിയാഴ്ച ഷിക്കാഗോ ഡൗൺടൗണിലുള്ള പാമർ ഹൗസ് ഹിൽട്ടണിൽ നടക്കുന്ന പവർ ഓഫ് നഴ്സിങ് ലീഡർഷിപ്പ് അവാർഡ് നൈറ്റിൽ വച്ച് ഡോ. ബീന പീറ്റേഴ്സ് അവാർഡ് സ്വീകരിക്കും.
2018 ഒക്ടോബർ 28–ാം തീയതിയാണ് ഡോ. ബീന പീറ്റേഴ്സ് കുക്ക് കൗണ്ടി ഹെൽത്ത് സിസ്റ്റത്തിന്റെ സിഎൻഒ ആയി ചാർജെടുത്തത്. നഴ്സിങ് മാനേജ്മെന്റ് സിസ്റ്റത്തിൽ അധികാരവികേന്ദ്രീകരണം നടപ്പിൽ വരുത്തി രോഗികൾക്ക് കൂടുതൽ ശ്രദ്ധയും പരിചരണവും ഉറപ്പുവരുത്തി. നഴ്സിങ് ലീഡർഷിപ്പ് ഡെവലപ്മെന്റ് അക്കാദമി പ്രോഗ്രാം ആരംഭിക്കുകയും സ്റ്റാഫിന് കൂടുതൽ പരിശീലനവും ബോധവത്കരണവും നൽകി രോഗികളുടെ സംതൃപ്തിയുടെ നിലവാരം ഉയർത്തി. നഴ്സിങ്ങിന്റെ ഓരോ മേഖലയിലും അതത് രംഗത്ത് കഴിവ് തെളിയിച്ചിട്ടുള്ളവരും എക്സ്പീരിയൻസ് ഉള്ളവരുമായ വ്യക്തികളുടെ നേതൃത്വത്തിൽ നഴ്സിങ് ടീമിൽ അഴിച്ചു പണി വരുത്തി രോഗികൾക്ക് മികച്ച സേവനം ഉറപ്പുവരുത്തി. ഏകദേശം 2400 ഫുൾടൈം സ്റ്റാഫിന്റെ മേൽനോട്ടം കൂടാതെ 200 മില്യൻ ഡോളറിന്റെ വാർഷിക ബജറ്റിന്റെ ഉത്തരവാദിത്തവും ഡോ. ബീന പീറ്റേഴ്സിനാണ്. ഡോ. ബീന പീറ്റേഴ്സിന്റെ ദീർഘവീക്ഷണം, അർപ്പണമനോഭാവം, കഠിനാധ്വനം, മാനേജ്മെന്റ് ക്വാളിറ്റി തുടങ്ങിയ ഗുണങ്ങൾ പ്രത്യേകം അഭിനന്ദനമർഹിക്കുന്നതായി അവാർഡ് കമ്മിറ്റി വിലയിരുത്തി.
യൂണിവേഴ്സിറ്റി ഓഫ് ഇലിനോയ് മെഡിക്കൽ സെന്ററിൽ 26 വർഷക്കാലം നഴ്സിങ് ലീഡർഷിപ്പ് രംഗത്ത് വിവിധ സ്ഥാനങ്ങൾ വഹിക്കുകയും അസോസിയേറ്റ് ചീഫ് നഴ്സിങ് ഓഫിസർ എന്ന ഉയർന്ന പദവിയിൽ വർഷങ്ങളോളം പ്രവർത്തിക്കുകയും ചെയ്തതിനുശേഷമാണ് 2018 ൽ കുക്ക് കൗണ്ടി ഹെൽത്ത് സിസ്റ്റത്തിൽ ഡോ. ബീന പീറ്റേഴ്സ് ചാർജെടുത്തത്. 2017 ൽ യൂണിവേഴ്സിറ്റി ഓഫ് ഇലിനോയിയിൽ നിന്നും ഡോക്ടറേറ്റ് എടുത്തു. ഇപ്പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിൻ ഷിക്കാഗോയുടെ ഗവേണിങ് ബോഡി മെംബർ, യുഐസി കോളജ് ഓഫ് നഴ്സിങ് അലുമ്നൈ ബോർഡ് മെംബർ തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുന്നു.
2023– ൽ ബെക്കേഴ്സ് ഹെൽത്ത് കെയർ പ്രസിദ്ധീകരിച്ച Hospital and Health System Chief Nursing Officers to Know എന്ന ലിസ്റ്റിൽ ഡോ. ബീന പീറ്റേഴ്സും സ്ഥാനം പിടിച്ചിട്ടുണ്ട്. ഈ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ലഭിക്കുന്ന വലിയ ഒരു അംഗീകാരമാണിത്.
ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ഇലിനോയ് (INAI) യുടെ സ്ഥാപക പ്രസിഡന്റായ ഡോ. ബീന പീറ്റേഴ്സിന്റെ ഭരണകാലത്ത് അന്നത്തെ ഇലിനോയ് സെനറ്ററായിരുന്ന ബറാക്ക് ഒബാമയാണ് സംഘടനയുടെ ഉദ്ഘാടനം നിർവഹിച്ചത്. കെസിസിഎൻഎ ഷിക്കാഗോ റീജൻ വൈസ് പ്രസിഡന്റ്, ക്നാനായ കാത്തലിക് വിമൻസ് ഫോറം ഓഫ് നോർത്ത് അമേരിക്കയുടെ (KCWFNA) ദേശീയ പ്രസിഡന്റ് തുടങ്ങിയ നിലകളിലും ഡോ. ബീന പ്രവർത്തിച്ചിട്ടുണ്ട്. ഷിക്കാഗോയിൽ വ്യവസായ രംഗത്ത് പ്രവർത്തിക്കുന്ന സണ്ണി ഇണ്ടിക്കുഴിയാണ് ഭർത്താവ്. സ്റ്റെബി, റ്റോബിൻ, മിഷേൽ, ഡോ. വനേസ്സാ എന്നിവരാണ് മക്കൾ.