ട്രൂഡോയുടെ വാശിക്കു വഴങ്ങി ബൈഡന്‍; ജി20 യോഗത്തിനിടെ മോദിയോട് വിഷയം അവതരിപ്പിച്ചു

Mail This Article
ഹൂസ്റ്റണ്‍ ∙ കാനഡ യുഎസിന്റെ അടുത്ത സഖ്യകക്ഷികളിലൊന്നാണ്. ഇരുമെയ്യാണെങ്കിലും ഒരു മനം എന്ന മട്ടിലുള്ള രാജ്യം. അതിര്‍ത്തി പങ്കിടുന്ന അയല്‍ രാജ്യങ്ങളിലൊന്ന്. അതുകൊണ്ടുതന്നെ കാനഡയെ സംബന്ധിച്ച് യുഎസ് 'വല്യേട്ടന്‍' ആണ്. കാനഡയ്‌ക്കൊരു പ്രശ്‌നം വന്നാല്‍ യുഎസ് ആകട്ടെ അത് സ്വന്തം പ്രശ്‌നായി തന്നെ കണക്കാക്കുകയും ചെയ്യും. എന്നാല്‍ കാനഡ കോര്‍ത്തത് ഇന്ത്യയുമായതാണ് ഇപ്പോള്‍ യുഎസിനെ അലട്ടുന്ന പ്രശ്‌നം. കാനഡയുടെ ഒപ്പം നിന്നാല്‍ ഇന്ത്യ പിണങ്ങും. കണ്ണയ്ക്കാമെന്നു വച്ചാല്‍ കാനഡയ്ക്കു സങ്കടമാകും.


യുഎസ് പ്രസിഡന്റ് എന്ന നിലയില്‍ ജോ ബൈഡന്‍ വല്ലാത്തൊരു ധര്‍മ്മ സങ്കടത്തിലാണ്. അതിനിടെയാണ് ജി20 ഉച്ചകോടി നടന്നപ്പോള്‍ കാനഡയിലെ സിഖ് നേതാവിന്റെ കൊലപാതകം സംബന്ധിച്ച് ബൈഡന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചുവെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. സിഖ് വിഘടനവാദി നേതാവിന്റെ കൊലപാതകത്തില്‍ ന്യൂഡല്‍ഹിക്ക് പങ്കുണ്ടെന്ന കാനഡയുടെ അവകാശവാദത്തെക്കുറിച്ച് ഈ മാസം ആദ്യം നടന്ന ജി 20 ഉച്ചകോടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും മറ്റ് നേതാക്കളും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആശങ്ക പ്രകടിപ്പിച്ചതായി ഫിനാന്‍ഷ്യല്‍ ടൈംസ് (എഫ്ടി) ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഓസ്ട്രേലിയ, കാനഡ, ന്യൂസിലാന്‍ഡ്, യുകെ, യുഎസ് എന്നിവ ഉള്‍പ്പെടുന്ന രഹസ്യാന്വേഷണ ശൃംഖലയായ 'ഫൈവ് ഐസി'ലെ നിരവധി അംഗങ്ങള്‍ സിഖ് വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകം മോദിയുമായി നേരിട്ട് സംസാരിച്ചതായാണ് പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മോദിയുമായി നേരിട്ട് വിഷയം അവതരിപ്പിക്കാന്‍ സഖ്യകക്ഷിളോട് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ബൈഡനും മറ്റ് നേതാക്കളും ഉച്ചകോടിയില്‍ തങ്ങളുടെ ആശങ്കകള്‍ അറിയിച്ചതെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്തു.


