ADVERTISEMENT

നാഷ്‌വിൽ ∙ മലയാളികളുടെ കൂട്ടായ്മയായ കേരളാ അസോസിയേഷൻ ഓഫ് നാഷ്‌വിൽ (KAN) ന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാദിനമായ മാർച്ച് 8ന് കെഎഎൻ വിമെൻസ് ഫോറം ഉദ്ഘാടനം ചെയ്തു. യുഎൻ വനിതാദിന സന്ദേശമായ 'Invest in Women, Accelerate Progress' നോട് പൂർണമായും യോജിച്ചുകൊണ്ട് സംഘടനയിലെ സ്ത്രീകൾക്ക് അന്യോന്യം പരിചയപ്പെടുന്നതിനും ഒരുമിച്ചു നിന്ന് കൊണ്ട് നാഷ്‌വിൽ മലയാളികളുടെ ഇടയിൽ പ്രവർത്തിക്കുന്നതിനും ഒരു വേദി ഒരുക്കുക എന്ന കെഎഎൻ വിമെൻസ് ഫോറത്തിന്റെ പ്രഖ്യാപിത ലക്ഷ്യം മുൻനിർത്തി അന്താരാഷ്ട്ര വനിതാദിനം ആഘോഷിക്കുകയും ചെയ്തു.

സ്ത്രീകൾക്ക് മാത്രമായി ഒരു കൂട്ടായ്മ എന്നത് വെറും തമാശയായി മാത്രം ചിത്രീകരിക്കപ്പെട്ടിരുന്ന ഒരു കാലഘട്ടത്തിൽ നിന്നും സ്ത്രീകളുടെ സന്തോഷവും ഒത്തുകൂടലും അവരുടെ ജീവിതത്തിന്റെ ഭാഗമാണെന്നു തിരിച്ചറിയപ്പെടുന്ന ഒരു കാലത്തിലേക്ക് വന്ന മാറ്റം നല്ലതാണെന്നും, ഓരോ ഘട്ടത്തിലും ശക്തമായ പിന്തുണയുമായി വിമെൻസ് ഫോറം ഉണ്ടാകുമെന്നും ഫോറം ചെയർ സുമ ശിവപ്രസാദ് ആമുഖ പ്രസംഗത്തിൽ പറഞ്ഞു.

great-start-to-the-kerala-association-of-nashville-women-forum

പതിനഞ്ചാം വാർഷികം ആഘോഷിക്കുന്ന കെഎഎൻ- ന്റെ ആദ്യത്തെ കമ്മീറ്റിയിൽ ഉണ്ടായിരുന്ന സ്ത്രീകളെ പ്രതിനിധീകരിച്ചുകൊണ്ട് ഡോ. ലതാ ജോർജും ശ്രീമതി. ഇന്ദിരാ മോഹനും ഉത്ഘാടനകർമ്മം നിർവഹിച്ചു. സമൂഹത്തിൽ ആയാലും കുടുംബത്തിൽ ആയാലും സ്ത്രീകൾക്ക്  പഴയകാലത്തുണ്ടായിരുന്നതിനേക്കാൾ മികച്ച പിന്തുണ ലഭിച്ചു തുടങ്ങിയത് വളരെ നല്ല ഒരു മാറ്റമായി തന്നെ കാണുന്നു എന്ന് മുഖ്യതിഥിയായി വന്ന ഡോ. ലതാ ജോർജ് അഭിപ്രായപ്പെട്ടു. വനിതാദിനം എന്ന ആശയം മുന്നോട്ടു വയ്ക്കുന്ന ഓരോ പ്രധാനകാര്യങ്ങളും എടുത്തുപറഞ്ഞ ശേഷം അതെങ്ങനെ നമ്മൾ ഓരോരുത്തരുടെയും ജീവിതത്തിൽ മാറ്റങ്ങൾക്ക് സഹായകരം ആകുമെന്ന് വളരെ ലളിതമായി സ്വന്തം അനുഭവങ്ങൾ എടുത്തു പറഞ്ഞു അവർ വിവരിച്ചത് വളരെ മികച്ച രീതിയിലാണ് സ്വീകരിക്കപ്പെട്ടത്. വളരെ കുറച്ചു മലയാളികുടുംബങ്ങളുമായി തുടങ്ങിയ ഈ കൂട്ടായ്മ പതിനഞ്ചു വർഷം പിന്നിടുമ്പോൾ 200-ൽ കൂടുതൽ കുടുംബങ്ങൾക്ക് ഒത്തുകൂടാൻ ഒരു വേദിയായി വളർന്നതിൽ പ്രധാന പങ്കു വഹിച്ച എല്ലാവർക്കും അവർ ആശംസകൾ അറിയിച്ചു.

