ADVERTISEMENT

ഹൂസ്റ്റണ്‍ ∙ റഷ്യന്‍ സ്വാധീനം അമേരിക്കന്‍ രാഷ്ട്രീയത്തിൽ ശക്തമാകുന്നതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ആരോപിച്ചു. ഈ ആരോപണം യുഎസില്‍ വലിയ വിവാദത്തിനാണ് തിരികൊളുത്തിയിക്കുന്നത്. യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ സഖ്യകക്ഷികളുടെ പിന്തുണയോടെ യുക്രെയ്‌നിന് മുന്നില്‍ വച്ച ഒരു സമാധാന കരാറാണ് സെലന്‍സ്‌കി വെളിപ്പെടുത്തിയിരിക്കുന്നത്. ചില മേഖലകള്‍ വിട്ടുകൊടുത്ത് യുദ്ധം അവസാനിപ്പിക്കാനുള്ള നിര്‍ദേശമാണ് തനിക്കു മുന്നില്‍ എത്തിയതെന്നാണ് സെലന്‍സ്‌കി അവകാശപ്പെടുന്നത്. ഈ ആശയം താന്‍ നിരസിച്ചതായും അദ്ദേഹം പറയുന്നു. 

അതേസമയം യുക്രെയ്‌നിലേക്ക് യാത്ര ചെയ്യാന്‍ ഇടനിലക്കാര്‍ വഴി ട്രംപിനെ സ്വകാര്യമായി പ്രേരിപ്പിച്ചതായും ട്രംപ് താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും യാത്ര നടത്താന്‍ ഇതുവരെ തയാറായില്ലെന്നും സെലെന്‍സ്‌കി പറഞ്ഞു. യുദ്ധവുമായി ബന്ധപ്പെട്ട് ട്രംപിന്‍റെ നിര്‍ദ്ദേശങ്ങള്‍ കേള്‍ക്കാന്‍ താന്‍ തയ്യാറാണെന്ന് സെലെന്‍സ്‌കി പറഞ്ഞു. 

‘‘ഞങ്ങള്‍ ഞങ്ങളുടെ പ്രദേശങ്ങള്‍ ഉപേക്ഷിക്കുക എന്നതാണ് കരാര്‍ എങ്കില്‍, അതിന്‍റെ പിന്നിലെ ആശയം വളരെ പ്രാകൃതമായ ഒന്നാണ്. ശത്രുത അവസാനിപ്പിക്കുന്നതിന് പകരമായി റഷ്യയ്ക്ക് ഭൂമി വിട്ടുനല്‍കുന്ന ഏതൊരു ഇടപാടും അനുവദിക്കാനില്ല. കാരണം ഇത്തരം നീക്കം  ഭാവിയില്‍ കൂടുതല്‍ റഷ്യന്‍ അധിനിവേശ യുദ്ധങ്ങള്‍ക്ക് വഴി തുറക്കും. റഷ്യയുടെ പദ്ധതികള്‍ നടപ്പിലാക്കാന്‍ ഇടമില്ല’’ - സെലെന്‍സ്‌കി മാധ്യമങ്ങൾക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

 അഭിമുഖത്തില്‍, വേണ്ടത്ര സൈനിക സഹായം നല്‍കാത്ത പാശ്ചാത്യ സഖ്യകക്ഷികളോട് നിലപാടിനെതിരെ .സെലെൻസ്കി രംഗത്ത് വന്നു. ട്രംപ് ‌ സെലെന്‍സ്‌കിയുടെ വിമര്‍ശകനാണ്. യുക്രെയ്ന്‍ സന്ദര്‍ശിക്കാനുള്ള സെലെന്‍സ്‌കിയുടെ പൊതു ക്ഷണം ട്രംപ് മുൻപ് നിരസിച്ചിരുന്നു. യുക്രെയ്ന്‍ നേതാവിനോട് തനിക്ക് വലിയ ബഹുമാനമുണ്ടെന്നും എന്നാല്‍ ബൈഡന്‍ അമേരിക്കന്‍ നയത്തിന്‍റെ ചുമതലയായിരിക്കെ 'വിരുദ്ധ താല്‍പ്പര്യങ്ങള്‍' സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 

