ADVERTISEMENT

ഹൂസ്റ്റണ്‍∙ യുഎസില്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വിജയിക്കാന്‍ ഏതെങ്കിലും ജാതി സമവാക്യം അനിവാര്യമാണോ? യുഎസിലെ തിരഞ്ഞെടുപ്പില്‍ ജാതി സമവാക്യങ്ങള്‍ കൊണ്ടുള്ള കളി ആവശ്യമാണോ. ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ വഴി തന്നെയാണോ യുഎസും പോകുന്നത് എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ സാധിക്കില്ല. ഇസ്രയേലിനുള്ള യുഎസിന്റെ നിരുപാധി പിന്തുണ യുഎസില്‍ പുതിയ വര്‍ഗീയ രാഷ്ട്രീയത്തിന് അടിത്തറ പാകിയെന്നതിന്റെ സൂചനകളാണ് വരുന്നത്. 

ഗാസയില്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യാനുള്ള പ്രസിഡന്റിന്റെ താല്‍പ്പര്യമില്ലായ്മ ചൂണ്ടിക്കാട്ടി നിരവധി സ്വിങ് സ്റ്റേറ്റുകളില്‍ നിന്നുള്ള മുസ്​ലിം സമുദായ നേതാക്കള്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് വ്യക്തമാക്കി രംഗത്തുവന്നിരിക്കുകയാണ്. ഇസ്രയേല്‍-ഹമാസ് യുദ്ധം ബൈഡന്‍ കൈകാര്യം ചെയ്യുന്ന രീതി 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് തിരിച്ചടിയാകുമെന്ന് മിഷിഗനിലെ ഡെമോക്രാറ്റുകള്‍ വൈറ്റ് ഹൗസിന് മുന്നറിയിപ്പ് നല്‍കി.

അറബ് അമേരിക്കന്‍ സമൂഹത്തിനുള്ളില്‍ ബൈഡനെതിരേ രോഷം ശക്തമാവുകയാണെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. മിഷിഗൻ, മിനസോഡ, അരിസോന, വിസ്‌കോണ്‍സിന്‍, ഫ്‌ളോറിഡ, ജോര്‍ജിയ, നെവാഡ, പെന്‍സില്‍വാനിയ എന്നിവിടങ്ങളില്‍ നിന്നുള്ള നേതാക്കളാണ് ബൈഡനെതിരേ വര്‍ഗീയമായി രംഗത്തുവന്നിരിക്കുന്നത്. ഇവര്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ അറബ് അമേരിക്കക്കാര്‍ ഏറ്റവും കൂടുതലുള്ള നഗരമായ മിഷിഗനിലെ ഡിയര്‍ബോണില്‍ ഒത്തുകൂടി 'ബൈഡനെ ഉപേക്ഷിക്കൂ, ഉടന്‍ വെടിനിര്‍ത്തല്‍' എന്നെഴുതിയ ബാനറിനു മുന്നില്‍ നടന്ന പ്രഭാഷണത്തിനായി ഒത്തുചേര്‍ന്നതിന്റെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

ഹമാസ് ഭരിക്കുന്ന ഗാസയിലെ ആരോഗ്യ മന്ത്രാലയം ശനിയാഴ്ച ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ മരിച്ചവരുടെ എണ്ണം 15,200 പലസ്തീനികളായിയെന്ന് അറിയിച്ചിരുന്നു. അവരില്‍ മൂന്നില്‍ രണ്ട് ഭാഗവും സ്ത്രീകളും പ്രായപൂര്‍ത്തിയാകാത്തവരുമാണ്. 

വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യാനുള്ള ബൈഡന്റെ വിസമ്മതം അമേരിക്കന്‍ മുസ്​ലിം സമൂഹവുമായുള്ള അദ്ദേഹത്തിന്റെ ബന്ധം നന്നാക്കാന്‍ കഴിയാത്തവിധം തകര്‍ത്തുവെന്ന് കോണ്‍ഫറന്‍സ് സംഘടിപ്പിക്കാന്‍ സഹായിച്ച മിനിയാപൊളിസ് ആസ്ഥാനമായുള്ള ജയ്ലാനി ഹുസൈന്‍ പറയുന്നു. ''ഞങ്ങളുടെ നികുതി ഡോളര്‍ കൊണ്ട് കുടുംബങ്ങളും കുട്ടികളും തുടച്ചുനീക്കപ്പെടുന്നു. 'ഇന്ന് നമ്മള്‍ സാക്ഷ്യം വഹിക്കുന്നത് ദുരന്തത്തിന്റെ മേലുള്ള ദുരന്തമാണ്.'- ഹുസൈന്‍ പറഞ്ഞു. 

