ഫൊക്കാന 2024-ലെ സാഹിത്യ സമ്മേളനത്തിന്റെ കമ്മിറ്റി നിലവിൽ വന്നു
Mail This Article
വാഷിങ്ടൻ ഡി സി ∙ 2024 ജൂലൈ 18 മുതൽ 20 വരെ നോർത്ത് ബെഥെസ്ഡയിലെ മോണ്ട്ഗോമറി കൗണ്ടി കോൺഫറൻസ് സെന്ററിൽ (Bethesda North Marriott Hotel & Conference Center, 5701 Marinelli Rd, Rockville, MD 20852) നടക്കുന്ന ഫൊക്കാനയുടെ 21-ാമത് ദേശീയ കൺവൻഷനോടനുബന്ധിച്ചുള്ള സാഹിത്യ സമ്മേളനത്തിന്റെ കമ്മിറ്റി നിലവിൽ വന്നു.
ഫൊക്കാന നാഷണൽ കമ്മിറ്റി മെമ്പറും, സാഹിത്യ പുരസ്ക്കാര കമ്മിറ്റിയുടെ കോഓര്‍ഡിനേറ്ററുമായ ഗീതാ ജോര്‍ജ് കോഓർഡിനേറ്ററും, ബെന്നി കുര്യൻ കോ-കോർഡിനേറ്ററും ആയുള്ള സാഹിത്യ സമ്മേളന കമ്മിറ്റിയുടെ ചെയർമാൻ ജെയിംസ് കുരീക്കാട്ടിലാണ്. കോ-ചെയർമാന്മാര്‍ സാഹിത്യകാരന്മാരായ മുരളി ജെ നായർ, അനിലാൽ ശ്രീനിവാസൻ, കോരസൺ വർഗീസ് എന്നിവരാണ്.
ഫൊക്കാനയിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന ഗീത ജോർജ് ഫൊക്കാനയുടെ നിരവധി പരിപാടികളുടെ കോഓര്‍ഡിനേറ്റർ കൂടിയാണ്. കാലിഫോര്‍ണിയയിലെ ഐ ടി. മേഖലയില്‍ പ്രവർത്തിക്കുന്ന ഗീത മ്പ്യൂട്ടര്‍ രംഗത്ത് സ്വന്തമായ പേറ്റന്റുകളുള്ള അപൂര്‍വ്വം ചില മലയാളി വനിതകളില്‍ ഒരാളാണ്. അമേരിക്കൻ മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന എഴുത്തുകാരനും എഡിറ്ററുമാണ് ബെന്നി കുര്യൻ. നവമാധ്യമങ്ങളിലൂടെ നിരവധി ചെറുകഥകളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട് ബെന്നി.
ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ബി.എഡും നേടി അധ്യാപകനായി 15 വർഷത്തെ സേവനത്തിന് ശേഷം അമേരിക്കയിലേക്ക് കുടിയേറിയ വ്യക്തിയാണ് ജെയിംസ് കുരീക്കാട്ടിൽ. ഫിസിക്കൽ തെറാപ്പിയിൽ അസ്സോസിയേറ്റ് ഡിഗ്രി നേടിയതിന് ശേഷം ഇപ്പോൾ സെലക്ട് റീഹാബിലിറ്റേഷന് വേണ്ടി ജോലി ചെയ്യുന്നു. ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്, ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക എന്നീ സഘടനകളിൽ പ്രവർത്തിക്കുന്നു. റിയാദ് ഡെയ്‌ലി പത്രത്തിന്റെ ജിദ്ദ ലേഖകനായിരുന്നു മുരളി ജെ. നായർ. കഴിഞ്ഞ മുപ്പതുവർഷങ്ങളായി അമേരിക്കയിൽ അഭിഭാഷകനാണ്. ഇപ്പോൾ ഫിലഡൽഫിയയിൽ സ്വന്തമായി നിയമസ്ഥാപനം നടത്തുന്നു.
നവി മുംബയിയിലെ എൻ.വൈ.എസ്.എസ്. കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അനിലാൽ ശ്രീനിവാസൻ . ഇപ്പോൾ നോക്കിയ നെറ്റ്‌വർക്സിൽ ജോലി ചെയ്യുന്നു. ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും കഥ, യാത്രാക്കുറിപ്പുകൾ, അനുഭവം/ഓർമ്മ എന്നീ വിഭാഗങ്ങളിൽ എഴുതുന്നു. കോരസൺ വർഗീസ് ന്യൂയോർക്ക് നസ്സോ കൗണ്ടി ഗവണ്മെന്റില്‍ ഇൻഡിപെൻഡന്റ് ബജറ്റ് റിവ്യൂ സീനിയർ അനാലിസ്റ്റ് ആയി പ്രവർത്തിച്ചിട്ടുണ്ട്. കാൽനൂറ്റാണ്ടായി ന്യൂയോർക്ക് സിറ്റി സർക്കാരിൽ ഫിനാൻസ് മാനേജർ ആയി ജോലി ചെയ്യുന്നു. മനോരമ ഓൺലൈൻ ഉൾപ്പടെ വിവിധ മാധ്യമങ്ങളിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ: www.fokanaonline.org എന്ന വെബ്സൈറ്റിലും, നവമാധ്യമങ്ങളിലും, എല്ലാ പ്രിന്റ്-ഓൺലൈൻ മലയാളം വെബ് പോർട്ടലുകളിലും പ്രസിദ്ധപ്പെടുത്തുന്നതാണ്.