ADVERTISEMENT

ഷിക്കാഗോ∙ കാനഡ വഴി യുഎസിലേക്കുള്ള മനുഷ്യക്കടത്തിനിടെ ഒരു ഗുജറാത്തി കുടുംബത്തിലെ നാലു പേർ മരിച്ച സംഭവത്തിൽ ഇന്ത്യൻ വംശജൻ ഹർഷ്കുമാർ പട്ടേലിനെ ഷിക്കാഗോയിൽനിന്ന് അധികൃതർ പിടികൂടി. 2022 ൽ നടന്ന സംഭവത്തിലാണ് ‘ഡേർട്ടി ഹാരി’ എന്നും അറിയപ്പെടുന്ന ഹർഷ്കുമാർ പട്ടേലിനെ പിടികൂടിയത്. ഗാന്ധിനഗർ സ്വദേശികളായ ജഗദീഷ് പട്ടേൽ (39), ഭാര്യ വൈശാലി (37), മക്കളായ വിഹാംഗി (11), ധാർമിക് (3) എന്നിവരെ മാനിറ്റോബയിലെ എമേഴ്‌സണിനടുത്ത് തണുത്തു മരവിച്ചു മരിച്ച നിലയിലാണ് കണ്ടെത്തിയത്.  

ഷിക്കാഗോയിലെ ഒ'ഹെയർ രാജ്യാന്തര വിമാനത്താവളത്തിൽനിന്നാണ് പട്ടേലിനെ കസ്റ്റഡിയിലെടുത്തതെന്ന് കനേഡിയൻ ബ്രോഡ്കാസ്റ്റ് കോർപറേഷൻ (സിബിസി) റിപ്പോർട്ട് ചെയ്തു. മനുഷ്യക്കടത്ത്, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പട്ടേലിനെതിരെ ചുമത്തിയിരിക്കുന്നത്. പട്ടേലിന്‍റെ കേസിൽ വാദം കേൾക്കുന്നത് ഈ മാസം 28 ന് മിനസോഡയിലേക്ക് മാറ്റാനുള്ള സാധ്യതയുണ്ടെന്ന് സിബിസി അറിയിച്ചു.

∙ഗുജാറത്ത് കുടുംബത്തിന്‍റെ ദുരന്തത്തിൽ പട്ടേലിന്‍റെ പങ്കാളിത്തം
മിനസോഡ ഡിസ്ട്രിക്റ്റിന് വേണ്ടിയുള്ള യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിലെ സത്യവാങ്മൂലത്തിലും രേഖകളിലും, പട്ടേൽ മനുഷ്യക്കടത്ത് ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്നതിന്റെ വിവരങ്ങളുണ്ട്.

‘‘പട്ടേൽ ഇന്ത്യൻ പൗരനാണ്. യഥാർഥ  പേര് ഹർഷ്കുമാർ പട്ടേൽ. ഫ്ലോറിഡയിലാണ് താമസിച്ചിരുന്നത്. ഇന്ത്യൻ പൗരന്മാർക്ക് യുഎസിലേക്ക് അനധികൃത പ്രവേശനം സാധ്യമാക്കുന്ന സംഘടിത മനുഷ്യക്കടത്ത് സംഘത്തിന്‍റെ ഭാഗമാണ് അദ്ദേഹം’’– സത്യവാങ്മൂലത്തിൽ പറയുന്നു.

2022 ജനുവരി 19ന് അറസ്റ്റിലായ സ്റ്റീവ് ഷാൻഡുമായി പട്ടേൽ ആശയവിനിമയം നടത്തിയിരുന്നുവെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. മരിച്ച നിലയിൽ കണ്ടെത്തിയ ഗുജറാത്തി കുടുംബമടക്കം മുൻപ് സഞ്ചരിച്ച വാൻ ഓടിച്ചതിനാണ് സ്റ്റീവ് ഷാൻഡ് പിടിയിലായത്. കാനഡ-യുഎസ് അതിർത്തിയിൽ നിന്ന്, പ്രത്യേകിച്ച് കാനഡയിലെ എമേഴ്‌സൺ, വിന്നിപെഗ്, യുഎസിലെ നോർത്ത് ഡക്കോഡയിലെ പെമ്പിന എന്നിവിടങ്ങളിൽ നിന്ന് അനധികൃത കുടിയേറ്റക്കാരെ കൊണ്ടുപോകുന്നതിനുള്ള റൂട്ട് മാപ്പുകൾ പട്ടേൽ ഷാൻഡിന് നൽകിയതായി മിനസോഡയിൽ നിന്നുള്ള കോടതി രേഖകൾ വെളിപ്പെടുത്തുന്നു.

ഹാരി പട്ടേൽ, പരം സിങ്, ഹരേഷ് പട്ടേൽ, ഹരേഷ്കുമാർ തുടങ്ങിയ പേരുകളിലും അറിയപ്പെടുന്ന ഹർഷ്കുമാർ പട്ടേലിന്‍റെ നിർദ്ദേശപ്രകാരം 2021 ഡിസംബറിനും 2022 ജനുവരിക്കും ഇടയിൽ സമാനമായ അഞ്ച് കേസുകളിൽ ഷാൻഡിലിന് പങ്കാളിത്തം ഉണ്ടെന്ന് മിനസോഡ കോടതി രേഖകൾ വ്യക്തമാക്കുന്നു. 

∙ മനുഷ്യക്കടത്തിലെ തെളിവുകൾ 
പട്ടേലും ഷാൻഡും തമ്മിലുള്ള വാട്സാപ് സന്ദേശങ്ങളും സാമ്പത്തിക ഇടപാടുകളും യുഎസ് അധികൃതർ വെളിപ്പെടുത്തി. ഇതിലൂടെ, ഗുജറാത്ത് കേന്ദ്രമായി പ്രവർത്തിക്കുന്ന രാജ്യാന്തര മനുഷ്യക്കടത്ത് റാക്കറ്റിന്‍റെ ഇടപാടുകളാണ് അധികൃതർക്കു ലഭിച്ചത്. പട്ടേലിനെ പിടികൂടിയതോടെ, മനുഷ്യക്കടത്ത് സംഘം യുഎസിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് കണ്ടെത്താനാകും

പട്ടേലിന്‍റെ അറസ്റ്റിന് മുമ്പ്, കാനഡയിലെ ഫെനിൽ പട്ടേൽ, യുഎസിൽ പാജി എന്നറിയപ്പെടുന്ന ബിട്ടു സിങ് എന്നിവരുൾപ്പെടെ കേസിലെ മറ്റ് പ്രധാന പ്രതികളെ അധികൃതർ തിരിച്ചറിഞ്ഞിരുന്നു.

English Summary:

Who's "Dirty Harry", Indian-Origin Man Arrested For Family's Death In US

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com