ADVERTISEMENT

വാഷിങ്‌ടൻ ∙ രണ്ടു തവണ ഇംപീച്ച്‌മെന്‍റ് നടപടിക്ക് വിധേയനായ പ്രസിഡന്റാണ് ഡോണൾഡ് ട്രംപ്. കഷ്ടിച്ചാണ് അതില്‍ നിന്ന് രക്ഷപ്പെട്ടത്. 2020 ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ പരാജിതനായിതിന് ശേഷം സമാധാനപരമായ അധികാര കൈമാറ്റം തടയാന്‍ ശ്രമിച്ചു. ഒന്നിലധികം ക്രിമിനല്‍ കേസുകളില്‍ ആരോപണങ്ങള്‍ നേരിടുന്നു. സ്വേച്ഛാധിപതിയായി ഭരിക്കാന്‍ അദ്ദേഹം ഗൂഢാലോചന നടത്തുകയാണെന്ന് അദ്ദേഹത്തിന്റെ വിമര്‍ശകര്‍ മുന്നറിയിപ്പ് നല്‍കുന്നു. എന്നിട്ടും ഡോണൾഡ് ട്രംപിന് വൈറ്റ് ഹൗസിലേക്ക് തിരികെ വരാമെന്ന് സര്‍വേകള്‍ നല്‍കുന്ന സൂചന.

റിപ്പബ്ലിക്കന്‍ വോട്ടര്‍മാരുടെ ഏറ്റവും പുതിയ റോയിട്ടേഴ്സ്/ഇപ്സോസ് വോട്ടെടുപ്പ് പ്രകാരം റിപ്പബ്ലിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിത്വത്തിനായുള്ള എതിരാളികളെക്കാൾ ഏകദേശം 40 ശതമാനം പോയിന്‍റുകള്‍ക്ക് ട്രംപ് മുന്നിലാണ്. തനിക്കെതിരായ ക്രിമിനല്‍ കേസുകളില്‍ താന്‍ കുറ്റക്കാരനല്ലെന്നും അവ രാഷ്ട്രീയ പ്രേരിതമാണെന്നും ട്രംപ് ആവര്‍ത്തിച്ചു പറയുന്നു. ആദ്യ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ സംസ്ഥാനമായ അയോവയില്‍ ജനുവരി 15 ന് ഉജ്ജ്വലമായ വിജയത്തിന് ശേഷം ട്രംപ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് അടുക്കുകയാണ്. അദ്ദേഹത്തിന്റെ ശേഷിച്ചിരുന്ന ഏതാനും എതിരാളികളില്‍ ഒരാളായ ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസാകട്ടെ മത്സര രംഗത്തുനിന്ന് സ്വയം ഒഴിവായി. യുഎന്നിലെ മുന്‍ യുഎസ് അംബാസഡര്‍ നിക്കി ഹേലിയാണ് ഇനിയുള്ള പ്രതിയോഗം.

വിദഗ്ധരുടെ അഭിപ്രായത്തില്‍, 2024 നവംബറിലെ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡനെതിരെ ട്രംപിന് വിജയ സാധ്യത നൽകുന്ന  നാല് കാരണങ്ങള്‍ ചുവടെ പറയുന്നതാണ്.

∙ അസന്തുഷ്ടരായ വോട്ടര്‍മാര്‍
സമ്പദ്​വ്യവസ്ഥ നല്ല നിലയിലാണെന്ന് ബൈഡനും വൈറ്റ് ഹൗസും വാദിക്കുന്നുണ്ടെങ്കിലും കാര്യങ്ങൾ അത്ര ശുഭകരമല്ല. ട്രംപ് അധികാരം വിട്ടപ്പോള്‍ തൊഴിലില്ലായ്മ 6.3% ആയിരുന്നത് ഇപ്പോള്‍ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നു. നിലവില്‍ ല്‍ നിന്ന് 3.7% ആണ് തൊഴിലില്ലായ്മ നിരക്ക്. 2022 ജൂണില്‍ 9% ല്‍ നിന്ന് പണപ്പെരുപ്പം 3.4% ആയി കുറഞ്ഞു. എന്നാല്‍ കറുത്ത വംശജരായ വോട്ടര്‍മാരും യുവ വോട്ടര്‍മാരും ഉള്‍പ്പെടെയുള്ള വലിയൊരു ജനസമൂഹം മറിച്ചാണ് വിശ്വസിക്കുന്നത്. പലചരക്ക് സാധനങ്ങള്‍, കാറുകള്‍, വീടുകള്‍, കുട്ടികളുടെയും മുതിര്‍ന്നവരുടെയും പരിചരണം തുടങ്ങിയ അവശ്യ സാധനങ്ങളുടെയും സേവനങ്ങളുടെയും ചെലവുകള്‍ക്കൊപ്പം വേതനം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടുന്നു.

