ADVERTISEMENT

ന്യൂയോര്‍ക്ക് ∙ ഇന്ത്യാ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ഐ.പി.സി.എന്‍.എ.) ന്യൂയോര്‍ക്ക്/ന്യൂജേഴ്‌സി ചാപ്റ്റര്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഷോളി കുമ്പിളുവേലി നിലവില്‍ സെക്രട്ടറിയായി സേവനം ചെയ്തുവരികയായിരുന്നു. മറ്റ് ഭാരവാഹികളായി, ജോജോ കൊട്ടാരക്കര (സെക്രട്ടറി), ബിനു തോമസ് (ട്രഷറര്‍), മൊയ്തീന്‍ പുത്തന്‍‌ചിറ (വൈസ് പ്രസിഡന്റ്), ജേക്കബ്ബ് മാനുവേല്‍ (ജോ.സെക്രട്ടറി) എന്നിവരേയും തെരഞ്ഞെടുത്തു.

ഡിസംബര്‍ 17-ാം തീയതി ഞായറാഴ്ച ഓറഞ്ച്ബര്‍ഗിലെ സിത്താര്‍ പാലസ് റസ്റ്റോറന്റില്‍ കൂടിയ യോഗത്തില്‍ നിലവിലെ പ്രസിഡന്റ് സണ്ണി പൗലോസ് അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യാ പ്രസ് ക്ലബ്ബ് നാഷണല്‍ പ്രസിഡന്റ് സുനില്‍ ട്രൈസ്റ്റാര്‍ യോഗം ഉദ്ഘാടനം ചെയ്തു. മുന്‍ പ്രസിഡന്റുമാരായ ജോര്‍ജ് ജോസഫ്, മധു കൊട്ടാരക്കര തുടങ്ങിയവര്‍ പുതിയ ഭാരവാഹികളെ അനുമോദിച്ചുകൊണ്ട് സംസാരിച്ചു.

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഷോളി കുമ്പിളുവേലി ഇ-മലയാളിയുടെ അസോസിയേറ്റ് എഡിറ്ററും, മാതൃഭൂമി ന്യൂസിന്റെ അമേരിക്കയിലെ പ്രതിനിധിയുമാണ്. വിവിധ പ്രസിദ്ധീകരണങ്ങളില്‍ ആനുകാലിക വിഷയങ്ങളില്‍ ലേഖനങ്ങള്‍ എഴുതുന്ന ഷോളി കുമ്പിളുവേലി മികച്ച സംഘാടകനുമാണ്. സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ജോജോ കൊട്ടാരക്കര 24 ന്യൂസ് ചാനലിന്റെ ഓപ്പറേഷന്‍സ് മാനേജരാണ്. സീ 24 സ്‌കൈ, 24 അമേരിക്കന്‍ അവാര്‍ഡ്‌സ്, ഡ്രീം പ്രൊജക്ട്‌സ് തുടങ്ങി 24 ചാനലിന്റെ സുപ്രധാന പദ്ധതികളില്‍ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. കൂടാതെ, ഇവന്റ് ഗ്രാം, മഴവില്‍ എഫ്.എം എന്നിവയുടെ മാനേജിംഗ് ഡയറക്ടറുമാണ്.

ജൂലിയ ഡിജിറ്റല്‍ ക്രിയേഷന്‍സ് എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറാണ് ട്രഷറര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട ബിനു തോമസ്. 2009 മുതല്‍ കൈരളി ടി.വി. യു.എസ്.എ.യുടെ വീഡിയോ ജേര്‍ണലിസ്റ്റായി പ്രവര്‍ത്തിച്ചു വന്നിരുന്ന ബിനു, നിലവില്‍ ഫ്‌ളവേഴ്‌സ് ടി.വി.യുടെ ന്യൂയോര്‍ക്ക് റീജണല്‍ ഹെഡായി പ്രവര്‍ത്തിച്ചു വരുന്നു. മീഡിയ ടെക്‌നിക്കല്‍ എക്‌സലന്‍സ് അവാര്‍ഡ് ജേതാവ് കൂടിയാണ് ബിനു തോമസ്. വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മൊയ്തീന്‍ പുത്തന്‍ചിറ മലയാളം ഡെയ്‌ലി ന്യൂസിന്റെ പബ്ലിഷറും മാനേജിംഗ് എഡിറ്ററുമാണ്. അമേരിക്കയിലെ മുഖ്യധാരാ മലയാളി മാധ്യമ പ്രവര്‍ത്തകനായ മൊയ്തീന്‍ പുത്തന്‍ചിറക്ക് ഇ-മലയാളിയും, കൈരളി ടിവിയും സംയുക്തമായി ഏര്‍പ്പെടുത്തിയ ബെസ്റ്റ് റൈറ്റര്‍ ആന്റ് ജേര്‍ണലിസ്റ്റ് അവാര്‍ഡ്, മലയാളി അസ്സോസിയേഷന്‍ ഓഫ് അമേരിക്ക/മുട്ടത്തുവര്‍ക്കി ശതവാഷിക കമ്മിറ്റി ഏര്‍പ്പെടുത്തിയ ബെസ്റ്റ് ജേര്‍ണലിസ്റ്റ് ഗ്ലോബല്‍ ലിറ്റററി അവാര്‍ഡ്, വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ ഫ്രീലാന്‍സ് ആന്റ് കമ്മ്യൂണിറ്റി സര്‍‌വ്വീസ് അവാര്‍ഡ്, ഇന്ത്യാനെറ്റ് യു‌എസ്‌എയുടെ മീഡിയ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ജേക്കബ് മാനുവേല്‍ വിവിധ ചാനലുകള്‍ക്ക് വേണ്ടി ക്യാമറമാനായി പ്രവര്‍ത്തിച്ചു വരുന്നു. ചാപ്റ്ററിന്റെ പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി ആദ്യവാരം വിപുലമായ പരിപാടികളോടെ നടത്തുവാനും യോഗം തീരുമാനിച്ചു.

(വാർത്ത: ജോജോ കൊട്ടാരക്കര)

English Summary:

New Office Leaders for India Press Club of North America New York Chapter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com