ADVERTISEMENT

അയോവ∙ അലബാമയിൽ നടന്ന നാലാമത്തെ റിപ്പബ്ലിക്കൻ പ്രസിഡന്റ് ടിക്കറ്റ് പ്രത്യാശികളുടെ ഡിബേറ്റിന് പ്രതീക്ഷിച്ച താല്പര്യം സൃഷ്ടിക്കുവാൻ കഴിഞ്ഞില്ല. സ്ഥാനാർഥികളുടെ ജനപിന്തുണയിലും മാറ്റം ഉണ്ടായില്ല. ശേഷിച്ച രണ്ട് ഡിബേറ്റുകളിൽ പങ്കെടുക്കുന്നത് സ്ഥാനാർഥികൾക്ക് സ്വയം തീരുമാനിക്കാം എന്ന് റിപ്പബ്ലിക്കൻ നാഷണൽ കമ്മിറ്റി വ്യക്തമാക്കി. തങ്ങൾ സംഘടിപ്പിക്കുന്നവയല്ലാതെയുള്ള സംവാദങ്ങളിലും സ്ഥാനാർഥികൾക്ക് പങ്കെടുക്കുവാനുള്ള സ്വാതന്ത്ര്യവും ആർഎൻഎൻസി നൽകി.

നാലാം ഡിബേറ്റിൽ തീരുമാനിച്ച് ഉറപ്പിച്ചതുപോലെ മുൻ ന്യൂജഴ്സി ഗവർണർ ക്രിസ് ക്രിസ്റ്റി മുൻ യുഎൻ അമ്പാസിഡർ നിക്കി ഹേലിയെ വിമർശിക്കുവാൻ മുതിർന്നില്ല. പകരം ഫ്ളോറിഡ ഗവർണർ റോൺ ഡിസാന്റിസും ഇന്ത്യൻ വംശജനായ വ്യവസായ പ്രമുഖൻ വിവേക് രാമസ്വാമ സ്വാമിയുമാണ് വിമർശനങ്ങൾ നേരിട്ടത്. ഡിബേറ്റിൽ നിന്ന് വലിയ പരുക്കുകൾ ഏൽക്കാതെ ഡിസാന്റിസ് രക്ഷപ്പെട്ടെങ്കിലും അഭിപ്രായ സർവേകളിൽ നേട്ടം ഉണ്ടാക്കിയിട്ടില്ല. മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് 64% ജനപിന്തുണയുമായി മുന്നിൽ നിൽക്കുമ്പോൾ ഡിസാന്റിസും ഹേലിയും 14%ലും 12%ലും ക്രിസ്റ്റിയും രാമസ്വാമിയും 4% വീതവുമാണ് നേടിയത്. രാമസ്വാമ സ്വാമിയോട് തുടക്കം മുതൽ സഹിഷ്ണുത പുലർത്താത്തവരും ക്രിസ്റ്റിയുടെ ആരാധകരല്ലാത്തവരും ഇവർ രണ്ടു പേരും മത്സരം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്.

അടുത്ത മാസം ആർഎൻസി രണ്ട് ഡബേറ്റുകൾ കൂടി നടത്തും. അയോവയിലും ന്യൂഹാംഷെയറിലും ആയിരിക്കും ഇവ. ആദ്യ റിപ്പബ്ലിക്കൻ പ്രൈമറിയും കോക്കസും നടക്കുന്ന സംസ്ഥാനങ്ങൾ. വോട്ടർമാർക്ക് റിപ്പബ്ലിക്കൻ തത്വസംഹിതകൾ കേൾക്കാനും മനസ്സിലാക്കാനും ഡിബേറ്റുകൾ അവസരം ഒരുക്കും. ആദ്യ ഡിബേറ്റ് അയോവയിലെ ഡിമോയിനിലാണ്. വ്യത്യസ്ത പോളുകളിൽ 10 ശതമാനമോ അതിൽ അധികമോ പിന്തുണ നേടിയ സ്ഥാനാർഥികൾ, സിഎൻഎൻ കോക്കസ് ഗോയഴസ് യോഗ്യത നേടിയവരാണ് ഡിബേറ്റിൽ പങ്കെടുക്കുക. അയോവ ഡിബേറ്റിന്റെ യോഗ്യത ജനുവരി 2നും ന്യൂഹാംഷെയർ ഡിബേറ്റിന്റെ യോഗ്യത ജനുവരി 16നും അവസാനിക്കും. ഡിസാന്റിസും ഹേലിയും ഒരു ടീമായി നിന്ന് ട്രംപിനെ നേരിടണം എന്നൊരു വാദവും ഉയരുന്നുണ്ട്. പക്ഷെ നിലവിലെ സാഹചര്യത്തിൽ ഇത് അപ്രായോഗികമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com