ഗാസയിലേക്കുള്ള മാനുഷിക സഹായം ലഭ്യമാക്കുന്നതിനുള്ള വെടിനിര്‍ത്തലിന് യുഎസ് സമ്മര്‍ദം ചെലുത്തുന്നതായി വൈറ്റ് ഹൗസ് വക്താവ് ആന്‍ഡ്രൂ ബേറ്റ്സ് മുന്‍പ് വ്യക്തമാക്കിയിരുന്നു. ''യഹൂദവിരുദ്ധതയുടെ വിഷത്തിനെതിരെ പോരാടുന്നതും സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ പരമാധികാര അവകാശത്തിനുവേണ്ടി നിലകൊള്ളുന്നതുമാണ് പ്രസിഡന്റ് ബൈഡന്റെ നിലപാട് എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 

മിഷിഗൻ, വിസ്‌കോണ്‍സിന്‍, പെന്‍സില്‍വേനിയ എന്നീ സംസ്ഥാനങ്ങളുടെ 'നീല ഭിത്തിയുടെ' 2020ല്‍ വൈറ്റ് ഹൗസ് വിജയിക്കുന്നതില്‍ ബൈഡന് നിര്‍ണായക ഘടകങ്ങളായിരുന്നു. ഏകദേശം 3.45 ദശലക്ഷം അമേരിക്കക്കാര്‍ ഇസ്​ലാം മതവിശ്വാസികളാണ്. അതായത് രാജ്യത്തെ ജനസംഖ്യയുടെ 1.1%. കൂടാതെ പ്യൂ റിസര്‍ച്ച് സെന്റര്‍ പറയുന്നതനുസരിച്ച് ഇവരില്‍ ഭൂരിഭാഗവും ഡെമോക്രാറ്റിക് ചായ്​വുള്ളവരുമാണ്. 

എന്നാല്‍ ഗാസയില്‍ കൂടുതല്‍ പലസ്തീന്‍ പുരുഷന്മാരും സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടതോടെ ബൈഡനുള്ള സമൂഹത്തിന്റെ പിന്തുണ അപ്രത്യക്ഷമായതായി നേതാക്കള്‍ വ്യക്തമാക്കുന്നു. ''അമേരിക്കന്‍ മുസ്​ലിങ്ങള്‍ എന്ന നിലയില്‍ ഞങ്ങള്‍ ശക്തിയില്ലാത്തവരല്ല. ഞങ്ങള്‍ ശക്തരാണ്. ഞങ്ങള്‍ക്ക് പണം മാത്രമല്ല, യഥാര്‍ത്ഥ വോട്ടുകളും ഉണ്ട്. ഈ രാജ്യത്തെ അതില്‍ നിന്ന് രക്ഷിക്കാന്‍ ഞങ്ങള്‍ ആ വോട്ട് ഉപയോഗിക്കും, ''ഹുസൈന്‍ സമ്മേളനത്തില്‍ മുന്നറിയിപ്പ് നല്‍കി. 

ബൈഡനെ മുസ്​ലിം സമുദായ നേതാക്കള്‍ അപലപിച്ചത് റിപ്പബ്ലിക്കന്‍ പ്രൈമറിയിലെ വ്യക്തമായ മുന്‍നിരക്കാരനായ മുന്‍ പ്രസിഡന്റ്  ഡോണൾഡ് ട്രംപിനുള്ള പിന്തുണയെ സൂചിപ്പിക്കുന്നില്ലെന്നും ഹുസൈന്‍ വ്യക്തമാക്കി. തങ്ങള്‍ക്ക് രണ്ട് ഓപ്ഷനുകളില്ല. നിരവധി ഓപ്ഷനുകള്‍ ഉണ്ട്. അത് പ്രയോഗിക്കാന്‍ പോകുകയാണ്- എ്ന്നിങ്ങനെ പോകുന്നു മുന്നറിയിപ്പുകള്‍. ബൈഡനെ കൈവിട്ട് ഇവര്‍ ട്രംപിനെ പിന്തുണയ്ക്കുന്ന സാഹചര്യം പക്ഷേ ഉണ്ടാകാന്‍ പോകുന്നില്ല. ചില മുസ്​ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് വീസ പോലും നല്‍കരുതെന്ന വിവാദ ഉത്തരവിട്ട വ്യക്തിയാണ് ഡോണൾഡ് ട്രംപ് എന്നതു തന്നെയാണ് ഇതിനു കാരണം. 

English Summary:

A 'caste equation' in the US presidential election?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com