ADVERTISEMENT

 ഫോമായുടെ സാമ്പത്തിക അച്ചടക്കത്തിനും സുതാര്യതയ്ക്കും സാമൂഹികക്ഷേമ പരിപാടികള്‍ക്കും ക്രിയാത്മകമായ പിന്തുടര്‍ച്ചയുണ്ടാകുമെന്ന് സംഘടനയുടെ 2024-26 ഭരണസമിതിയിലേക്ക് മത്സരിക്കുന്ന ട്രഷറര്‍ സ്ഥാനാര്‍ഥി ബിനൂബ് ശ്രീധരന്‍ പറഞ്ഞു. സംഘടനയുടെ മുന്‍ ട്രഷററും നിലവില്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായ തോമസ് റ്റി. ഉമ്മന്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കിയ ജനകീയ സാമ്പത്തിക നയങ്ങള്‍ക്ക് കരുത്തു പകരുകയാണ് തന്റെ ലക്ഷ്യമെന്ന് ബിനൂബ് വ്യക്തമാക്കി. 

അനുകരണീയമായ സേവന മികവുകൊണ്ടും പ്രശംസാവഹമായ നേതൃപാടവം കൊണ്ടും ഫ്‌ളോറിഡ മലയാളി സമൂഹത്തില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ബിനൂബ് ശ്രീധരന്‍ സൗത്ത് വെസ്റ്റ് ഫ്‌ളോറിഡ മലയാളി അസോസിയേഷനിലൂടെയാണ് പ്രവാസി ഭൂമിയിലെ തന്റെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. 

2006-07 കാലഘട്ടത്തില്‍ ബിനൂബ് ശ്രീധരന്‍ ഉള്‍പ്പെടെയുള്ള മലയാളികള്‍ ചേര്‍ന്നാണ് സൗത്ത് വെസ്റ്റ് ഫ്‌ളോറിഡ മലയാളി അസോസിയേഷന്‍ രൂപീകരിച്ചത്. 2020-22, 2022-23 കാലഘട്ടങ്ങളില്‍ തുടര്‍ച്ചയായി രണ്ടു വട്ടം തന്റെ മാതൃസംഘടനയുടെ പ്രസിഡന്റായി ബിനൂബ് പ്രവര്‍ത്തിച്ചു. നിരവധി ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ജീവകാരുണ്യ സംരംഭങ്ങള്‍ക്കും നേതൃത്വം നല്‍കിക്കൊണ്ട് ജനപക്ഷമുഖമുള്ള സാമൂഹിക ഇടപെടലുകള്‍ ബിനൂബ് ശ്രീധരന്‍ നടത്തി. ഫോമായുടെ ചരിത്രത്തിലെ ശ്രദ്ധേയമായ കാലഘട്ടം എന്നു വിശേഷിപ്പിക്കപ്പെടുന്ന 2020-22-ല്‍ അനിയന്‍ ജോര്‍ജ് പ്രസിഡന്റായിരുന്ന അവസരത്തില്‍ ഫോമായുടെ നാഷനല്‍ കമ്മറ്റി മെമ്പറായി പ്രവര്‍ത്തിച്ച് മികവു തെളിയിച്ച പാരമ്പര്യവുമായാണ് ബിനൂബ് ശ്രീധരന്‍ ട്രഷറര്‍ സ്ഥാനത്തേക്ക് ജനവിധി തേടുന്നത്. 

സൗത്ത് വെസ്റ്റ് ഫ്‌ളോറിഡ മലയാളി അസോസിയേഷന്റെ രൂപീകരണത്തിനു ശേഷം രണ്ടു വട്ടം സംഘടനയുടെ പ്രസിഡന്റായി. നിലവില്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ ആയി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഇദ്ദേഹം പ്രസിഡന്റായിരുന്ന സമയം കോവിഡ് കാലഘട്ടം കൂടിയായിരുന്നതിനാല്‍ നിരവധി സമാശ്വാസ പരിപാടികള്‍ സമൂഹത്തിനു വേണ്ടി നിര്‍വഹിക്കുവാന്‍ സാധിച്ചു. 

ബിനൂബ് ശ്രീധരന്‍.
ബിനൂബ് ശ്രീധരന്‍.

2017-18 കാലഘട്ടത്തിലാണ് ബിനൂബ് ശ്രീധരന്‍ ഫോമായിലെത്തുന്നത്. അന്നു മുതല്‍ സംഘടനയോട് ചേര്‍ന്ന് നില്‍ക്കുന്നു. സണ്‍ഷൈന്‍ റീജിയന്റെ നാഷനല്‍ കമ്മറ്റി മെമ്പറായി പ്രവര്‍ത്തിക്കുമ്പോള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഗതിവേഗം നല്‍കാന്‍ ശ്രമിച്ചു. ഒട്ടേറെ കലാ-സാംസ്‌കാരിക പരിപാടികളും കായിക മത്സരങ്ങളും സംഘടിപ്പിച്ചു. സണ്‍ഷൈന്‍ റീജിയന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഒരു സുവനീറും പുറത്തിറക്കാന്‍ പറ്റിയതില്‍ ചാരിതാര്‍ഥ്യമുണ്ടെന്ന് ബിനൂബ് പറഞ്ഞു. 

