ADVERTISEMENT

ഹൂസ്റ്റണ്‍∙ വര്‍ഷം ഒന്നു കഴിഞ്ഞിട്ടും യുക്രെയ്നെതിരേയുള്ള  റഷ്യയുടെ ആക്രമണം അവസാനിക്കുന്നില്ല. നിസാരമായി കീഴടക്കാമെന്നു കരുതിയിടത്തു നിന്നാണ് ചെറുത്തുനില്‍പ്പിന്റെ പുതിയ പാഠങ്ങള്‍ യുക്രെയ്ന്‍ ലോകത്തിനു കാട്ടിക്കൊടുത്തത്. ലോകരാജ്യങ്ങളും കട്ടയ്ക്കു നിന്നപ്പോള്‍ റഷ്യയ്ക്ക് ബാലികേറാമലയായി മാറി. 

റഷ്യയെ നേരിടാന്‍ തന്റെ സേനയെ സഹായിക്കുന്നതിന് കൂടുതല്‍ ധനസഹായം നല്‍കണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി യുഎസിനോട് ആവശ്യപ്പെട്ടു രംഗത്തുവന്നിരിക്കുകയാണ്. അതോടൊപ്പം തന്നെ യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ യുദ്ധത്തിന്റെ വ്യാപ്തി കാണാനും അദ്ദേഹം ക്ഷണിച്ചതും ശ്രദ്ധേയമായി. താന്‍ പ്രസിഡന്റായാല്‍ കേവലം ഒരു മണിക്കൂര്‍ കൊണ്ട് റഷ്യ- യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കും എന്നു പ്രഖ്യാപിച്ചിട്ടുള്ള വ്യക്തിയാണ് ട്രംപ്. 

അതുപോലെതന്നെ യുക്രെയ്ന് പരിധിയില്ലാത്ത സഹായം നല്‍കുന്നതിനെതിരേയും നിലകൊള്ളുന്ന വ്യക്തിയാണ് മുന്‍ പ്രസിഡന്റ്. വാഷിങ്‌ടൻ പിന്തുണ വര്‍ധിപ്പിച്ചില്ലെങ്കില്‍ റഷ്യയുമായുള്ള വലിയ യൂറോപ്യന്‍ സംഘട്ടനത്തിലേക്ക് അമേരിക്കന്‍ സൈനികര്‍ വലിച്ചെറിയപ്പെടുമെന്ന് സെലെന്‍സ്‌കി പറഞ്ഞു.

'റഷ്യ ഞങ്ങളെ എല്ലാവരെയും കൊല്ലുകയാണെങ്കില്‍, അവര്‍ നാറ്റോ രാജ്യങ്ങളെ ആക്രമിക്കും, നിങ്ങള്‍ നിങ്ങളുടെ മക്കളെയും പെണ്‍മക്കളെയും 'യുദ്ധത്തിന്' അയയ്‌ക്കേണ്ടിവരും എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എന്‍ബിസിയുടെ 'മീറ്റ് ദ പ്രസ്' അഭിമുഖത്തിലാണ് ഇക്കാര്യം സെലെന്‍സ്‌കി പറഞ്ഞത്. 

ഡെമോക്രാറ്റായ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, 106 ബില്യൻ ഡോളറിന്റെ അനുബന്ധ ചെലവ് ബില്‍ പാസാക്കാന്‍ യുഎസ് കോണ്‍ഗ്രസില്‍ സമ്മര്‍ദ്ദം ചെലുത്തിയിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് യുക്രെയ്ന്‍ പ്രസിഡന്റിന്റെ മുന്നറിയിപ്പ്. യുഎസ് പാസാക്കുന്ന പണത്തിന്റെ ഭൂരിഭാഗവും യുക്രെയ്‌നിന്റെ പ്രതിരോധത്തെ ശക്തിപ്പെടുത്താനുള്ളതാണ്. ശേഷിക്കുന്ന തുക ഇസ്രായേല്‍, ഇന്തോ-പസഫിക്, അതിര്‍ത്തി നിര്‍വ്വഹണങ്ങള്‍ എന്നിവയ്ക്കായി നീക്കി വയ്ക്കാനാണ് യുഎസ് തീരുമാനിച്ചിരിക്കുന്നത്. 

എന്നാല്‍ യുഎസ് സ്റ്റേറ്റ് ഫണ്ടിങനു പകരം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള യുഎസ് ജനപ്രതിനിധി സഭ സ്വന്തം ഫണ്ടിങ് പ്ലാന്‍ മുന്നോട്ട് വെച്ചിരിക്കുകയാണ്. ഇസ്രയേലിന് 14.3 ബില്യൻ ഡോളര്‍ സഹായം നല്‍കാനുള്ള ബില്‍ കഴിഞ്ഞയാഴ്ച പാസാക്കിയെങ്കിലും യുക്രൈയ്നുള്ള സഹായത്തില്‍ വര്‍ധനവ് ഉള്‍പ്പെടുത്തിയിരുന്നില്ല.

ഡെമോക്രാറ്റിക് നിയന്ത്രിത സെനറ്റിന്റെ ഭൂരിപക്ഷ നേതാവായ യുഎസ് സെനറ്റര്‍ ചക്ക് ഷൂമര്‍, താന്‍ സഭാ ബില്‍ വോട്ടിന് കൊണ്ടുവരില്ലെന്ന് പറഞ്ഞു, വന്നാല്‍ അത് വീറ്റോ ചെയ്യുമെന്ന് ബൈഡനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായ യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ യുക്രെയ്ന്‍ സന്ദര്‍ശിക്കാനും 2022 ഫെബ്രുവരിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ആരംഭിച്ച സംഘര്‍ഷത്തിന്റെ ഫലം കാണാനും സെലെന്‍സ്‌കി ക്ഷണിച്ചു.

'അദ്ദേഹത്തിന് ഇവിടെ വരാന്‍ കഴിയുമെങ്കില്‍, ഈ യുദ്ധം നിയന്ത്രിക്കാന്‍ അദ്ദേഹത്തിന് കഴിയില്ലെന്ന് ട്രംപിന് മനസിലാക്കി കൊടുക്കാന്‍ എനിക്ക് 24 മിനിറ്റ് മാത്രം മതിയാകും.' - സെലെന്‍സ്‌കി പറഞ്ഞു. പുടിന്‍ കാരണം ട്രംപിന് സമാധാനം കൊണ്ടുവരാന്‍ കഴിയില്ലെന്നും സെലെന്‍സ്‌കി ചൂണ്ടിക്കാട്ടി. 

English Summary:

Zelensky invited Trump to Ukraine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com