ബൈഡന്‍ സമ്പദ്​വ്യവസ്ഥയുടെ കണക്കുകള്‍ ഉദ്ധരിക്കുമ്പോള്‍ അമേരിക്കക്കാര്‍ ചിന്തിക്കുന്നത് താങ്ങാനാവാത്ത ചെലവുകളെക്കുറിച്ചാണ്. അല്ലാതെ സാമ്പത്തിക സൂചകങ്ങളെക്കുറിച്ചല്ല. ട്രംപ് അവ്യക്തമായ നിര്‍ദ്ദേശങ്ങള്‍ മാത്രമേ വാഗ്ദാനം ചെയ്തിട്ടുള്ളൂവെങ്കിലും സമ്പദ് വ്യവസ്ഥ കൈകാര്യം ചെയ്യുന്നതില്‍ അദ്ദേഹത്തെയാണ് വലിയ തോതില്‍ വോട്ടര്‍മാര്‍ വിശ്വസിക്കുന്നത്.

∙ വോട്ടർമാരുടെ ആശങ്കകളോട് ഐക്യദാര്‍ഢ്യപ്പെടുന്നു
സമ്പദ്​വ്യവസ്ഥയ്ക്ക് അപ്പുറത്തേക്ക് വ്യാപിക്കുന്ന കാരണങ്ങളാല്‍ വോട്ടര്‍മാര്‍ അസ്വസ്ഥരാണ്. വൈവിധ്യമാര്‍ന്നതും കൂടുതല്‍ സാംസ്‌കാരികമായി പുരോഗമനപരവുമായിക്കൊണ്ടിരിക്കുന്ന ഒരു രാജ്യത്ത് പല വെള്ളക്കാരായ അമേരിക്കക്കാര്‍ക്കും ഉള്ള ആശങ്കകളോട് ട്രംപ് ഐക്യദാര്‍ഢ്യപ്പെടുന്നു. അമേരിക്കന്‍ ജീവിതത്തിന്റെ ആധാരശിലകള്‍ - വീട്ടുടമസ്ഥത, വിലക്കയറ്റത്തിനൊപ്പം നില്‍ക്കുന്ന മാന്യമായ വേതനം, കോളേജ് വിദ്യാഭ്യാസം എന്നിവ പലര്‍ക്കും കൈയെത്താ ദൂരത്തായി മാറിക്കൊണ്ടിരിക്കുന്നു. വോട്ടെടുപ്പ് കാണിക്കുന്നത് കുറ്റകൃത്യങ്ങളെക്കുറിച്ച് വോട്ടര്‍മാര്‍ ആശങ്കാകുലരാണെന്നും അനധികൃതമായി യുഎസ്-മെക്‌സിക്കോ അതിര്‍ത്തി കടക്കുന്ന കുടിയേറ്റക്കാരുടെ പ്രവാഹത്തില്‍ അസ്വസ്ഥരാണെന്നുമാണ്.

യുഎസ് രാഷ്ട്രീയ വ്യവസ്ഥയ്ക്ക് പുറത്ത് നിന്ന് വരുന്ന ഒരാളായി സ്വയം അവതരിപ്പിക്കുമ്പോഴും, ആ ഭയങ്ങള്‍ ചാനല്‍ ചെയ്യാനും പാക്കേജുചെയ്യാനും ട്രംപ് സമര്‍ത്ഥനാണ്. രാജ്യം അരാജകത്വത്തിലാണെന്ന് പ്രഖ്യാപിക്കുകയും പിന്നീട് സ്വയം ഒരു രക്ഷകനായി സ്വയം പ്രഖ്യാപിക്കുന്നതിലും ട്രംപ് മികവ് പുലർത്തുന്നു.

∙ ട്രംപിന്റെ പ്രവര്‍ത്തനങ്ങള്‍ വോട്ടര്‍മാര്‍ക്ക് സ്വീകാര്യം
ട്രംപിന്റെ  സ്വന്തം പാര്‍ട്ടിയിലെ വിമര്‍ശകരും ഡെമോക്രാറ്റിക് പാര്‍ട്ടിയും മാധ്യമങ്ങളും അദ്ദേഹത്തെ സ്ഥാനത്തിന് യോഗ്യനല്ലെന്ന് കാണുമ്പോള്‍, ദശലക്ഷക്കണക്കിന് വോട്ടര്‍മാര്‍ വിയോജിക്കുന്നു. പകരം, ട്രംപ് ഒരു രാഷ്ട്രീയ വേട്ടയാടലിന്റെ ഇരയാണെന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരില്‍ പലരും അവകാശപ്പെടുന്നു. ഈ വര്‍ഷമാദ്യം റോയിട്ടേഴ്സ്/ഇപ്സോസ് നടത്തിയ സര്‍വേയില്‍ പങ്കെടുത്ത റിപ്പബ്ലിക്കന്‍മാരില്‍ പകുതിയോളം പേര്‍ ട്രംപ് കുറ്റവാളിയായി ശിക്ഷിക്കപ്പെട്ടാലും അദ്ദേഹത്തിന് വോട്ടുചെയ്യുന്നതില്‍ പ്രശ്നമില്ലെന്ന് പറഞ്ഞു.