ഫോമായുടെ ബൈലോ പ്രകാരം നാഷനല്‍ കമ്മറ്റിയില്‍ ഇരിക്കുകയും അതോടൊപ്പം തന്നെ ലോക്കല്‍ അസോസിയേഷന്റെ പ്രസിഡന്റിന്റെ പ്രവര്‍ത്തന കാലാവധി പൂര്‍ത്തിയാക്കുകയും ചെയ്ത വ്യക്തികള്‍ക്കു മാത്രമേ ഇപ്പോള്‍ ദേശീയ ഭരണസമിതിയിലേക്ക് മത്സരിക്കാന്‍ യോഗ്യതയുള്ളു. പ്രസിഡന്റായി മത്സരിക്കുന്ന തോമസ് റ്റി. ഉമ്മന്റെ ആശീര്‍വാദത്തോടെയാണ് താനെത്തുന്നത് എന്ന് ബിനൂബ് പറഞ്ഞു.  തോമസ് റ്റിയുടെ ടീമില്‍ ഒരംഗമായി പ്രവര്‍ത്തിക്കുന്നത് തന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും സന്തോഷമുള്ള കാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഫോമായെ ഒരു മില്ല്യന്‍ ഡോളറിലധികം വരുമാനമുള്ള സംഘടനയാക്കി മാറ്റിയ തോമസ് ടി. ഉമ്മന്റെ പാനല്‍ മാതൃകാപരമായ പെരുമാറ്റ സംഹിതയിലൂടെ അമേരിക്കന്‍ മലയാളികളുടെ ഫെഡറേഷന്റെ തലപ്പത്തേയ്ക്ക് എത്തുകയാണ്. 

'ഒരു ബിസിനസ് ഗ്രൂപ്പിന്റെ ഉടമയെന്ന നിലയില്‍ മില്ല്യണ്‍ കണക്കിന് ഡോളര്‍ കൈകാര്യം ചെയ്യേണ്ട ഉത്തരവാദിത്വം എനിക്കു തന്നെയാണ്. ആ ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റിന്റെ വിജയം കണ്ടിട്ടാകണം ഇത്തരം കാര്യങ്ങളില്‍ കണിശക്കാരനായ തോമസ് റ്റി. ഉമ്മന്‍ എനിക്ക് ഈ അവസരം തന്നത്.' നിലവിലെ സാഹചര്യത്തില്‍ ഫോമായുടെ നേട്ടങ്ങള്‍ നിലനിര്‍ത്താനും പുതിയ മേഖലകള്‍ വെട്ടിപ്പിടിക്കാനും ജനകീയ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കാനും പറ്റിയ ഏറ്റവും മികച്ച ടീമാണിത്. സംഘടനാ രംഗത്ത് പതിറ്റാണ്ടുകളോളം പയറ്റിത്തെളിഞ്ഞ വ്യക്തിത്വവും ഫോമായ്ക്ക് ശക്തമായ ഒരു അടിത്തറ ഉണ്ടാക്കുന്നതില്‍ നിര്‍ണ്ണായക പങ്കാളിത്തം വഹിക്കുകയും ചെയ്ത തോമസ് റ്റി ഉമ്മന്റെ മനസ്സില്‍ നിരവധി സ്വപ്ന പദ്ധതികള്‍ ഉണ്ട്. അത് യാഥാര്‍ഥ്യമാക്കുവാന്‍ അദ്ദേഹത്തോടൊപ്പം തോളോടുതോള്‍ ചേര്‍ന്ന് നില്‍ക്കുക എന്നതാണ് തന്റെയും ആഗ്രഹമെന്ന് ബിനൂബ് പറയുന്നു.

അമേരിക്കന്‍ മലയാളി സമൂഹത്തിലെ ഊര്‍ജ്വസ്വലനായ സംഘടനാ നേതാവ് തോമസ് റ്റി. ഉമ്മന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായിട്ടുള്ള 'റ്റീം ഫോമാ' പാനലിലാണ് ബിനൂബ് ശ്രീധരന്‍ ട്രഷററായി മല്‍സരിക്കുന്നത്. സാമുവേല്‍ മത്തായി (ജനറല്‍ സെക്രട്ടറി), സണ്ണി കല്ലൂപ്പാറ (വൈസ് പ്രസിഡന്റ്), ഡോ. പ്രിന്‍സ് നെച്ചിക്കാട്ട് ഡി.ബി.എ (ജോയിന്റ് സെക്രട്ടറി), അമ്പിളി സജിമോന്‍ (ജോയിന്റ് ട്രഷറര്‍) എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍.   

ബിനൂബ് ശ്രീധരന്‍ ആലപ്പുഴ ജില്ലയുടെ വടക്കേ അറ്റത്തുള്ള എഴുപുന്ന എന്ന കൊച്ചു ഗ്രാമത്തിലാണ് ജനിച്ചത്. പനയ്ക്കാംതറ ശ്രീധരന്‍-തുളസി ദമ്പതികളുടെ പുത്രനായ ഇദ്ദേഹം പഠനത്തിനു ശേഷം കുടുംബ ബിസിനസില്‍ മുഴുകിയിരിക്കുമ്പോഴാണ് അമേരിക്കയില്‍ എത്തുന്നത്. ഇപ്പോള്‍ എം.ഡി ചെയ്തുകൊണ്ടിരിക്കുന്ന തിരുവല്ല സ്വദേശി ഡോ. ശ്രീജയാണ് ഭാര്യ. പത്താം ക്ലാസില്‍ പഠിക്കുന്ന ഹിരണ്‍, ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ ഹേമന്ത് എന്നിവര്‍ മക്കള്‍. ബിനൂബിന്റെ കുടുംബം പോട്ട് ഷാര്‍ലെറ്റില്‍ താമസിക്കുന്നു.

English Summary:

Binub Sreedharan FOMAA Treasurer Candidate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com