ഇസ്രയേല്‍ അനുകൂല നയം: ബൈഡനെതിരേ സ്വന്തം സ്റ്റാഫംഗങ്ങള്‍ പോലും പ്രതിഷേധത്തില്‍
Mail This Article
ഹൂസ്റ്റണ്‍∙ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഇസ്രയേല്‍ അനുകൂല നയങ്ങള്‍ നാട്ടില്‍ വലിയ വിമര്‍ശനമാണ് വിളിച്ചു വരുത്തുന്നത്. അതിനിടെ ബൈഡന്‍ എക്‌സില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പും വലിയ വിമര്‍ശനമാണ് വിളിച്ചുവരുത്തുന്നത്. ഇസ്രയേല്‍-ഹമാസ് യുദ്ധത്തെക്കുറിച്ചുള്ള പോസ്റ്റ് വെടിനിര്‍ത്തലിനായുള്ള ആഭ്യന്തര സമ്മര്‍ദ്ദത്തിന് അദ്ദേഹം വഴങ്ങുന്നു എന്നതിന്റെ തെളിവായി ചിലര്‍ കാണുന്നു.
'ഇസ്രയേലികളും പലസ്തീനികളും സമാധാനത്തോടെ ജീവിക്കുന്നത് താല്‍പ്പര്യമില്ലാത്തതു കൊണ്ടാണ് ഹമാസ് ആക്രമണം അഴിച്ചുവിട്ടത്. അക്രമം, കൊലപാതകം, യുദ്ധം എന്നിവയുടെ പാതയില്‍ തുടരുന്ന ഹമാസിന് അവര്‍ ആഗ്രഹിക്കുന്നത് നല്‍കാൻ ഞങ്ങള്‍ക്ക് കഴിയില്ല. '- യുഎസ് പ്രസിഡന്റ് എക്‌സ് അക്കൗണ്ടില്‍ വ്യക്തമാക്കി.
ഹമാസ് ബന്ദികളെ മോചിപ്പിക്കുന്നതിനെക്കുറിച്ചും പലസ്തീന്‍ പൗരന്മാര്‍ക്ക് മാനുഷിക സഹായം വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ചും കഴിഞ്ഞ ആഴ്ച മാസച്യുസിറ്റ്‌സിലെ നാന്റുകെറ്റില്‍ ബൈഡന്‍ സംസാരിച്ചതില്‍ നിന്നാണ് എക്സിലെ സന്ദേശം തയ്യാറാക്കിയത്. എന്നാല്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത മൂന്ന് വാചകങ്ങള്‍ പുനഃപ്രസിദ്ധീകരിക്കാനുള്ള വൈറ്റ് ഹൗസിന്റെ തീരുമാനം വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ക്ക് കാരണമായി.
ഹമാസിന്റെ ആക്രമണവും ഇസ്രയേലിന്റെ ബോംബാക്രമണവും തമ്മില്‍ ധാര്‍മ്മിക തുല്യത വരച്ചു കാട്ടാനാണ് ബൈഡന്‍ ശ്രമിച്ചതെന്ന് വലതുപക്ഷത്തുള്ള ചിലര്‍ ആരോപിച്ചു. ''ഹോളോകോസ്റ്റിനു ശേഷമുള്ള ഏറ്റവും മോശമായ ജൂത കൂട്ടക്കൊലയ്ക്ക് ഏതാനും ആഴ്ചകള്‍ക്കുശേഷം ഇസ്രയേലിനെതിരെ തിരിയാനും ഇസ്രായേലിന്റെ നടപടികളെ ഭീകരതയുമായി താരതമ്യം ചെയ്യാനും ബൈഡന് വേണ്ടി വന്നത് കുറച്ചു ദിവസങ്ങള്‍ മാത്രമാണ്.''- അര്‍ക്കന്‍സാസിലെ സൈനിക വെറ്ററനും റിപ്പബ്ലിക്കന്‍ സെനറ്ററുമായ ടോം കോട്ടണ്‍ ട്വീറ്റ് ചെയ്തു.
ഇസ്രയേലിന്റെ ആക്രമണാത്മക സൈനിക ആക്രമണം ഹമാസിന്റെ നേട്ടത്തിനായി എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് ബൈഡന്‍ ആദ്യമായി മുന്നറിയിപ്പ് നല്‍കിയെന്നായിരുന്നു മറ്റു ചിലര്‍ വ്യാഖ്യാനിച്ചത്. വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യാന്‍ തയ്യാറാകാത്തതിനെച്ചൊല്ലി പുരോഗമന പ്രവര്‍ത്തകരുടെ ആഴ്ചകള്‍ നീണ്ട വിമര്‍ശനങ്ങള്‍ അദ്ദേഹം ശ്രദ്ധിക്കുന്നുവെന്നതിന്റെ സൂചനയായും അവര്‍ ഇതിനെ വിലയിരുത്തി.
