ADVERTISEMENT

വാഷിങ്ടൻ ∙ വടക്കൻ ജോർദാനിലെ സൈനിക കേന്ദ്രത്തിലുണ്ടായ വ്യോമാക്രമണത്തിന് പ്രതികാരവുമായി അമേരിക്ക. ഇറാഖ് – സിറിയ എന്നിവിടങ്ങളിലെ ഇറാൻ കേന്ദ്രങ്ങളിൽ അമേരിക്ക വ്യോമാക്രമണം നടത്തി. സിറിയയിലെയും ഇറാഖിലെയും 85 കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. 30 മിനിറ്റ് നീളുന്നതായിരുന്നു അമേരിക്കയുടെ തിരിച്ചടി. ഇതിനുശേഷം യുദ്ധവിമാനങ്ങൾ മടങ്ങി. ഞായറാഴ്ചത്തെ ആക്രമണത്തിനുള്ള ആദ്യ മറുപടി മാത്രമാണെന്നും, തിരിച്ചടിയുടെ ഭാഗമായി ഉണ്ടായ നാശനഷ്‌ടത്തിന്റെ കണക്കെടുത്ത് വരുന്നതായും അമേരിക്കൻ അധികൃതർ വ്യക്തമാക്കി. വ്യോമാക്രമണത്തില്‍ ലക്ഷ്യമിട്ടത് അമേരിക്കൻ സൈന്യത്തെ ആക്രമിച്ച കേന്ദ്രങ്ങളാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. ലക്ഷ്യം കാണുന്നതുവരെ ആക്രമണം തുടരുമെന്നും ബൈഡൻ മുന്നറിയിപ്പ് നൽകി.

വടക്കൻ ജോർദാനിലെ സൈനിക ക്യാംപിനു നേരെ നടന്ന ഡ്രോൺ ആക്രമണത്തിനു തിരിച്ചടി നൽകുമെന്ന് യുഎസ് പ്രഖ്യാപിച്ചിരുന്നു. സിറിയ അതിർത്തിക്കു സമീപം റുക്ബാനിലെ ടവർ 22 യുഎസ് സൈനിക ക്യാംപിനു നേരെ കഴിഞ്ഞ ദിവസം പുലർച്ചെ നടന്ന ആക്രമണത്തിൽ 3 സൈനികർ കൊല്ലപ്പെടുകയും 34 പേർക്കു പരുക്കേൽക്കുകയും ചെയ്തു. ഇറാന്റെ പിന്തുണയുള്ള ഇസ്‌ലാമിക് റസിസ്റ്റൻസ് ഇൻ ഇറാഖ് ആണ് ആക്രമണം നടത്തിയതെന്നായിരുന്നു സംഭവത്തിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചത്. എന്നാൽ, സംഭവത്തിൽ തങ്ങൾക്കു പങ്കാളിത്തമില്ലെന്ന് ഇറാൻ വ്യക്തമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

ഹമാസിനെതിരെ ഇസ്രയേൽ നടത്തുന്ന യുദ്ധത്തിന്റെ ഭാഗമായി ഈ മേഖലയിലെ യുഎസ് കേന്ദ്രങ്ങൾക്കെതിരെ നൂറ്റമ്പതിലേറെ ആക്രമണങ്ങൾ നടന്നിരുന്നു. 70 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. യെമനിലെ ഹൂതി വിമതർ ചെങ്കടലിൽ അമേരിക്കൻ കപ്പലുകൾ ആക്രമിച്ചു. എന്നാൽ, സേനാ താവളം ആക്രമിച്ച് സൈനികരെ കൊലപ്പെടുത്തിയതിനെ അതീവ ഗൗരവത്തോടെയാണ് യുഎസ് കാണുന്നത്. ജോർദാനിൽ മൂവായിരത്തോളം യുഎസ് സൈനികരാണുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com