ADVERTISEMENT

അടൂര്‍/ന്യൂയോർക്ക് ∙ അമേരിക്കന്‍ പ്രവാസി മലയാളിയും സംഘടനാ പ്രവര്‍ത്തകനുമായ ശ്രീകുമാര്‍ ഉണ്ണിത്താന്റെ 'നൊമ്പരങ്ങളുടെ പുസ്തകം' സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രകാശനം ചെയ്തു. ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ആദ്യ പതിപ്പ് ഏറ്റുവാങ്ങി. ഭാര്യ ഉഷയുടെ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുന്ന കുറിപ്പുകളുടെ സമാഹാരം ജീവിതാനുഭവങ്ങളുടേയും വേര്‍പാടിന്റെ ദുഃഖങ്ങളുടേയും ആകെ തുകയാണെന്ന്  അടൂര്‍ പറഞ്ഞു. വേദനയെ എഴുത്ത് ഏറ്റെടുത്ത കാഴ്ചയാണ് ഇത്. പ്രവാസ ജീവിതത്തിനിടയിലും മലയാളവും എഴുത്തും കൈവിടുന്നില്ല എന്നതാണ് പ്രധാനം. ഇത് ശ്രീകുമാറിന്റെ ആദ്യ പുസ്തകം ആകട്ടെ എന്ന് ആശംസിക്കുന്നു. അതിനര്‍ത്ഥം ഇനിയും കൂടുതല്‍ എഴുതണമെന്നാണ്. അടൂര്‍ പറഞ്ഞു.

sreekumar-unnithans-book-release1

ക്യാന്‍സര്‍ മൂലം അകാലത്തില്‍ പൊലിഞ്ഞ ഭാര്യയുടെ ശൂന്യത സൃഷ്ട്രിച്ച നിസ്സഹായത ശ്രീകുമാര്‍ കുറിക്കുമ്പോഴും' നൊമ്പരങ്ങളുടെ പുസ്തകം' ജീവിതത്തെ നേരിടാനുള്ള ആത്മവിശ്വസവും പകരുന്നു'. അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

sreekumar-unnithans-book-release3

ശ്രീകുമാര്‍ ഉണ്ണിത്താന്‍ എഴുത്തുകാരന്‍ കൂടി ആണെന്ന് അറിയുന്നത് അമേരിക്കയില്‍ എത്തുമ്പോഴാണ് എന്ന് ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അന്ന് അദ്ദേഹത്തിന്റെ ആതിഥേയത്വം സ്വീകരിച്ച് ന്യൂയോര്‍ക്കിലെ വീട്ടില്‍ കഴിയുമ്പോള്‍ ഉഷ ഉണ്ണിത്താന്‍ നല്‍കിയ കരുതലുകള്‍ മറക്കാനാവില്ല. പക്ഷെ നിര്‍ഭാഗ്യവശാല്‍ ആ വ്യക്തിത്വത്തെക്കുറിച്ചുള്ള പുസ്തകം ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. ഈ പുസ്തകം ഒരു അനുഭവം കൂടിയാണ്. എങ്ങനെയാണ് നമ്മള്‍ മുന്നോട്ട് പോകേണ്ടത് എന്ന പാഠം നമുക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

sreekumar-unnithans-book-release2

ശ്രീകുമാര്‍ ഉണ്ണിത്താന്‍ തന്നിലേക്കു തന്നെയുളള സഞ്ചാരമാണ് നടത്തിയിരിക്കുന്നതെന്ന് പുസ്തകത്തെ പരിചയപ്പെടുത്തിക്കൊണ്ട് നിരൂപകന്‍ പ്രദീപ് പനങ്ങാട് പറഞ്ഞു. ദീര്‍ഘകാലത്തെ പ്രാവാസ ജീവിതമുണ്ടങ്കിലും ഭാഷ ഇപ്പോഴും കൂടെയുണ്ട്. തെളിമയോടെ, വ്യക്തതയോടെ, ഓരോ കുറിപ്പും എഴുതിയിരിക്കുന്നു. മനസ്സില്‍ നൊമ്പരവും കാരുണ്യവും അത് സൃഷ്ടിക്കുന്നു. ശ്രീകുമാറിന് എഴുത്തിലൂടെ ഇനിയും മുന്നോട്ട് സഞ്ചരിക്കാന്‍ കഴിയും. പനങ്ങാട് പറഞ്ഞു.

മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായുള്ള ശ്രീകുമാര്‍ ഉണ്ണിത്താന്റെ വളര്‍ച്ച അടുത്തുനിന്ന് കാണാന്‍ സാധിച്ചതില്‍ അഭിമാനം തോന്നുന്നതായി ജന്മഭൂമി ന്യൂസ് എഡിറ്ററും കേരളസര്‍വകലാശാല സെനറ്റ് അംഗവുമായ പി. ശ്രീകുമാര്‍ പറഞ്ഞു.

കുട്ടിക്കാലം മുതല്‍ സുഹൃത്തായ  ശ്രീകുമാര്‍ ഉണ്ണിത്താന്റെ പുസ്തകം നിരവധി ഓര്‍മ്മകളാണ് സമ്മാനിക്കുന്നതെന്ന് ഡോ. മണക്കാല ഗോപാലകൃഷ്ണന്‍ സൂചിപ്പിച്ചു. ശ്രീകുമാറില്‍ നിന്ന് കൂടുതല്‍ പുസ്തകങ്ങള്‍ ഉണ്ടാകട്ടെ എന്ന്  മുന്‍ ദേവസ്വം ബോര്‍ഡ് അംഗം അഡ്വ. കെ. എസ്. രവി ആശംസിച്ചു. അമേരിക്കയിലെ പ്രവാസി മലയാളികള്‍ക്കെല്ലാം ഇഷ്ടപ്പെട്ട പി ആര്‍ ഒ ആണ് ശ്രീകുമാര്‍ ഉണ്ണിത്താനെന്ന് ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് അംഗവും മുന്‍ ജനറല്‍ സെക്രട്ടറിയുമായ ഡോ. സജിമോന്‍ ആന്റണി പറഞ്ഞു. അധ്യക്ഷം വഹിച്ച സുരേഷ് ബാബുവും സ്വാഗതമോതിയ വേണുഗോപാലും ശ്രീകുമാറുമായുള്ള വര്‍ഷങ്ങൾ നീണ്ട കൂട്ട് അനുസ്മരിച്ചു.

ജോലിയും എഴുത്തും സംഘടനാ പ്രവര്‍ത്തനവുമായി മുന്നോട്ടു പോകുമ്പോളാണ് അര്‍ബുദം എന്ന മഹാരോഗം ജീവവിതത്തെ മാറ്റി മറിച്ചത്. ഉഷ ജീവിതത്തോട് ധീരമായി പോരാടി. പക്ഷേ പരാജയപ്പെട്ടു. ഓര്‍മ്മകളുടെ തീരത്തുകൂടിയാണ് ഇപ്പോള്‍ സഞ്ചരിക്കുന്നത്. സ്‌നേഹത്തിന്റെ നിലാവ് ഇപ്പോഴും കൂടെയുണ്ട്. ഒരോ കുറിപ്പ് എഴുതുമ്പോഴും ആ സാന്നിധ്യം ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. മറുപടി പ്രസംഗത്തില്‍ ശ്രീകുമാര്‍ ഉണ്ണിത്താന്‍ പറഞ്ഞു. ഉഷാ ഉണ്ണിത്താന്റെ ഓര്‍മ്മകള്‍ തങ്ങി നിന്ന വൈകാരികമായ ചടങ്ങു കൂടിയായി മാറിയ പ്രകാശന സദസ്സില്‍ ശ്രീകുമാര്‍ ഉണ്ണിത്താന്റെ ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു.

English Summary:

Sreekumar Unnithan's 'Book release by Adoor Gopalakrishnan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com