ഇന്ത്യന്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ അമേരിക്കയിലെ യൂണിവേഴ്‌സിറ്റികളില്‍ മാനസീകാരോഗ്യ സെമിനാറുകള്‍ സംഘടിപ്പിക്കും
Mail This Article
ഷിക്കാഗോ∙ അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (AAEIO) ഭാരവാഹികളും ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ സോമനാഥ് ഘോഷും ചേര്‍ന്ന് നടത്തിയ യോഗത്തില്‍, അമേരിക്കന്‍ യൂണിവേഴ്‌സിറ്റികളില്‍ ഇന്ത്യന്‍ വിദ്യാർഥികള്‍ക്കിടയില്‍ വർധിച്ചുവരുന്ന മരണങ്ങളെക്കുറിച്ച് വലിയ ആശങ്കയും ദുഃഖവും രേഖപ്പെടുത്തി.
വിഷയത്തിൽ കൂടുതൽ നടപടിയെടുക്കാൻ, എഎഇഐഒ പ്രസിഡന്‍റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസ് പെര്‍ഡ്യൂ യൂണിവേഴ്‌സിറ്റി സന്ദർശിച്ച് യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് ഡോ. മങ്ങ് ചിയാങ്, യൂണിവേഴ്‌സിറ്റി ഡീന്‍ ഡോ. അരവിന്ദ് രമണ്‍ എന്നിവരുമായി ചർച്ച നടത്തി. എഎഇഐഒ എന്‍ജിനീയറിങ് സ്റ്റുഡന്‍റ് ചാപ്റ്റര്‍ പ്രസിഡന്‍റ് ഗൗരവ് ചോബയും ഈ ചർച്ചയിൽ പങ്കെടുത്തു. ഇതിനെ തുടർന്ന് മെയ് മാസത്തിൽ മാനസികാരോഗ്യ സെമിനാർ നടത്താൻ തീരുമാനിച്ചു.
എഎഇഐഒ സെക്രട്ടറി നാഗ് ജയ്‌സ്വാൾ സംഘടിപ്പിച്ച ഈ യോഗത്തിൽ വൈസ് പ്രസിഡന്‍റ് നിതിൻ മഹേശ്വരി, ബോർഡ് അംഗവും നോർത്ത് ഇല്ലിനോയ് യൂണിവേഴ്‌സിറ്റിയിലെ മുൻ എന്‍ജിനീയറിങ് ഡീനുമായിരുന്ന ഡോ. പ്രമോദ് വോറ, ട്രഷറര്‍ രജ് വീന്ദര്‍ സിംഗ് മാഗോ, ദിപന്‍ മോദി, അന്‍ഗിര്‍ അഗര്‍വാള്‍, ഗൗതം റാവു എന്നിവര്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. കോണ്‍സുല്‍ ജനറല്‍ ഓഫ് ഇന്ത്യ സോദനാഥ് ഘോഷിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റെ എല്ലാ സഹായങ്ങളും സംഘടനയ്ക്ക് നല്‍കാമെന്ന് വാഗ്ദാനം ചെയ്തു.