പ്രശസ്ത സിനിമ താരവും നർത്തകിയുമായ ദിവ്യ ഉണ്ണി വീഡിയോ സന്ദേശത്തിലൂടെ കെഎഎൻ വിമെൻസ് ഫോറത്തിന്റെ ഉദ്ഘാടനത്തിന് ആശംസകൾ നേർന്നു. സ്ത്രീകളുടെ കൂട്ടായ്മ എന്നതിനപ്പുറം പുതിയ കാര്യങ്ങൾ പഠിക്കുന്നതിനും അത് പോലെ തന്നെ സാമൂഹിക സാംസ്‌കാരിക കാര്യങ്ങളിലുള്ള ആശയസംവാദങ്ങൾക്കും ഇത് ഒരു വേദിയാകട്ടെ എന്നും ശ്രീമതി. ദിവ്യ ഉണ്ണി അഭിപ്രായപ്പെട്ടു. ഓരോ പുരുഷന്റെയും വിജയത്തിന് പിന്നിലും ഒരു സ്ത്രീയുണ്ടെന്നു പറയുന്നത് പോലെ തന്നെ ഓരോ സ്ത്രീകളുടെ  വിജയത്തിന് പിന്നിലും പുരുഷനുമുണ്ടെന്ന തുല്യതാസന്ദേശമാണ് കെഎഎൻ പ്രസിഡന്റ് ഷിബു പിള്ള ആശംസാപ്രസംഗത്തിൽ പറഞ്ഞത്.

great-start-to-the-kerala-association-of-nashville-women-forum

വിമെൻസ് ഫോറത്തിന്റെ മുന്നോട്ടുള്ള എല്ലാ പരിപാടികളും വളരെ മികച്ചതാകട്ടെ എന്ന് ആശംസിക്കുകയും അതിനു കെഎഎൻ-ന്റെ പൂർണ്ണ പിന്തുണ എപ്പോഴുമുണ്ടാകുമെന്നും അദ്ദേഹം അറിയിക്കുകയും ചെയ്തു. മികച്ചരീതിയിൽ വനിതാദിന ആഘോഷം സംഘടിപ്പിച്ച വിമെൻസ് ഫോറം ചെയർ സുമ ശിവപ്രസാദിനെയും ടീം അംഗങ്ങളായ മോന വിനു, നിനു സാജൻ, പ്രസീദാ രാജു, സൂര്യ സിബി എന്നിവരെ പ്രത്യേകമായി അനുമോദിക്കുകയും ചെയ്തു. കെഎഎൻ മുൻ പ്രസിഡന്റ് അശോകൻ വട്ടക്കാട്ടിൽ ജനറൽ സെക്രട്ടറി, സുശീല സോമരാജൻ ജോയിന്റ് സെക്രട്ടറി, അനിൽ പത്യാരി ട്രഷറർ, അനന്ത ലക്ഷ്മണൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സുജിത് പിള്ള, മനീഷ് രവികുമാർ, ജോമി ജോസ് എന്നിവരും ഉത്ഘാടനത്തിൽ സംബന്ധിച്ചു. കെഎഎൻ യൂത്ത്‌ ഫോറം ചെയർ ഷാഹിന കോഴിശ്ശേരിൽ കൃതജ്ഞത സന്ദേശം പറഞ്ഞു. തുടർന്ന് ഡിന്നറും വനിതകൾക്കായുള്ള രസകരമായ ഗെയിമുകളും ആകർഷകമായ നൃത്തപരിപാടികളുമായി വനിതാദിനാഘോഷം സമാപിച്ചു.

English Summary:

A Great Start to the Kerala Association of Nashville Women's Forum

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com