ട്രംപിന് തന്റെ നാല് വര്‍ഷത്തെ ഭരണം ചൂണ്ടിക്കാണിക്കാനും ഗവണ്‍മെന്‍റ്  സംവിധാനത്തിൽ വലിയ തോതില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും വാദിക്കാന്‍ കഴിയും. അദ്ദേഹത്തെക്കുറിച്ചുള്ള ഏറ്റവും മോശമായ ആരോപണം റഷ്യയുമായുള്ള അദ്ദേഹത്തിന്റെ കൂട്ടുകെട്ട് ആണ്. അതാകട്ടെ ഒരിക്കലും തെളിയിക്കപ്പെട്ടിട്ടില്ല.

∙ ബൈഡനിൽ വിശ്വാസം നഷ്ടമാകുന്നു
അടിസ്ഥാന സൗകര്യങ്ങള്‍, ശുദ്ധ ഊര്‍ജം, ചിപ്പ് നിര്‍മ്മാണം എന്നിവയിലെ കനത്ത ഗവണ്‍മെന്‍റ് നിക്ഷേപത്തിലൂടെ ബൈഡന്റെ തൊഴിലവസര സൃഷ്ടി നയങ്ങള്‍ തങ്ങളുടെ ജീവിതത്തില്‍ മാറ്റം വരുത്തിയെന്ന് ജനങ്ങള്‍ക്ക് വിശ്വാസമില്ലാത്തതാണ് വൈറ്റ് ഹൗസിന്റെ പരാജയം. അമേരിക്കക്കാരെ ഭിന്നിപ്പിച്ച ഒരു ജോടി വിദേശ യുദ്ധങ്ങളിലും ബൈഡന്‍റെ നയം കുടുങ്ങിക്കിടക്കുന്നു.

ട്രംപിന്റെ  'അമേരിക്ക ആദ്യം' എന്ന സന്ദേശം വോട്ടര്‍മാര്‍ക്ക് കൂടുതല്‍ സ്വീകാര്യമാണ്. ട്രംപിന്റെ കീഴില്‍ യുക്രെയ്‌നിലോ ഇസ്രയേലിലോ കൂടുതല്‍ ഫലപ്രദമായ യുഎസ് ഇടപെടല്‍ ഉണ്ടാകുമെന്ന് അമേരിക്കക്കാര്‍ പ്രതീക്ഷിക്കുന്നു. ഇതൊന്നും ട്രംപ് തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്നതിന്റെ ഉറപ്പല്ല. എങ്കിലും സാഹചര്യങ്ങള്‍ അദ്ദേഹത്തിന് അനുകൂലമാണെന്നതിന്റെ സൂചനകളാണ്.

രാജ്യത്തിന്റെ പല ഭാഗങ്ങളിലും അദ്ദേഹം ജനപ്രീതിയില്ലാത്തവനായി തുടരുന്നു എന്നതാണ് മറ്റൊരു തിരിച്ചടിയാകാനുള്ള ഒരു സാധ്യത. അദ്ദേഹത്തെ തന്റെ പാര്‍ട്ടിയുടെ നോമിനിയായി തിരഞ്ഞെടുത്താല്‍ അത് പ്രതിരോധിക്കാന്‍ ഡെമോക്രാറ്റുകള്‍ക്ക് അനുകൂലമായി ഉയര്‍ന്ന പോളിങ് ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്. രാഷ്ട്രീയ ശത്രുക്കളോട് പ്രതികാരം ചെയ്യുമെന്ന ഭീഷണി ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ പ്രകോപനപരമായ പ്രസംഗങ്ങള്‍ ബൈഡനെ തോല്‍പ്പിക്കണമെന്ന് ആഗ്രഹിക്കുന്ന തമിതവാദികളായ റിപ്പബ്ലിക്കന്‍മാരെയും സ്വതന്ത്ര വോട്ടര്‍മാരെയും പിന്‍വലിയാന്‍ നിര്‍ബന്ധിതരായേക്കും.

ഇടക്കാല തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ രാജ്യത്തുടനീളമുള്ള റിപ്പബ്ലിക്കന്‍മാരെ തോല്‍പ്പിക്കാന്‍ ഗര്‍ഭച്ഛിദ്ര അവകാശങ്ങളുടെ സംരക്ഷകരെന്ന നിലയില്‍ വിജയകരമായി പ്രചാരണം നടത്തിയിരുന്നു. കാര്യങ്ങള്‍ ഇങ്ങനെ പുരോഗമിച്ചാല്‍ 2024-ലെ പ്രചാരണത്തില്‍ ആ വിഷയം വീണ്ടും കേന്ദ്രീകരിക്കും. എന്നാലും ഈ നിമിഷത്തില്‍, തിരഞ്ഞെടുപ്പ് ദിവസം മുതല്‍ 10 മാസങ്ങള്‍ക്കുള്ളില്‍, അധികാരം വിട്ടതിന് ശേഷമുള്ള ഏത് സമയത്തേക്കാളും ട്രംപിന് വൈറ്റ് ഹൗസിലേക്ക് മടങ്ങാനുള്ള മികച്ച അവസരമുണ്ട് എന്നാണ് രാഷ്ട്രീയ വിദഗ്ധര്‍ വിലയിരുത്തുന്നത്.

English Summary:

Will Trump Return as President? These Four Reasons May be in his Favor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com