യുദ്ധം കൈകാര്യം ചെയ്യുന്നതില്‍ പരാജയം ആണെന്ന അഭിപ്രായവും അടുത്തിടെയുള്ള വോട്ടെടുപ്പുകളില്‍ മോശം നമ്പറുകള്‍ വരുന്നതും ബൈഡനെ ഭയപ്പെടുത്തിയിരിക്കാം എന്നും അനുമാനിക്കപ്പെടുന്നു. അറബ് അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സര്‍വേ പ്രകാരം കഴിഞ്ഞ ആഴ്ചകളില്‍ അമേരിക്കന്‍ അറബ് വോട്ടര്‍മാരുടെ പിന്തുണയില്‍ നാടകീയമായ ഇടിവ് ഉണ്ടായിരിക്കുന്നുവെന്ന് Axios വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.'ബൈഡന്‍ യേശുക്രിസ്തുവായി മാറുകയും ചില പലസ്തീനികളെ മരിച്ചവരില്‍ നിന്ന് തിരികെ കൊണ്ടുവരുകയും ചെയ്യുന്നില്ലെങ്കില്‍, ഞങ്ങള്‍ ബൈഡനെ പിന്തുണയ്ക്കില്ല.'- അറബ് അമേരിക്കന്‍ ന്യൂസിന്റെ പ്രസാധകനായ ഒസാമ സിബ്ലാനിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
1,200 പേരെ കൊല്ലുകയും ഏകദേശം 240 പേരെ ബന്ദികളാക്കുകയും ചെയ്ത ഹമാസിന്റെ ഒക്ടോബര്‍ 7-ന് ഇസ്രയേലിന്റെ പ്രതികരണം ഗാസയില്‍ മാനുഷിക പ്രതിസന്ധിക്ക് കാരണമായിരിക്കുകയാണ്. പ്രദേശത്തെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഏകദേശം 15,000 പലസ്തീനികള്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളും ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കഴിഞ്ഞയാഴ്ച യുഎസ് പിന്തുണയോടെയുള്ള ഉടമ്പടിയെ തുടര്‍ന്ന് ഡസന്‍ കണക്കിന് ബന്ദികളെ മോചിപ്പിക്കാന്‍ സാധിച്ചു. 180 പലസ്തീനികളെ ഇസ്രായേല്‍ ജയിലുകളില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്തു. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് വെറും ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കേ തന്റെ ധാര്‍മിക ബോധം, ഇസ്രയേലിനോടുള്ള ദീര്‍ഘകാല പ്രതിബദ്ധത എന്നിവയുടെ ഇടയില്‍ ബൈഡന്‍ കുടുങ്ങിക്കിടക്കുന്നു എന്നാണ് രാഷ്ട്രീയ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ വാരാന്ത്യത്തില്‍ പ്രസിദ്ധീകരിച്ച് വാഷിങ്‌ടൻ പോസ്റ്റ് റിപ്പോര്‍ട്ടില്‍ ഗാസയിലെ യുദ്ധം ബൈഡന്‍ ഭരണകൂടത്തെ എങ്ങനെ ബാധിച്ചു എന്ന് വിശദമായി പ്രതിപാദിച്ചിരുന്നു.
27 ഉദ്യോഗസ്ഥരുമായും ഉപദേശകരുമായും നടത്തിയ അഭിമുഖത്തെ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടില്‍, ഗാസയിലെ ആരോഗ്യ മന്ത്രാലയം നല്‍കിയ മരണസംഖ്യയെ ബൈഡന്‍ ചോദ്യം ചെയ്തുവെന്ന് പറയുന്നു. പിന്നീട് ബൈഡന്‍ അഞ്ച് പ്രമുഖ മുസ്ലിം അമേരിക്കകാരുമായി കൂടിക്കാഴച് നടത്തിയതും ലേഖനത്തില്‍ പറയുന്നു. സാധാരണക്കാര്‍ നേരിടുന്ന കഷ്ടതകള്‍ക്കു നേരേ കണ്ണടയ്ക്കുന്ന പ്രസിഡന്റിന്റെ രീതിക്കെതിരേ അവര്‍ തുറന്നടിച്ചു. ഇതോടെ താന്‍ തന്റെ പ്രവര്‍ത്തികളില്‍ നിരാശനാണെന്നു പറഞ്ഞ് ബൈഡന്‍ ക്ഷമ ചോദിച്ചു. കൂടുതല്‍ മികച്ച രീതിയില്‍ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാം എന്ന് അദ്ദേഹം അവര്‍ക്ക് ഉറപ്പു നല്‍കുകയും ചെയ്തു.
ബൈഡന്റെ നയവുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസിനുള്ളിലെ ഭിന്നതയെക്കുറിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 'ദീര്‍ഘകാലമായി പിന്തുണയ്ക്കുന്നവര്‍ക്കിടയിലും വൈറ്റ് ഹൗസിനുള്ളില്‍ പോലും കടുത്ത രോഷമാണ് ഉയരുന്നത്. പ്രത്യേകിച്ച് അറബ് അല്ലെങ്കില്‍ മുസ്ലിം പശ്ചാത്തലമുള്ള ചില യുവ സ്റ്റാഫ് അംഗങ്ങള്‍ക്ക് തങ്ങള്‍ സേവിക്കുന്ന പ്രസിഡന്റിനോട് അതൃപ്തി തോന്നുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.