 യുദ്ധനയത്തില്‍ ട്രംപിനോട് വിയോജിപ്പുണ്ടെങ്കിലും, ക്രിയാത്മകമായ ഒരു പങ്കാളിത്തം കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്ന ഒരു നേതാവെന്ന നിലയില്‍ ട്രംപിനെക്കുറിച്ച് സെലെന്‍സ്‌കി ആദരവോടെയാണ് സംസാരിക്കുന്നത്. ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറിയും മുന്‍ യുകെ പ്രധാനമന്ത്രിയുമായ ഡേവിഡ് കാമറൂണ്‍ ട്രംപിനെ അദ്ദേഹത്തിന്‍റെ ഫ്ലോറിഡ എസ്റ്റേറ്റില്‍ കണ്ടതിന് തൊട്ടുപിന്നാലെയാണ് ഈ അഭിപ്രായങ്ങള്‍ വന്നത്. ട്രംപിനെ മുമ്പ് മതഭ്രാന്തനെന്ന് യുക്രെയ്ൻ പരിഹസിച്ചിരുന്നെങ്കിലും ഇത് ക്ഷമിച്ച് പിന്തുണ നല്‍കണമെന്നാണ് കാമറൂണ്‍ ട്രംപിനോട് അഭ്യര്‍ഥിച്ചിരിക്കുന്നത്. 

യുഎസ് തിരഞ്ഞെടുപ്പ് ഫലത്തിലാണ് യുക്രെയ്‌നിന്‍റെ വിധി എന്ന് നിരീക്ഷകർ വിലയിരുത്തുന്നു. റിപ്പബ്ലിക്കന്‍ നിയന്ത്രിത യുഎസ് ജനപ്രതിനിധി സഭയില്‍ യുക്രെയ്നുള്ള സഹായ പദ്ധതി കുടുങ്ങിക്കിടക്കുകയാണ്. റഷ്യന്‍ സൈന്യം യുദ്ധത്തില്‍ വിജയിച്ചാല്‍ പുടിന്‍ യുക്രെയ്ന്‍ നഗരങ്ങളെ തകര്‍ക്കുമെന്നും ലക്ഷക്കണക്കിന് ആളുകളെ കശാപ്പ് ചെയ്യുമെന്നും സെലെന്‍സ്‌കി പ്രവചിക്കുന്നു. 

പേരുകള്‍ നല്‍കാതെ, അമേരിക്കന്‍ പൗരന്മാര്‍ യുഎസ് മാധ്യമങ്ങള്‍ക്കുള്ളില്‍ റഷ്യയുടെ ജോലി ഫലപ്രദമായി ചെയ്യുന്നുണ്ടെന്ന് സെലെന്‍സ്‌കി അവകാശപ്പെട്ടു. 'അവര്‍ മാധ്യമങ്ങളിലൂടെ അവരുടെ വിവരണങ്ങള്‍ പമ്പ് ചെയ്യുന്നു. ഇവര്‍ റഷ്യന്‍ പൗരന്മാരോ റഷ്യയിലെ സ്വദേശികളോ അല്ല. അവര്‍ ചില മാധ്യമ ഗ്രൂപ്പുകളുടെ പ്രതിനിധികളാണ്, യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ പൗരന്മാര്‍. അവരാണ് മാധ്യമങ്ങളില്‍  സന്ദേശങ്ങള്‍ നല്‍കുന്നത്. -  സെലെന്‍സ്‌കി പറഞ്ഞു. 