കൊലപാതകത്തില്‍ ഔദ്യോഗിക പങ്കാളിത്തമുണ്ടെന്ന കാനഡയുടെ അവകാശവാദങ്ങളെ ഇന്ത്യ തള്ളിക്കളഞ്ഞു. ആരോപണങ്ങളെ 'അസംബന്ധം' എന്നാണ് ഇന്ത്യ വിശേഷിപ്പിച്ചിരിക്കുന്നത്. ജൂണില്‍ കാനഡയിലെ ബ്രിട്ടിഷ് കൊളംബിയ പ്രവിശ്യയിലെ സറേ നഗരത്തില്‍ സിഖ് ക്ഷേത്രത്തിന് പുറത്ത് വെടിയേറ്റ് കൊല്ലപ്പെട്ട നിജ്ജാര്‍ (45) എന്ന ഖാലിസ്ഥാന്‍ വിഘടനവാദിയുടെ കൊലപാതകത്തെക്കുറിച്ച് കാനഡ പ്രത്യേക വിവരങ്ങളൊന്നും പങ്കുവച്ചിട്ടില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയില്‍ ജനിച്ചെങ്കിലും 2007-ല്‍ കനേഡിയന്‍ പൗരനായി മാറിയ പ്ലമര്‍ ജോലി ചെയ്തിരുന്ന നിജ്ജാര്‍, സ്വതന്ത്ര ഖാലിസ്ഥാനി രാഷ്ട്രത്തിന്റെ രൂപത്തില്‍ ഇന്ത്യയിലെ സിഖ്ക്കാരെ ശക്തമായി പിന്തുണയ്ക്കുന്ന വ്യക്തിയാണ്.
2020 ജൂലൈയില്‍ ഇന്ത്യന്‍ അധികാരികള്‍ അദ്ദേഹത്തെ 'ഭീകരനായി' പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. നിജ്ജാര്‍ വിഷയം രാജ്യാന്തര തലത്തില്‍ ചര്‍ച്ച ആയതോടെ കാനഡയില്‍ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേദിയൊരുക്കുന്നതിനെതിരെ ഇന്ത്യയും ശ്കതമായി രംഗത്തു വന്നിരിക്കുകയാണ്. അതുകൊണ്ടുതന്നെ വിഷയത്തില്‍ കാനഡയുടെ നില രാജ്യാന്തര സമൂഹത്തിന് മുന്നില്‍ പരുങ്ങലില്‍ ആയിരിക്കുകയാണ് എന്നാണ് നയതന്ത്ര രംഗത്തെ വിദഗ്ധരുടെ വിലയിരുത്തല്‍.
കനേഡിയന്‍ ആക്ടിവിസ്റ്റ് ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യയ്ക്കെതിരെ കാനഡ ഉന്നയിച്ചതിന് സമാനമായ ആരോപണങ്ങള്‍ നേരിടുന്ന ഏതൊരു രാജ്യത്തെയും പിന്തുണയ്ക്കില്ലെന്ന് യുഎസ് വ്യക്തമാക്കിയിരുന്നു. ഇന്ത്യയ്ക്ക് മാത്രമല്ല ഇതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഒരു രാജ്യത്തിനും പ്രത്യേക ഇളവുകളൊന്നുമില്ല എന്ന് അമേരിക്ക വ്യക്തമാക്കുന്നു.
കാനഡ യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ അയല്‍ രാജ്യം മാത്രമല്ല, അതിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷികളില്‍ ഒന്നാണ്. കൂടാതെ ഫൈവ് ഐസ് ഇന്റലിജന്‍സ് ഷെയറിങ് നെറ്റ്‌വര്‍ക്കിലെ അംഗവുമാണ്. അതുകൊണ്ടുതന്നെ വിഷയം യുഎസിന് അഭിമാന പ്രശ്‌നവുമാണ്. ''ഇത് ഞങ്ങള്‍ ഗൗരവമായി എടുക്കുന്ന കാര്യമാണ്. ഇതില്‍ കാനഡയ്ക്കു നീതി ലഭിക്കുന്നതിനായി ഞങ്ങള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും. രാജ്യം പരിഗണിക്കാതെ ഞങ്ങള്‍ അത് ചെയ്യും. ഇതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നിങ്ങള്‍ക്ക് പ്രത്യേക ഇളവുകളൊന്നുമില്ല. ഏത് രാജ്യത്തായാലും. ഞങ്ങള്‍ നിലകൊള്ളുകയും നമ്മുടെ അടിസ്ഥാന തത്വങ്ങള്‍ സംരക്ഷിക്കുകയും ചെയ്യും. കാനഡ പോലുള്ള സഖ്യകക്ഷികള്‍ അവരുടെ നിയമപാലനവും നയതന്ത്ര നടപടികളും പിന്തുടരുമ്പോള്‍ ഞങ്ങള്‍ അവരുമായി അടുത്ത് കൂടിയാലോചിക്കും, ''യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സുള്ളിവന്‍ പറഞ്ഞു.
സെപ്റ്റംബര്‍ 18 തിങ്കളാഴ്ച ഹൗസ് ഓഫ് കോമണ്‍സില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വിഷയം അവതരിപ്പിച്ചതിനു ശേഷം ഈ വിഷയത്തില്‍ കാനഡയെ പിന്തുണയ്ക്കുന്ന അമേരിക്കയില്‍ നിന്നുള്ള ഏറ്റവും ശക്തമായ പ്രസ്താവനയാണിത്. ഓസ്ട്രേലിയ, യുണൈറ്റഡ് സ്റ്റേറ്റ്സ്, യുകെ എന്നീ രാജ്യങ്ങള്‍ ആരോപണങ്ങളില്‍ അതീവ ഉത്കണ്ഠാകുലരാണെന്ന് പ്രതികരിച്ചിരുന്നു. കാനഡയുടെ ആശങ്ക ഇന്ത്യയെ അറിയിച്ചിട്ടുണ്ടെന്ന് ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രി പെന്നി വോങ് പറഞ്ഞു. കനേഡിയന്‍ അന്വേഷണത്തില്‍ പങ്കെടുക്കാന്‍ ഓസ്ട്രേലിയയും അമേരിക്കയും ഇന്ത്യയോട് ആവശ്യപ്പെടുകയും ചെയ്തതാണ് ഇതുവരെ വിഷയത്തില്‍ ഈ രാജ്യങ്ങള്‍ നടത്തിയിട്ടുള്ള ഇടപെടലുകള്‍.
English Summary: Biden raised the issue with Modi during the G20 meeting