ADVERTISEMENT

ന്യൂജേഴ്സി ∙ ന്യൂജേഴ്സി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഹെല്‍പ് സേവ് ലൈഫ് (Help Save Life) എന്ന ജീവകാരുണ്യ സംഘടന അവരുടെ 22 വർഷത്തെ സേവനം നവംബർ 1, 2023 ന് പൂർത്തിയാക്കുന്നു. 'ഒരു ജീവിതം വീണ്ടെടുക്കാന്‍ ഒരു കൈ സഹായം.'  (Lend a hand to mend a life) എന്ന മുദ്രാവാക്യവുമായി പ്രവർത്തിക്കുന്ന സംഘടന 22 വർഷം പിന്നിടുമ്പോൾ 1700 ലധികം പാവപ്പെട്ട കുടുംബങ്ങൾക്കായി US$1.42 Million (ഇന്നത്തെ നിരക്കിൽ പതിനൊന്നരകോടിയിലധികം ഇന്ത്യൻ രൂപ) സാമ്പത്തിക സഹായം ചെയ്തു കഴിഞ്ഞു. 1000 ലധികം വ്യക്തികൾ ഒരു പ്രാവശ്യമെങ്കിലും സംഘടനക്ക്  സംഭാവന നൽകിയിട്ടുണ്ട്. 

പ്രധാനമായും രണ്ടു വിധത്തിലുള്ള ജീവകാരുണ്യ പ്രവർത്തനമാണ് സംഘടന ചെയ്യുന്നത്. അർഹരായ പാവപ്പെട്ടവർക്ക് ചികിത്സാ സഹായം നൽകുക. നിർധനരായ വിദ്യാർഥികൾക്ക് സ്കൂൾ കോളേജിൽ പഠിക്കാൻ സാമ്പത്തിക സഹായം നൽകുക. അതോടൊപ്പം പ്രളയം, ഭൂകമ്പം പോലുള്ള ദുരന്തങ്ങളുണ്ടാവുന്ന സമയത്ത്  പ്രത്യേക ഫണ്ട് രൂപീകരിച്ച് സഹായമെത്തിക്കാനും സംഘടന പ്രവർത്തിക്കുന്നുണ്ട്. പ്രധാനമായും ഭവന പുനർനിർമ്മാണത്തിനാണ് ഈ ഫണ്ട് ഉപയോഗിക്കുന്നത്. 

ഹെല്‍പ് സേവ് ലൈഫിൻറെ 2023 ലെ മാത്രം കണക്കുകൾ ഇപ്രകാരമാണ്. 105 വ്യക്തികളുടെ ചികിത്സാസഹായങ്ങൾക്കായി ഇതുവരെ US$ 150,891 നൽകി. 29 നിർധനരായ വിദ്യാർഥികൾക്ക് US$ 27,304 നൽകി അവരുടെ ഉന്നത വിദ്യാഭാസം തുടർന്നുകൊണ്ട് പോകാൻ സഹായിച്ചു. പ്രളയം മൂലമോ അല്ലാതെയോ വീട് നഷ്ടപെട്ട 7 കുടുംബങ്ങൾക്ക് US$11,047 നൽകി ഭവന നിർമാണത്തിന് സഹായിച്ചു. സ്കൂൾ/കോളേജ് വിദ്യാർഥികൾക്ക് വേണ്ടിയുള്ള പ്രത്യേക പരിപാടി (Sponsor-A-Student) വഴി 60 കുട്ടികൾക്ക് US$24,374 തുക നൽകി അവരുടെ രക്ഷിതാക്കളെ സഹായിച്ചു. കൂടാതെ ആഫ്രിക്കയിലെ പല വിധ സഹായങ്ങൾക്കായി ഏകദേശം $3,000 നൽകുവാനും സംഘടനക്ക് കഴിഞ്ഞു.

ഹെല്‍പ് സേവ് ലൈഫ് യുവജന വിഭാഗം നടത്തിയ പലവിധ ഓൺലൈൻ ധനസമാഹരണ പരിപാടികളിലൂടെ ഈ വർഷം ഏകദേശം $3745 സമാഹരിക്കുവാൻ സാധിച്ചു. ഈ തുക മുഴുവനും കേരളത്തിലെ പാവപ്പെട്ടവരായ വിവിധ  യുവജനങ്ങളുടെ ചികിത്സയ്ക്കും വിദ്യാഭ്യാസ സഹായത്തിനും വേണ്ടി വിനിയോഗിച്ചു. 

ഹെല്‍പ് സേവ് ലൈഫിന്റെ   അംഗങ്ങള്‍ക്ക് നേരിട്ട് അറിയാവുന്നവര്‍ക്കോ, അല്ലെങ്കില്‍ സഹായം അര്‍ഹിക്കുന്നവരാണെന്ന് അംഗങ്ങള്‍ വഴിതന്നെ ഉറപ്പാക്കിയതിനു ശേഷമോ ആണ് സഹായം അനുവദിക്കുക. നിലവില്‍ പ്രതിമാസം ആറ് അഭ്യര്‍ത്ഥനകളാണ് ഏറ്റെടുത്ത് നടപ്പാക്കുന്നത്. ഇതിനുപുറമേ, അടിയന്തര സഹായം ആവശ്യമായിവരുന്ന സാഹചര്യത്തില്‍ അംഗങ്ങളുടെ ആവശ്യപ്രകാരം വേഗത്തില്‍ തന്നെ സഹായം എത്തിക്കുന്നതിനും നടപടി സ്വീകരിക്കാറുണ്ട്. സംഘടനാ സമാഹരിക്കുന്ന മുഴുവൻ തുകയും സാമ്പത്തികമായി സഹായം ചെയ്യുന്നതിനായി ഉപയോഗിക്കുന്നു. ഭൂരിഭാഗം അംഗങ്ങളും മലയാളികളായതിനാൽ ഒട്ടു മിക്ക സഹായങ്ങളും കേരളത്തിലേക്കാണ് നൽകുന്നത്. ഹെല്‍പ് സേവ് ലൈഫ് ഒരു റജിസ്റ്റേര്‍ഡ് ജീവകാരുണ്യ സംഘടനയായതിനാല്‍ സംഭാവനകള്‍ക്ക് യു. എസ്. ഇന്‍കം ടാക്‌സ് നിയമത്തിലെ (501)(c)(3) പ്രകാരം 100 ശതമാനം നികുതി ഇളവ് ലഭിക്കുന്നതാണ്. 

സഹായ മനസ്‌കരായവരുടെ സംഭാവനകളാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങും തണലുമാകുന്നത്. സേവന സന്നദ്ധരായ നിരവധിയാളുകളുടെ നിരന്തരമായ സഹായങ്ങളാണ് സംഘടനയെ മുന്നോട്ടുനയിക്കുന്നത്. കൊടുക്കുന്തോറും വീണ്ടും കൂടുതൽ സഹായ അഭ്യർത്ഥനകൾ ലഭിക്കുന്നതിനാൽ, ഇനിയും കൂടുതൽ സന്മനസ്കരായ വ്യക്തികളുടെ സാമ്പത്തിക സഹായം സംഘടനക്ക് അനിവാര്യമാണ്. "നൂറു വ്യക്തികളെ സഹായിക്കാനാവില്ലെങ്കിൽ ഒരാളെ സഹായിക്കു" എന്ന മദർ തെരേസയുടെ വചനമാണ് സംഘടനയുടെ ആപ്തവാക്യം. 
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
www.HelpSaveLife.org
Email: HelpSaveLifeUSA@gmail.com. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com