ട്രംപ് മത്സരിച്ചില്ലെങ്കിൽ ഞാൻ വീണ്ടും മത്സരിക്കുമോയെന്ന് ഉറപ്പില്ലെന്ന് ബൈഡൻ
Mail This Article
ബോസ്റ്റൺ ∙ യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും മത്സരിക്കുന്നില്ലെങ്കിൽ 2024 ൽ വൈറ്റ് ഹൗസിലേക്ക് താൻ രണ്ടാം തവണയും മത്സരിക്കുമോയെന്ന് ഉറപ്പില്ലെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. രാജ്യത്തിന് വേണ്ടി ട്രംപിനെ വിജയിപ്പിക്കാൻ പാടില്ല. മാസച്യുസിറ്റ്‌സിലെ ബോസ്റ്റണിനടുത്തുള്ള ഒരു സ്വകാര്യ ഭവനത്തിൽ നടന്ന ധനസമാഹരണത്തിലാണ് ബൈഡൻ ഇക്കാര്യം വ്യക്തമാക്കിയത്.
വൈറ്റ് ഹൗസിൽ തിരിച്ച് എത്തിയാൽ ട്രംപ് അമേരിക്കൻ ജനാധിപത്യത്തിന് ഉയർത്തുന്ന ഭീഷണി വലുതാണ്. ഇതാണ് വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള കാരണമെന്ന് ബൈഡൻ കൂട്ടിച്ചേർത്തു. തുടർച്ചയായി മൂന്നാമതും മത്സരിക്കുന്ന ട്രംപാണ് റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ നോമിനേഷനിൽ നിലവിൽ ഒന്നാം സ്ഥാനത്തുള്ളത്. മത്സര രംഗത്തുള്ളവരിൽ ഏറ്റവും കൂടുതൽ പ്രായമുള്ളത് ബൈഡനാണ്. 81 വയസ്സാണ് ജോ ബൈഡന്‍റെ പ്രായം.