എന്നിരുന്നാലും, അമേരിക്കന്‍ സഹായത്തിന്‍റെ ഒരു പുതിയ ഭാഗം ആത്യന്തികമായി തന്‍റെ രാജ്യത്തേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സെലെന്‍സ്‌കി പറഞ്ഞു. ആ സാധ്യതയെക്കുറിച്ച് ശുഭാപ്തിവിശ്വാസമുണ്ടോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും എന്നായിരുന്നു യുക്രെയ്‌ൻ പ്രസിഡന്‍റിന്‍റെ മറുപടി. അഭിമുഖത്തില്‍, കഴിഞ്ഞ വര്‍ഷം റഷ്യക്കെതിരെ യുക്രെയ്ന്‍ നടത്തിയ പ്രത്യാക്രമണശ്രമം 'അത്ര വിജയിച്ചില്ല' എന്ന് സെലെന്‍സ്‌കി സമ്മതിച്ചു. 'ഞങ്ങള്‍ എവിടെയാണ് ആക്രമിക്കാന്‍ പോകുന്നതെന്ന് റഷ്യക്കാര്‍ക്ക് അറിയാമായിരുന്നു' എന്ന് അദ്ദേഹം വെളിപ്പെടുത്തി. 

എന്നാല്‍ യുക്രെയ്‌നിന്‍റെ സഖ്യകക്ഷികള്‍ ചെറുത്തു നില്‍പ്പില്‍ നിന്ന് പിന്മാറുന്നത് ഗുരുതരമായ തെറ്റായിരിക്കുമെന്ന് സെലെന്‍സ്‌കി ചൂണ്ടിക്കാട്ടി. ട്രംപും കോണ്‍ഗ്രസിലെ അദ്ദേഹത്തിന്‍റെ സഖ്യകക്ഷികളും അമേരിക്കന്‍ സഹായത്തിനുള്ള പ്രാഥമിക തടസ്സമായി കാണുന്നുവെങ്കിലും, ട്രംപുമായി ബന്ധപ്പെടാന്‍ താന്‍ നിരന്തരമായ ശ്രമം നടത്തിയിട്ടുണ്ടെന്ന് സെലെന്‍സ്‌കി പറഞ്ഞു. പല ലോക നേതാക്കളും ട്രംപുമായി ഇടപഴകുന്നതിനുള്ള തന്ത്രങ്ങള്‍ രൂപപ്പെടുത്തുമ്പോള്‍, അദ്ദേഹവും സെലെന്‍സ്‌കിയും വളരെ മോശമായ ബന്ധമാണ് പുലര്‍ത്തുന്നത്. 

യുക്രെയ്‌നില്‍ ബിസിനസ്സ് നടത്തിയതിന് ബൈഡന്‍ കുടുംബത്തിലെ അംഗങ്ങളെക്കുറിച്ച് അന്വേഷണം പ്രഖ്യാപിക്കാന്‍ 2019 ല്‍ സെലന്‍സ്‌കിയെ പ്രോത്സാഹിപ്പിക്കാനുള്ള ട്രംപിന്‍റെ ശ്രമത്തില്‍ നിന്നാണ് ട്രംപിന്‍റെ ആദ്യ ഇംപീച്ച്‌മെന്‍റിന് കാരണമായ കുറ്റം ഉരുത്തിരിഞ്ഞത്. ഏതാനും മാസങ്ങളായി, യുക്രെയ്‌നിലേക്ക് വരാനും യുദ്ധം അവസാനിപ്പിക്കാന്‍ സഹായിക്കാമെന്നുമുള്ള ട്രംപിന് വാദത്തോട് അനുകൂലമായി പ്രതികരിച്ച സെലന്‍സികി മുന്‍ പ്രസിഡന്‍റിന് പരസ്യ ക്ഷണം നല്‍കിയിട്ടുമുണ്ട്. ഇതില്‍ ട്രംപിന്‍റെ പ്രതികരണം എങ്ങനെയാകും എന്നാണ് ഇനി കണ്ടറിയേണ്ടത്. 

English Summary:

Russian Invasion' in US Politics? – Volodymyr Zelenskyy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com